Asianet News Malayalam

അംബാനിക്ക് സുരക്ഷയൊരുക്കാന്‍ ഇനി ചൈനീസ് വണ്ടിയും!

ബിഎംഡബ്ല്യു എക്‌സ്5 ഉള്‍പ്പെടെയുള്ള അംബാനിയുടെ അത്യാഡബംര സുരക്ഷാ വാഹന നിരയിലേക്ക് പുതിയൊരു അംഗം കൂടി

MG Gloster Luxury SUV Joins Ambani Security Convoy
Author
Mumbai, First Published Jun 27, 2021, 4:30 PM IST
  • Facebook
  • Twitter
  • Whatsapp

ഇന്ത്യയുടെ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ സുരക്ഷാ വാഹനനിര പ്രസിദ്ധമാണ്. മുമ്പുതന്നെ സര്‍ക്കാര്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചിട്ടുല്ള അംബാനി കുടുംബത്തിന് ആദ്യ കാലങ്ങളില്‍ മഹീന്ദ്ര സ്‌കോര്‍പിയോ, മാരുതി സുസുക്കി ജിപ്‌സി തുടങ്ങിയവയായിരുന്നു സുരക്ഷാ വാഹനങ്ങള്‍. എന്നാല്‍, പിന്നീടത് ആഡംബര വാഹനങ്ങള്‍ക്ക് വഴിമാറി. ഇപ്പോള്‍ അത്യാഡംബര വാഹനങ്ങളാണ് അംബാനിയുടെ സുരക്ഷ വാഹനവ്യൂഹനത്തില്‍ ഇടം നേടാറുള്ളത്. ബിഎംഡബ്ല്യു എക്‌സ്5 ഉള്‍പ്പെടെയുള്ള ഈ വാഹന നിരയിലേക്കെത്തിയ പുതിയൊരു അംഗമാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചവിഷയം. ചൈനീസ് വാഹ നിര്‍മ്മാതാക്കളായ എംജിയുടെ ഗ്ലോസ്റ്റര്‍ എസ്‍യുവിയും ഇപ്പോള്‍ അംബാനിയുടെ സുരക്ഷാ വാഹനനിരയില്‍ ഇടംപിടിച്ചതായി സിഎസ്12 എന്ന വ്‌ളോഗിനെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അംബാനിയുടെ മറ്റ് സുരക്ഷ വാഹനങ്ങള്‍ക്ക് സമാനമായി ബോഡി ഡീക്കലുകളും ബീക്കണ്‍ ലൈറ്റും സൈറണുമെല്ലാം നല്‍കിയാണ് ഗ്ലോസ്റ്ററും നിരത്തുകളില്‍ എത്തിയിട്ടുള്ളത്. അതേസമയം, വാഹനത്തില്‍ പോലീസ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പൊലീസിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ വാങ്ങിയ ഗ്ലോസ്റ്റര്‍ ആണോ, അതോ സുരക്ഷയൊരുക്കുന്ന പൊലീസ് സേനയ്ക്കായി അംബാനി തന്നെ വാങ്ങിയതാണോ എന്ന് വ്യക്തമല്ല. 

അപകടങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനത്തിന്റെ അകമ്പടിയോടെയാണ് ഗ്ലോസ്റ്റര്‍ ഇന്ത്യയില്‍ എത്തിയത്. അതുകൊണ്ട് തന്നെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ഗ്ലോസ്റ്റര്‍ ഒരുപടി മുന്നിലാണ്. ഈ ഫീച്ചറായിരിക്കാം ഗ്ലോസ്റ്ററിന് അംബാനിയുടെ സുരക്ഷ വാഹനങ്ങളില്‍ ഇടം നേടി നല്‍കിയതെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ആദ്യ ലെവല്‍ വണ്‍ ഓട്ടോണമസ് വാഹനം എന്ന ഖ്യാതിയും എം.ജി. ഗ്ലോസ്റ്ററിനായിരുന്നു. 

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സായിക്കിന്‍റെ കീഴിലുള്ള എംജി മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് ഗ്ലോസ്റ്റര്‍ എസ്‍യുവി.  2020 ഒക്ടോബര്‍ രണ്ടാം വാരമാണ് വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.  രണ്ട് ഡീസൽ എഞ്ചിനുകളുമായാണ് എംജി ഗ്ലോസ്റ്റർ വരുന്നത്. ആദ്യ രണ്ട് വേരിയന്റുകളിൽ 2.0 ലിറ്റർ ടർബോ എഞ്ചിൻ 163 bhp കരുത്തും 375 Nm torque ഉം വികസിപ്പിക്കുന്നു. സൂപ്പര്‍, ഷാര്‍പ്പ്, സ്‍മാര്‍ട്ട്, സാവി എന്നീ നാല് വേരിയന്റുകളിലാണ് എംജി ഗ്ലോസ്റ്ററിന്റെ വരവ്. രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളടക്കം 6-സീറ്റ് കോൺഫിഗറേഷനിൽ സ്മാർട്ട്, സാവി പതിപ്പുകൾ ലഭ്യമാണ്. സൂപ്പർ വേരിയന്റ് രണ്ടാം നിരയിൽ ബെഞ്ച് സീറ്റിംഗുള്ള 7-സീറ്റ് കോൺഫിഗറേഷനിൽ ലഭിക്കൂ. ഷാർപ് പതിപ്പ് 6 അല്ലെങ്കിൽ 7 സീറ്റർ കോൺഫിഗറേഷനിൽ വാങ്ങാം.

എസ്എഐസിയുടെ ഉപബ്രാൻഡായ മാക്‌സസിൻറെ D90 എസ്‌യുവി റീബാഡ്ജിങ് ചെയ്ത് ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഗ്ലോസ്റ്ററായെത്തുന്നത്. പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, 12.3 ഇഞ്ച് എച്ച്.ഡി ടച്ച് സ്‌ക്രീന്‍ എന്റര്‍ടെയിന്‍മെന്റ് സിസ്റ്റം, എട്ട് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്ന് സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. 70 കണക്ടഡ് കാര്‍ ഫീച്ചറുകളാണ് ഗ്ലോസ്റ്ററില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 

അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഹാൻഡ് ഫ്രീ പാർക്കിംഗ്, ലൈൻ അസിസ്​റ്റ്​ ​തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിനുണ്ടാകും. അടുത്ത തലമുറ ഓട്ടോമോട്ടീവ് ടെക്നോളജികളാണ് വാഹനത്തിൽ അവതരിപ്പിക്കുന്നത്. വോൾവോ, ജീപ്പ് ചെറോക്കി തുടങ്ങിയ വാഹനങ്ങളിൽ കാണുന്ന ഫ്രണ്ട് കൊളിഷൻ ഡിറ്റക്ഷൻ സിസ്റ്റം, ബെൻസിലും ലാൻഡ് റോവറുകളിലും കാണുന്ന അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ സിസ്റ്റം, ഓട്ടോ പാർക്കിങ് തുടങ്ങി ലക്ഷ്വറി സെഗ്മെന്റുകളിൽ മാത്രം കാണുന്ന ഫീച്ചറുകളും വാഹനത്തിലുണ്ടാകും. 

ഇതുവരെ ഈ ശ്രേണിയില്‍ ആരും നല്‍കിയിട്ടില്ലാത്ത സാങ്കേതികവിദ്യകളും ഫീച്ചറുകളുമായാണ് ഈ വാഹനം എത്തുന്നത്.  ഈ വാഹനത്തെ മറ്റ് എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിലെ അഡ്വാന്‍സ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ്. അപകടം മുന്‍കൂട്ടി മനസിലാക്കി ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് അഡ്വാന്‍സ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എഡിഎഎസ്) ഇത് വാഹനത്തില്‍ തന്നെ ബാഡ്‍ജ് ചെയ്‍തിട്ടുണ്ട്. 

സായിക്കിന്റെ കീഴിലുള്ള മാക്സസിന്റെ ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പിനൊപ്പം വലിയ ഹെക്‌സഗണല്‍ ഗ്രില്‍, ബമ്പറിലെ സ്‌കിഡ്‌പ്ലേറ്റ്, ഇരട്ടനിറമുള്ള പതിനേഴിഞ്ച് അലോയ് വീലുകള്‍ എന്നിവയും മാക്‌സസ് ഡി90-യില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണ്.  മറ്റുവാഹനങ്ങളെ വെല്ലുവിളിക്കുന്ന ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു പ്രത്യേകത. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലിമീറ്റർ വീൽബേസും ആണ് വാഹനത്തിന്റെ അളവുകൾ. 

അതേസമയം ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗാണ് അംബാനിയുടെ സുരക്ഷ വാഹന വ്യാഹനത്തിലെ ഏറ്റവും വിലയുള്ള മോഡലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം കവചിത വാഹനങ്ങളില്‍ റേഞ്ച് റോവറും ഉപയോഗിക്കുന്നുണ്ട്. 36 സുരക്ഷ ഉദ്യോഗസ്ഥരാണ് മുകേഷ് അംബാനിക്കൊപ്പമുള്ളത്. ബിഎംഡബ്ല്യു X5, ടൊയോട്ട ഫോര്‍ച്യൂണര്‍ വരെയുള്ള വാഹനങ്ങളും ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.  അദ്ദേഹത്തിന്റെ സുരക്ഷ സേനയിലുള്ള സി.ഐ.എസ്.എഫ്. വിഭാഗത്തിനായാണ് ഈ ആഡംബര എസ്.യു.വി. എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ഈ വര്‍ഷം ആദ്യം അംബാനിക്ക് സുരക്ഷയൊരുക്കുന്നതിനായി വാങ്ങിയ ഏറ്റവും പുതിയ വാഹനങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മെഴ്‌സിഡസ് ബെന്‍സിന്റെ കരുത്തന്‍ എസ്‍യുവി ജി 63 എ.എം.ജിയാണ് 2021 ജനുവരിയില്‍ മുകേഷ് അംബാനിയുടെ അകമ്പടി വാഹനത്തില്‍ പുതുതായി എത്തിയത്. ഒന്നിന് എകദേശം 2.5 കോടി രൂപയോളം വില വരുന്ന പുതിയ നാലു ബെൻസ് ജി 63 എഎംജി എസ്‌യുവികളാണ് സുരക്ഷഭടന്മാർക്കായി അംബാനി വാങ്ങിയത്.  ഈ നിരയിലേക്കാണ് ഇപ്പോള്‍ എംജി മോട്ടോഴ്‌സിന്റെ ഗ്ലോസ്റ്ററും എത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

Follow Us:
Download App:
  • android
  • ios