ചൈനീസ് വാഹന ബ്രാന്‍ഡായ സിയാക്കിന് കീിലുള്ള ഐക്കണിക്ക് ബ്രിട്ടീഷ് ബ്രാന്‍ഡ് എംജി മോട്ടോറിന്റെ ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വാഹനം ജി10 അനാവരണം ചെയ്തു. ദില്ലി ഓട്ടോ എക്സ്പോയിലായിരുന്നു പ്രദര്‍ശനം.

ഈ വര്‍ഷം അവസാനത്തോടെ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. സിയാക്ക് മോട്ടോര്‍ ഗ്രൂപ്പിന് കീഴിലെ മാക്‌സസ് ബ്രാന്‍ഡിലുള്ള ജി10 എംപിവിയാണ് എംജി മോട്ടോറിന്റെ ലോഗോയുമായി ഇന്ത്യയിലെത്തുന്നത്.

7, 9 സീറ്റ് വിന്യാസങ്ങളില്‍ എംജി ജി10 ലഭിക്കും. 7 സീറ്റ് വേര്‍ഷനിലെ രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ നല്‍കും. മാത്രമല്ല, 7 സീറ്റ് വകഭേദത്തിലെ രണ്ടും മൂന്നും നിര സീറ്റുകള്‍ നിരക്കിനീക്കാന്‍ കഴിയുന്നതായിരിക്കും. 3 ഭാഗങ്ങളായുള്ള പനോരമിക് സണ്‍റൂഫ്, പവര്‍ സ്ലൈഡിംഗ് റിയര്‍ ഡോറുകള്‍, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവ ചൈനയില്‍ വില്‍ക്കുന്ന മാക്‌സസ് ജി10 എംപിവിയിലെ ഫീച്ചറുകളാണ്. ഇന്ത്യാ സ്‌പെക് മോഡലില്‍ ഇതേ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. കൂടാതെ എംജിയുടെ ഐ-സ്മാര്‍ട്ട് എന്ന കണക്റ്റഡ് കാര്‍ സിസ്റ്റം കൂടി നല്‍കും.

ചൈനയില്‍ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 223 ബിഎച്ച്പി കരുത്തും 345 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായിരിക്കും. 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍-6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍, 1.9 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍-6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നീ ഓപ്ഷനുകളിലും ലഭിക്കും.

ഇന്ത്യയില്‍ കിയ കാര്‍ണിവല്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയായിരിക്കും എതിരാളികള്‍. വലുപ്പത്തിന്റെ കാര്യത്തില്‍ എംജി ജി10, കിയ കാര്‍ണിവല്‍ മോഡലുകള്‍ സമാനമാണ്. എംജി ജി10 എംപിവിയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 5,168 എംഎം, 1,980 എംഎം, 1,928 എംഎം എന്നിങ്ങനെയാണ്. 3,198 മില്ലി മീറ്ററാണ് വീല്‍ബേസ്. ഇന്ത്യയിലെ ഫുള്‍ സൈസ് എംപിവികള്‍ക്കിടയില്‍ എംജി ജി10 സ്ഥാനം പിടിക്കും.