എംജി മോട്ടോർ ഇന്ത്യ പുതിയ കോമറ്റ് ഇവി ബ്ലാക്ക്‌സ്റ്റോം എഡിഷൻ അവതരിപ്പിക്കുന്നു. കറുത്ത പുറം കവറും ചുവന്ന ഹൈലൈറ്റുകളും ഉൾപ്പെടുന്ന സ്റ്റൈലിഷ് ഡിസൈൻ ആണ് ഇതിന്റെ പ്രത്യേകത. സ്റ്റാൻഡേർഡ് മോഡലിന്റെ സവിശേഷതകൾ നിലനിർത്തിക്കൊണ്ട് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നു.

ചൈനീസ് - ബ്രിട്ടീഷ് വാഹനന ബ്രാൻഡായ എം‌ജിയുടെ ബ്ലാക്ക്‌സ്റ്റോം പതിപ്പുകൾ വളരെ ജനപ്രിയമാണ്. കമ്പനി ഈ മോഡലുകൾക്ക് കൂടുതൽ സ്‌പോർട്ടിയും സ്റ്റൈലിഷുമായ ഒരു ലുക്ക് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ കോമറ്റ് ഇവി ബ്ലാക്ക്‌സ്റ്റോം എഡിഷൻ അവതരിപ്പിച്ചുകൊണ്ട് എംജി മോട്ടോർ ഇന്ത്യ ഒരു പുതിയ സ്‌പെഷ്യൽ എഡിഷൻ പതിപ്പ് കൂടി അവതരിപ്പിക്കാൻ പോകുന്നു . സാധാരണ കോമറ്റ് ഇവിയിൽ ഉള്ള സവിശേഷതകളെ കൂടുതൽ വിപുലീകരിക്കുന്നതായിരിക്കും ഈ പുതിയ പതിപ്പ്, എന്നാൽ കൂടുതൽ സ്റ്റൈലും ചില അധിക ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. കോമറ്റ് ഇവിയുടെ ഈ പതിപ്പ് ഇലക്ട്രിക് വാഹന വിപണിയിൽ അതിന്റെ പ്രത്യേകതയ്ക്ക് മറ്റൊരു മാനം നൽകും. 

കോമറ്റ് ഇവി ബ്ലാക്ക്‌സ്റ്റോം എഡിഷൻ പൂർണ്ണമായും കറുത്ത പുറം കവറിലാണ് നിർമ്മിക്കുന്നത്. മുൻവശത്തെ ഫെൻഡർ, വീൽ ക്യാപ്പുകൾ, ഫോഗ് ലാമ്പ് സറൗണ്ടുകൾ, സൈഡ് ക്ലാഡിംഗ് എന്നിവയിൽ വ്യക്തമായി കാണപ്പെടുന്ന ബോൾഡ് റെഡ് ഹൈലൈറ്റുകളുള്ള സ്‌പോർട്ടി ഔട്ട്‌ലൈനും ഇതിൽ ഉൾപ്പെടുന്നു. മുൻവശത്തെ ഗ്രില്ലിലും ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ ലഭിക്കും. കൂടാതെ "മോറിസ് ഗാരേജസ്" എന്ന ബ്രാൻഡ് നാമം എഴുതാൻ ശ്രദ്ധേയമായ ചുവന്ന ഫോണ്ട് ഉപയോഗിക്കും. ബ്ലാക്ക്‌സ്റ്റോം എഡിഷന്റെ പ്രത്യേക പദവിക്കായി ഫ്രണ്ട് ഫെൻഡറിൽ ഒരു പ്രത്യേക ബാഡ്‍ജും ഉൾപ്പെടുത്തും.

സ്റ്റാറി ബ്ലാക്ക് എന്നറിയപ്പെടുന്ന നിറത്തിലാണ് കോമറ്റ് ഇവി ലഭ്യമെങ്കിലും, എംജിയുടെ ബ്ലാക്ക്‌സ്റ്റോം വേരിയന്റുകളുടെ ചുവന്ന ഡീറ്റെയിലിംഗ് സവിശേഷത ബ്ലാക്ക്‌സ്റ്റോം എഡിഷനിൽ ഒരു വ്യത്യസ്തത ചേർക്കും. ഗ്ലോസ്റ്റർ , ഹെക്ടർ , ഇസഡ്എസ് ഇവി എന്നീ മറ്റ് വേരിയന്റുകളുമായി ഈ വേരിയന്റ് സമാനമാണ് . കോമറ്റ് ഇവി ബ്ലാക്ക്‌സ്റ്റോമിന്റെ ഇന്റീരിയർ മറ്റ് ബ്ലാക്ക്‌സ്റ്റോം പതിപ്പുകളെ പോലെ ആയിരിക്കാനാണ് സാധ്യത. പൂർണ്ണമായും കറുത്ത ക്യാബിനും ചുവപ്പ് നിറത്തിലുള്ള ആക്സന്റുകളും ലഭിച്ചേക്കും. സീറ്റുകളിൽ കറുത്ത ലെതറെറ്റ് തുണി ലഭിക്കാൻ സാധ്യതയുണ്ട്, അതിൽ ബ്ലാക്ക്‌സ്റ്റോം ബ്രാൻഡിംഗ് പോലും ഉൾപ്പെട്ടേക്കാം. മൊത്തത്തിൽ, എം‌ജിയുടെ ബ്ലാക്ക്‌സ്റ്റോമിന്റെ മറ്റ് മിക്ക പതിപ്പുകളെയും പോലെ, സ്റ്റൈലും സ്ലീനസും ക്യാബിൻ പ്രതിഫലിപ്പിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം കോമറ്റ് ഇവിയുടെ ബ്ലാക്ക്‌സ്റ്റോം പതിപ്പിന്റെ മൊത്തത്തിലുള്ള സവിശേഷതകൾ സ്റ്റാൻഡേർഡ് കോമറ്റ് ഇവിക്ക് സമാനമായിരിക്കും. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനിനൊപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കാം. ഡ്രൈവർ ഡിസ്‌പ്ലേ സമാനമായിരിക്കും. എയർ കണ്ടീഷനിംഗ് മാനുവൽ കൺട്രോൾ ആയിരിക്കും. ഓഡിയോയ്ക്ക് നാല് സ്പീക്കറുകൾ കാറിൽ ഉണ്ടാകും.

സ്റ്റാൻഡേർഡ് കോമറ്റ് ഇവിയുടെ അതേ 17.4 kWh പ്രിസ്‍മാറ്റിക് സെൽ ബാറ്ററിയാണ് എൺജി കോമറ്റ് ഇവി ബ്ലാക്ക്‌സ്റ്റോമിൽ ലഭിക്കുക. നഗര യാത്രയ്ക്ക് അനുയോജ്യമായ ഒറ്റ ചാർജിൽ ശരാശരി 230 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇതിന് സാധിക്കും. 41.42 bhp കരുത്തും 110 എൻഎം ടോർക്കും ആയിരിക്കും പവർ ഡെലിവറി. 

നിലവിൽ എംജിയുടെ ഏറ്റവും വിലകുറഞ്ഞ അല്ലെങ്കിൽ രാജ്യത്തെതന്നെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക്ക് കാറാണ് എംജി കോമറ്റ് ഇവി. കോമറ്റ് ഇവി ബ്ലാക്ക്‌സ്റ്റോം എഡിഷന് സാധാരണ കോമറ്റ് ഇവിയേക്കാൾ വില കൂടുമെങ്കിലും, പുതിയ മോഡലും താങ്ങാവുന്ന ന്യായമായ വിലയിൽ തന്നെ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.