ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിന്റെ ജി ക്ലാസ് ഉൽപ്പാദനം നാലു ലക്ഷം യൂണിറ്റ് പിന്നിട്ടതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. മെഴ്സീഡിസ് ബെൻസിന്റെ ജി ക്ലാസ് 1979ലാണ് അരങ്ങേറ്റം കുറിച്ചത്. ജി ക്ലാസിന്റെ രണ്ടാം തലമുറ മോഡൽ 2018ൽ ആണ് വിപണിയിൽ എത്തുന്നത്.

1979 ൽ ആദ്യമായി അവതരിപ്പിച്ച മെഴ്‌സിഡസ് ബെൻസ് ജി ക്ലാസ് നിലവിൽ ഓസ്ട്രിയയിലെ ഗ്രാസിലുള്ള കമ്പനിയുടെ ഉൽ‌പാദന കേന്ദ്രത്തിലാണ് നിർമ്മിക്കുന്നത്. സൈനിക സേവനമായി എത്താനാണ് ഉദ്ദേശിച്ചതെങ്കിലും സ്വകാര്യ മേഖലയിലെ താരമായി ജി ക്ലാസ്. തുടക്കത്തിൽ പ്രായോഗിക കാർ എന്ന നിലയിലാരുന്നു ജി ക്ലാസിനു സ്വീകാര്യതയെങ്കിൽ പിന്നീടത് സമ്പന്നരുടെയും പ്രശസ്തരുടെയും ഇഷ്ടവാഹനമായി. ജി ക്ലാസിന്റെ രൂപകൽപ്പന ലാഡർ ഫ്രെയിം ഷാസിയിൽ പ്രായോഗികതയ്ക്ക് ഊന്നൽ നൽകി ഏറെക്കുറെ പെട്ടിയുടെ ആകൃതിയിലാണ്. 

300,000 യൂണിറ്റ് ഉൽ‌പാദന നാഴികക്കല്ല് ബ്രാൻഡ് 2017 ല്‍ ആണ് ആഘോഷിച്ചത്. 4,00,000–ാമത് വാഹനം കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ 20 ജി ക്ലാസുകളുടെ ഉടമസ്ഥനായിരുന്ന ഉപയോക്താവിനാവും മെഴ്സീഡിസ് ബെൻസ് വിൽക്കുക എന്നാണ് സൂചന.

ഇന്ത്യയിൽ ജി 55 എ എം ജിയായി 2011ലായിരുന്നു ജി ക്ലാസ് അരങ്ങേറിയത്. പ്രകടനക്ഷമതയേറിയ വാഹനങ്ങളുടെ എ എം ജി ശ്രേണിയിൽ ഇന്ത്യയിൽ ജനപ്രീതിയാർജിച്ച മോഡലുമായി ജി ക്ലാസ്. ഇന്ത്യയിൽ ജി 63 എഎംജി, ജി 350 ഡി എന്നിവയുൾപ്പെടെ രണ്ട് വേരിയന്റുകളിലാണ് മെഴ്‌സിഡസ് ബെൻസ് ജി ക്ലാസ് വാഗ്ദാനം ചെയ്യുന്നത്. ഇക്യു സബ് ബ്രാൻഡിന്റെ ഭാഗമായ ജി ക്ലാസിന്റെ ഇലക്ട്രിക് പതിപ്പിന്‍റെ പണിപ്പുരയിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍.