ചൈനീസ് വാഹന ഭീമനായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി. 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്.

രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ് വാഹനം. ഇന്ത്യന്‍ പ്രവേശനത്തിന് ഒരു വർഷം തികയുമ്പോൾ ആഘോഷം കൊഴുപ്പിക്കാൻ ആനിവേഴ്‍സറി എഡിഷൻ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് എംജി മോട്ടോർ ഇന്ത്യ.

സൂപ്പർ വേരിയന്റ് അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഹെക്ടർ ആനിവേഴ്സറി എഡിഷന്റെ പെട്രോൾ പതിപ്പിന് 13.63 ലക്ഷവും ഡീസൽ പതിപ്പിന് 14.99 ലക്ഷവും ആണ് എക്‌സ്-ഷോറൂം വില. യഥാർത്ഥത്തിൽ സൂപ്പർ വേരിയന്റിന്റെ അതെ വിലയാണ് ഹെക്ടർ ആനിവേഴ്സറി എഡിഷനും. മാത്രമല്ല എക്‌സ്റ്റീരിയറിലും ഹെക്ടർ ആനിവേഴ്സറി എഡിഷനും, സൂപ്പർ വേരിയന്റും തമ്മിൽ വ്യത്യാസമില്ല. അതെ സമയം ഒരു പിടി ഫീച്ചറുകളാണ് ഹെക്ടർ ആനിവേഴ്സറി എഡിഷന്റെ പ്രത്യേകത.

വയർലെസ്സ് മൊബൈൽ ചാർജർ, എയർ പ്യൂരിഫൈർ, മെഡിക്ലിൻ സെർട്ടിഫൈഡ് ആന്റി-വൈറസ് ഇൻ-കാർ കിറ്റ്, 26.4 സിഎം ഡിസ്പ്ലേ സ്ക്രീൻ എന്നിവയാണ് ഹെക്ടർ ആനിവേഴ്സറി എഡിഷന്റെ ഹൈലൈറ്റുകൾ. ഒപ്പം 25-ലധികം സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകൾ, 50-ൽ കൂടുതൽ കണക്ടഡ് കാർ ഫീച്ചറുകൾ, ബിൽറ്റ്-ഇൻ വോയിസ് അസിസ്റ്റന്റ്, ഡ്യുവൽ പാനരോമിക് സൺറൂഫ് എന്നിവയും ആനിവേഴ്സറി എഡിഷൻ ഹെക്ടർ പതിപ്പിലുണ്ട്.

140 എച്ച്പി പവറും 250 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന 1.5 ലീറ്റർ ടർബോ പെട്രോൾ, 168 എച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ, 4-സിലിണ്ടർ ടർബോ-ഡീസൽ എൻജിൻ എന്നിങ്ങനെ രണ്ട് എഞ്ചിനുകളിൽ ഹെക്ടർ ആനിവേഴ്സറി എഡിഷൻ ലഭ്യമാണ്. രണ്ട് എഞ്ചിനുകൾക്കൊപ്പവും 6-സ്പീഡ് മാന്വൽ ആണ് ട്രാൻസ്മിഷൻ ഓപ്ഷൻ. 1.5 ലീറ്റർ ടർബോ പെട്രോൾ ഹൈബ്രിഡ് എൻജിനിൽ ആനിവേഴ്സറി എഡിഷൻ ഹെക്ടർ ലഭ്യമല്ല.

ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ഹെക്ടര്‍ ഇറങ്ങുന്നത്. ഹെക്ടറിനു പിന്നാലെ  ZS ഇവി, ഹെക്ടർ പ്ലസ് എന്നീ വാഹനങ്ങളും കമ്പനി വിപണയിലെത്തിച്ചിരുന്നു. രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ 2020 ജനുവരിയിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇസഡ് എക്‌സ് എസ്‍യുവിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്‍യുവിയാണ് ഇസഡ്എസ് ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‍യുവിയാണ്. മൂന്നാമനായ ഹെക്ടർ പ്ലസ്, വിപണിയിലുള്ള ഹെക്ടറിന്റെ മൂന്ന്-വരി പതിപ്പാണ്.

ഇപ്പോള്‍ നാലാമനായ ഗ്ലോസ്റ്ററിന്‍റെ വിപണി പ്രവേശനത്തിന്‍റെ അവസാനവട്ട ഒരുക്കത്തിലാണ് കമ്പനി. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവി എന്ന ഖ്യാതിയോടെയാവും എംജി ഗ്ലോസ്റ്റർ ഇന്ത്യയിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സായിക്കിന്റെ കീഴിലുള്ള മാക്സസിന്റെ ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാവും ഗ്ലോസ്റ്റർ. അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, വലിയ ഹെക്‌സഗണല്‍ ഗ്രില്‍, ബമ്പറിലെ സ്‌കിഡ്‌പ്ലേറ്റ്, ഇരട്ടനിറമുള്ള പതിനേഴിഞ്ച് അലോയ് വീലുകള്‍ എന്നിവ മാക്‌സസ് ഡി90-യില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണ്.

എംജിയുടെ 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 218എച്ച്പി കരുത്തും 420 എന്‍എം ടോര്‍ഖും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള 8-സ്പീഡ് അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍റെ അകമ്പടിയോടെ ഈ എൻജിൻ വാഹനത്തിലെത്തിയേക്കാം. പിൻവീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഫോർമാറ്റുകളിൽ എസ്‌യുവി നിലവില്‍ ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ ഗ്ലോസ്റ്ററിനായി കമ്പനി തന്നെ വികസിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനിൽ വാഹനം വരുമെന്നാണ് റിപ്പോർട്ടുകൾ.