Asianet News MalayalamAsianet News Malayalam

ആ ചൈനീസ് വാഹനത്തിന്‍റെ ബുക്കിംഗ് നിര്‍ത്തുന്നു, കാരണം!

ഹെക്ടര്‍ എസ്‍യുവിയുടെ ബുക്കിങ് കമ്പനി താത്കാലികമായി നിര്‍ത്തുന്നു

MG Hector bookings temporarily closed
Author
Mumbai, First Published Jul 18, 2019, 3:13 PM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവി അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ എത്തിയ വാഹനത്തിന്റെ ബുക്കിങ് കമ്പനി താത്കാലികമായി നിര്‍ത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വമ്പന്‍ ബുക്കിങ് ലഭിച്ചതോടെ കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്തതിനാലാണ് താത്കാലികമായി ബുക്കിങ് നിര്‍ത്താന്‍ കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്ര ഉയര്‍ന്ന ബുക്കിങ്ങിന് മാത്രം ഹെക്ടര്‍ യൂണിറ്റ് നിര്‍മിക്കാനുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി നിലവില്‍ കമ്പനിക്കില്ല. ഈ വര്‍ഷം വിറ്റഴിക്കാന്‍ മാത്രം ഹെക്ടറിന് ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നും 19ന് രാത്രിയോടെ ബുക്കിങ് അവസാനിപ്പിക്കുമെന്നും വീണ്ടും ബുക്കിങ് തുടങ്ങുന്ന തീയ്യയതി പിന്നീട് അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.  

ജൂണ്‍ നാലിന് ബുക്കിങ് ആരംഭിച്ചത് മുതല്‍ ഇതുവരെ 21,000 ത്തിലേറെ ബുക്കിങ് ഹെക്ടറിന് ലഭിച്ചിട്ടുണ്ട്. ബുക്കിങ് താത്കാലികമായി നിര്‍ത്തിയതുവഴി എംജിയില്‍ വിശ്വാസമര്‍പ്പിച്ച ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് വാഹനം കൈമാറാന്‍ സാധിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. 

ഈ വര്‍ഷം ഒക്ടോബറോടെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തിലെ മാസംതോറുമുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി 3,000 യൂണിറ്റാക്കി ഉയര്‍ത്താനാണ് നീക്കം. നിലവില്‍ ഇത് 2000 യൂണിറ്റാണ്.  12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകളിലെത്തുന്ന വില. അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്.   ബുക്കിങ്ങില്‍ ഹെക്ടറിന്റെ ഉയര്‍ന്ന വകഭേദങ്ങളായ സ്‍മാര്‍ട്ട്, ഷാര്‍പ്പ് മോഡലുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നും 50 ശതമാനം ആളുകളും പെട്രോള്‍ മോഡലാണ് തിരഞ്ഞെടുത്തതെന്നും എംജി വ്യക്തമാക്കുന്നു. 

ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്‌യുവിയായാണ് ഹെക്ടര്‍.  4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്.  2,750 mm ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട്. ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്. 

പ്രാരംഭ മോഡലാണ് സ്‌റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും. പെട്രോള്‍ പതിപ്പുകളില്‍ ഹൈബ്രിഡ് ടെക്‌നോളജി പിന്തുണയുമുണ്ടാകും. മുന്‍ വീല്‍ ഡ്രൈവായാണ് ഹെക്ടര്‍ മോഡലുകള്‍ വിപണിയിലെത്തുക.

എഫ്‌സിഎയില്‍ നിന്നും കമ്പനി കടമെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 14.1 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ ഹെക്ടര്‍ പെട്രോള്‍ മാനുവല്‍ മോഡല്‍ കാഴ്ച്ചവെച്ചത്.  പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ 13.9 കിലോമീറ്ററും ഡീസല്‍ മാനുവല്‍ മോഡല്‍ 17.4 കിലോമീറ്ററുമാവും ഇന്ധനക്ഷമത. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങള്‍ എംജി ഹെക്ടറില്‍ ഒരുങ്ങും. 

Follow Us:
Download App:
  • android
  • ios