Asianet News MalayalamAsianet News Malayalam

ബെന്‍സിന്‍റെ സഞ്ചരിക്കുന്ന വീട് ഇന്ത്യയിലും

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സേഡസ് ബെന്‍സിന്‍റെ വി-ക്ലാസ് മാര്‍ക്കോ പോളോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Mercedes launches luxury camper V Class Marco Polo in India
Author
Delhi, First Published Feb 11, 2020, 9:18 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സേഡസ് ബെന്‍സിന്‍റെ വി-ക്ലാസ് മാര്‍ക്കോ പോളോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ദില്ലി ഓട്ടോ എക്സ്‍പോയില്‍ മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷെവെക്, എംബിആര്‍ഡിഐ മെഴ്‌സിഡീസ്-ബെന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ മനു സാലെ എന്നിവര്‍ ചേര്‍ന്നാണ് മാര്‍ക്കോപോളോ പുറത്തിറക്കിയത്.

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത. 9ജി-ട്രോണിക് സസ്‌പെന്‍ഷന്‍ സാങ്കേതികവിദ്യ, ശക്തിയേറിയതും മികച്ചതുമായ എന്‍ജിന്‍, ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ മാര്‍ക്കോപോളോയെ വേറിട്ടുനിര്‍ത്തുന്നു. ഇന്ത്യയിലെ ആദ്യ ‘ലക്ഷ്വറി ക്യാംപര്‍’ ആയിരിക്കും വി-ക്ലാസ് മാര്‍ക്കോ പോളോ എന്നാണ് മെഴ്‌സേഡസ് പറയുന്നത്. സഞ്ചരിക്കുന്ന ചെറു വീടാണ് വി-ക്ലാസ് മാര്‍ക്കോ പോളോ.

മാര്‍ക്കോ പോളോ ഹൊറൈസണ്‍, മാര്‍ക്കോ പോളോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വാഹനം ലഭിക്കും. മാര്‍ക്കോ പോളോ ഹൊറൈസണ്‍ വേരിയന്റിന് 1.38 കോടി രൂപയും മാര്‍ക്കോ പോളോ വേരിയന്റിന് 1.46 കോടി രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. 

മെഴ്‌സേഡസ് ബെന്‍സ് വി-ക്ലാസ് മാര്‍ക്കോ പോളോയുടെ നീളം 5,370 മില്ലി മീറ്ററും വീല്‍ബേസ് 3,430 മില്ലി മീറ്ററുമാണ്. ‘കംഫര്‍ട്ടബിള്‍ ലിവിംഗ് സ്‌പേസ്’ എന്ന് വിശേഷിപ്പിക്കുന്നതാണ് കാബിന്‍. സിങ്ക് സഹിതം കിച്ചണ്‍ ടേബിള്‍, മടക്കിവെയ്ക്കാവുന്ന മേശ, കിടക്കയായി രൂപാന്തരപ്പെടുത്താവുന്ന ബെഞ്ച് സീറ്റുകള്‍, റൂഫ് ടെന്റ് എന്നിങ്ങനെ നിരവധി സ്റ്റാന്‍ഡേഡ്, ഓപ്ഷണല്‍ ഫീച്ചറുകള്‍ ലഭിക്കും.

ബിഎസ് 6 പാലിക്കുന്ന 2.2 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഇന്ത്യാ സ്‌പെക് വി-ക്ലാസ് മാര്‍ക്കോ പോളോ ക്യാംപര്‍ വാനിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 161 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7ജി-ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.

കമാന്‍ഡ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, നടുവില്‍ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ (എംഐഡി) സഹിതം വലിയ ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അറ്റന്‍ഷന്‍ അസിസ്റ്റ്, ക്രോസ്‌വിന്‍ഡ് അസിസ്റ്റ്, ഹെഡ്‌ലൈറ്റ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ആക്റ്റീവ് പാര്‍ക്കിംഗ് അസിസ്റ്റ്, 360 ഡിഗ്രി കാമറകള്‍ എന്നിവ ഫീച്ചറുകളാണ്.

വി-ക്ലാസ് വിഭാഗത്തില്‍ മാര്‍ക്കോപോളോ അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മാര്‍ട്ടിന്‍ ഷെവെക് പറഞ്ഞു. ഈ വിഭാഗത്തില്‍ ഇതൊരു മാനദണ്ഡമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാര്‍ക്കോപോളോ, മാര്‍ക്കോപോളോ ഹൊറൈസണ്‍ എന്നിവ ദീര്‍ഘദൂര യാത്രയ്ക്ക് ഏറെ അനുയോജ്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളെ സംബന്ധിച്ചിടത്തോളം ആഡംബരവും സാങ്കേതികവിദ്യയും പരസ്പരം ബന്ധപ്പെട്ടവ ആണെന്നും അത് ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് എന്നും മനു സാലെ പറഞ്ഞു. ‘ഭാവിയിലെ ഗതാഗത മാര്‍ഗങ്ങള്‍ പരിസ്ഥിതി അനുകൂലവും എല്ലാവര്‍ക്കും ലഭ്യമായതും ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഉത്പന്നങ്ങളിലൂടെ ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു മോഡലുകളുടെയും ബുക്കിങ് കമ്പനി തുടങ്ങിക്കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios