Asianet News MalayalamAsianet News Malayalam

ആ ചൈനീസ് ഭീമന്‍ ഇന്ത്യയിലെത്തുക ന്യൂജന്‍ ഓട്ടോമാറ്റിക്ക് വിദ്യകളോടെ!

ഗ്ലോസ്റ്റർ പ്രീമിയം എസ്‌യുവിയുടെ ആദ്യ ഔദ്യോഗിക ടീസർ വീഡിയോ പങ്കുവച്ചിരിക്കുകയാണ് എം‌ജി മോട്ടോർസ്.

MG Gloster Teaser Video Revealed
Author
Mumbai, First Published Aug 13, 2020, 3:46 PM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള എംജിയുടെ ഇന്ത്യയിലെ നാലാമത്തെ മോഡലായ ഗ്ലോസ്റ്ററിനെ പറ്റി കേട്ടുതുടങ്ങിയിട്ട് കുറച്ചുനാളായി. ഇപ്പോഴിതാ  ഗ്ലോസ്റ്റർ പ്രീമിയം എസ്‌യുവിയുടെ ആദ്യ ഔദ്യോഗിക ടീസർ വീഡിയോ പങ്കുവച്ചിരിക്കുകയാണ് എം‌ജി മോട്ടോർസ്. "നെക്സ്റ്റ്-ജെനറേഷൻ ഓട്ടോമോട്ടീവ് ടെക്നോളജി" എന്ന ടാഗ്‌ ലൈനോടുകൂടിയാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്. പുതുതലമുറ ഓട്ടോമാറ്റിക് സാങ്കേതികവിദ്യയുടെ അകമ്പടിയോടെയാണ്‌ പുതിയ എസ്‌യുവി എത്തുന്നതെന്നാണ് ടീസറില്‍ നല്‍കിയിട്ടുള്ള സൂചന. 

എം‌ജിയുടെ ഇതുവരെയുള്ള ഇന്ത്യയിലെ പ്രയാണവും വരാനിരിക്കുന്ന ഏഴ് സീറ്റർ ഫുൾ സൈസ് എസ്‌യുവിയും വീഡിയോ ടീസറില്‍ കമ്പനി വരച്ചുകാട്ടുന്നു. ഓട്ടോമോട്ടീവ് ബ്രേക്കിംഗ്, കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം തുടങ്ങി നിരവധി പുതുതലമുറ സാങ്കേതികവിദ്യകളോടെയാണ് പുതിയ ഗ്ലോസ്റ്റർ വരുന്നതെന്ന് എംജി പുറത്തിറക്കിയ ഈ വീഡിയോ വ്യക്തമാക്കുന്നു. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച എംജി ഗ്ലോസ്റ്റർ ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിച്ചേക്കും. അഞ്ച് മീറ്ററിലധികം നീളം അളക്കുന്ന ഗ്ലോസ്റ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ എംജി മോട്ടോർസിന്റെ മുൻനിര മോഡലായാണ്  സ്ഥാനംപിടിക്കുക. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ എം‌ജി മോട്ടോഴ്‍സ് അവതരിപ്പിച്ച ഈ ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി ഇന്ത്യയിലെ റോഡുകളില്‍ പരീക്ഷണോയട്ടം നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ അടുത്തിടെ നിരവധി തവണ പുറത്തുവന്നിരുന്നു. 

സായിക്കിന്റെ കീഴിലുള്ള മാക്സസിന്റെ ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാവും ഗ്ലോസ്റ്റർ. അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, വലിയ ഹെക്‌സഗണല്‍ ഗ്രില്‍, ബമ്പറിലെ സ്‌കിഡ്‌പ്ലേറ്റ്, ഇരട്ടനിറമുള്ള പതിനേഴിഞ്ച് അലോയ് വീലുകള്‍ എന്നിവ മാക്‌സസ് ഡി90-യില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണ്. 

എംജിയുടെ 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 224എച്ച്പിയാണ് കരുത്ത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ‍് ഓട്ടോമാറ്റിക് ഗിയർ ബോക്സിന്റെ അകമ്പടിയോടെ ഈ എൻജിൻ വാഹനത്തിലെത്തിയേക്കാം. പിൻവീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഫോർമാറ്റുകളിൽ എസ്‌യുവി നിലവില്‍ ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ ഗ്ലോസ്റ്ററിനായി കമ്പനി തന്നെ വികസിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനിൽ വാഹനം വരുമെന്നാണ് റിപ്പോർട്ടുകൾ.

ആറ് സീറ്റർ, ഏഴ് സീറ്റർ ഫോർമാറ്റുകളിൽ ഗ്ലോസ്‌റ്റർ പ്രീമിയം എസ്‌യുവി വിപണിയിലെത്തും. നീളമേറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ലോംഗ് ഹുഡ്, ഒരു വലിയ ക്രോം ഗ്രിൽ എന്നിവ മുൻവശത്തും ഒരു ക്രോം സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന വലിയ എൽഇഡി ടെയിൽ‌ ലൈറ്റുകൾ പിൻവശത്തും ഇടംപിടിക്കുന്നു. 

മറ്റുവാഹനങ്ങളെ വെല്ലുവിളിക്കുന്ന ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു പ്രത്യേകത. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലിമീറ്റർ വീൽബേസും ആണ് വാഹനത്തിന്റെ അളവുകൾ. വാഹനത്തിന്റെ അകത്തളത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല. എങ്കിലും ഐസ്മാർട്ട് സാങ്കേതികവിദ്യയുള്ള 12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ,  പനോരമിക് സൺറൂഫ്, കൂൾഡ് / ഹീറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ  എന്നിവയോടൊപ്പം മറ്റനേകം സവിശേഷതകളും കമ്പനി ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആറ് എയർബാഗുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഇബിഡിയോടു കൂടിയ എബിഎസ്, ഇഎസ്പി, ഒരു ഓട്ടോമാറ്റിക് പാർക്കിംഗ് ഫംഗ്ഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവ ഉൾകൊള്ളുന്ന സുരക്ഷാ സംവിധാനങ്ങൾ എം.ജി വാഹനത്തിൽ ഒരുക്കുന്നുണ്ട്. എംജി ഗ്ലോസ്‌റ്റർ ഏഴ് സീറ്റർ എസ്‌യുവിക്ക് ചൈനീസ് വിപണിയിൽ 17 ലക്ഷം മുതൽ 27 ലക്ഷം വരെയാണ് വില. ഇന്ത്യയില്‍ പ്രധാനമായും ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ആൾട്രൂറാസ് G4 തുടങ്ങിയവരാകും ഗ്ലോസ്റ്ററിന്‍റെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios