Asianet News MalayalamAsianet News Malayalam

എംജി ആസ്റ്റര്‍ ഈ വര്‍ഷം എത്തും

എം ജിയുടെ ഇലക്ട്രിക് എസ്‌‍യുവിയായ ZS EV-യുടെ പെട്രോള്‍ പതിപ്പായിരിക്കും അടുത്തതായി ഇന്ത്യന്‍ നിരത്തുകളില്‍ എത്തുക. ആസ്റ്റര്‍ എന്ന പേര് ആയിരിക്കും ഈ വാഹനത്തിന് ലഭിക്കുക.

MG Astor Launch Expected By Festive Season
Author
Mumbai, First Published Jun 27, 2021, 4:53 PM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ പുതിയൊരു മോഡല്‍ കൂടി ഇന്ത്യന്‍ നിരത്തുകളില്‍ എത്താൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എം ജിയുടെ ഇലക്ട്രിക് എസ്‌‍യുവിയായ ZS EV-യുടെ പെട്രോള്‍ പതിപ്പായിരിക്കും അടുത്തതായി ഇന്ത്യന്‍ നിരത്തുകളില്‍ എത്തുക. ആസ്റ്റര്‍ എന്ന പേര് ആയിരിക്കും ഈ വാഹനത്തിന് ലഭിക്കുക. ഈ വാഹനം ഈ വരുന്ന ഉത്സവ സീസണില്‍ രാജ്യത്ത് എത്തുമെന്നുമാണ് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2020 ജനുവരിയിലാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ വിപണിയില്‍  അവതരിപ്പിച്ചത്. ഈ മോഡലിന്‍റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പാണ് ആസ്റ്റര്‍ എന്ന പേരില്‍ എത്തുക. നിരവധി തവണ ഈ വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 

ആസ്റ്ററിന്റെ കരുത്ത് നൽകുന്നത് 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും. ഇത് യഥാക്രമം 120 ബി.എച്ച്.പി. പവറും 150 എന്‍.എം. ടോര്‍ക്കും, 163 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് നല്‍കും. ടര്‍ബോ എന്‍ജിന്‍ മോഡലില്‍ അഞ്ച് സ്പീഡ് മാനുവല്‍ സി.വി.ടി എന്നീ ഗിയര്‍ബോക്സുകള്‍ ലഭിക്കുമെന്നാണ് സൂചന.

നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍, അതിന്റെ മുന്‍ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കാഴ്ചയില്‍ ZS ഇലക്ട്രിക്കിന് സമാനമായിരിക്കും പെട്രോള്‍ പതിപ്പും. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലും എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബംമ്പറുകളും അലോയി വീലുകളും ഇലക്ട്രിക് മോഡലിലേത് തുടരും. കൂടുതല്‍ കരുത്തുറ്റ എന്‍ജിനും ശ്രേണിയില്‍ തന്നെ നല്‍കിയിട്ടില്ലാത്ത ഫീച്ചറുകളും നല്‍കിയായിരിക്കും ഈ വാഹനം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയുമായി താരതമ്യം ചെയ്യുമ്പോള്‍ കാബിന്‍ നിലവാരം കുറേക്കൂടി ഉയര്‍ന്നതായിരിക്കും. കൂടുതല്‍ സ്‌പോര്‍ട്ടിയായ ഉള്‍ഭാഗം നല്‍കിയേക്കും. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, പനോരമിക് സണ്‍റൂഫ്, പവര്‍ അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഉയര്‍ന്ന വേരിയന്റില്‍ നല്‍കും. ആറ് എയര്‍ബാഗ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിയര്‍ പാര്‍ക്കിങ്ങ് ക്യാമറ, ഇലക്ട്രിക് പാര്‍ക്ക് ബ്രേക്ക് എന്നിവ ഈ വാഹനത്തിലെ സുരക്ഷ കാര്യക്ഷമമാക്കും.

ഈ വാഹനം ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലായിരിക്കും പ്രവേശിക്കുക. കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, നിരത്തുകളില്‍ എത്താനിരിക്കുന്ന സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നീ വാഹനങ്ങളായിരിക്കും ആസ്റ്ററിന്‍റെ എതിരാളികൾ. 

ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്. നാല് വാഹനങ്ങളാണ് നിലവില്‍ എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഗ്ലോസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS തുടങ്ങിയവയാണ് എം.ജിയുടെ വാഹനനിര. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

Follow Us:
Download App:
  • android
  • ios