Asianet News MalayalamAsianet News Malayalam

428 കിമീ മൈലേജ്, കിടിലന്‍ കാറുമായി വീണ്ടും ചൈനീസ് കമ്പനി ഇന്ത്യയിലേക്ക്!

ഈ ഡിസംബറില്‍ വാഹനം ഇന്ത്യയിലെത്തിയേക്കും

MG eZS SUV To India
Author
Mumbai, First Published Nov 7, 2019, 12:30 PM IST

ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ നിരത്തു കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലാണ് ഇപ്പോള്‍ മോറിസ് ഗാരേജ്. എംജിയുടെ രണ്ടാമത്തെ വാഹനവും ഇന്ത്യന്‍ നിരത്തിലേക്ക് എത്താനൊരുങ്ങുകയാണ്.  

എംജിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‍യുവിയായ ഇ ഇസഡ്എസാണ് കമ്പനി ഇന്ത്യയില്‍ രണ്ടാമതായി എത്തിക്കുന്നത്. ഈ ഡിസംബറില്‍ വാഹനം ഇന്ത്യയിലെത്തിയേക്കും. കഴിഞ്ഞ ദിവസം എംജി ഈ വാഹനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു.  2019 അവസാന മാസം പുറത്തിറക്കുകയും ബുക്കിങ്ങ് സ്വീകരിച്ച് തുടങ്ങുകയും ചെയ്യുമെങ്കിലും പുതുവര്‍ഷത്തിലായിരിക്കും ഈ വാഹനം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. 

ഇസഡ് എക്‌സ് എസ്.യു.വിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്.യു.വിയാണ് ഇ ഇസഡ്എസ്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയില്‍ വാഹനം അവതരിപ്പിച്ചിരുന്നു. ബ്രിട്ടണില്‍ ഇ ഇസഡ്എസ് വില്‍പ്പനയിലുണ്ട്. 19.60 ലക്ഷം രൂപയ്ക്കാണ് വാഹനം ബ്രിട്ടണില്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്. അടുത്ത വര്‍ഷമാണ് വാഹനം കമ്പനി വിപണിയിലെത്തിക്കുന്നത്. 

44.5 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിന്‍റെ ഹൃദയം. 150 എച്ച്പി കരുത്താണ് ഇതുല്‍പ്പാദിപ്പിക്കുക. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.2 സെക്കന്റുകള്‍ മാത്രം മതി. ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കും എന്നാണ് കമ്പനി പറയുന്നത്. 

അരമണിക്കൂറിനകം 80 ശതമാനം വരെ ചാര്‍ജാകുന്ന ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയും വാഹനത്തിലുണ്ടാകും. അതിവേഗ ബാറ്ററി ചാര്‍ജിങ് സാധ്യമാക്കുന്ന റാപിഡ് ചാര്‍ജിങ് സാങ്കേതികവിദ്യയ്‌ക്കൊപ്പം അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, ലെയ്ന്‍ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ ഉള്‍പ്പെട്ട എംജി പൈലറ്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സ്യൂട്ടും വാഹനത്തെ വേറിട്ടതാക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററി നിര്‍മാതാക്കളായ സിഎടിഎല്‍ ആയിരിക്കും ഈ വാഹനത്തിനുള്ള ബാറ്ററികള്‍ നിര്‍മിക്കുക. eZS അവതരിപ്പിച്ചതിന് പിന്നാലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ ആരംഭിക്കാനും എംജി പദ്ധതിയൊരുക്കുന്നുണ്ട്.

ഹ്യുണ്ടായ് കോനയാണ് ഇന്ത്യയില്‍ ഇ ഇസഡ്എക്‌സിന്‍റെ മുഖ്യ എതിരാളി. എംജി മോട്ടോര്‍ ശ്രേണിയില്‍ ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും സാങ്കേതിക തികവുള്ള കാര്‍ എന്നാണു കമ്പനി ഇ ഇസഡ്എക്‌സിനെ വിശേഷിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios