Asianet News MalayalamAsianet News Malayalam

കിടിലന്‍ ബുക്കിംഗുമായി ആ ചൈനക്കാരന്‍ കുതിക്കുന്നു!

കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ എത്തിയ വാഹനത്തിന് മികച്ച ബുക്കിംഗാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

MG Hector crosses 10,000 bookings
Author
Mumbai, First Published Jun 30, 2019, 4:28 PM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവി കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ എത്തിയ വാഹനത്തിന് മികച്ച ബുക്കിംഗാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഹെക്ടറിന്‍റെ വില കഴിഞ്ഞ ദിവസമാണ് കമ്പനി പ്രഖ്യാപിച്ചത്. വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പതിനായിരത്തിലധികം ബുക്കിങ്ങുകൾ ലഭിച്ചുവെന്നും വില പ്രഖ്യാപനത്തിന് ശേഷം ബുക്കിംഗുകൾ കൂടി എന്നും വാഹനം ലഭിക്കാനായുള്ള കാത്തിരിപ്പ് എട്ടുമാസം വരെ നീളുമെന്നുമാണ് നിർമ്മാതാക്കൾ പറയുന്നത്. വെറും 23 ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും ബുക്കിംഗ്.  പ്രീമിയം സെഗ്‍മെന്റുകളിൽ പോലും ഇല്ലാത്ത ഫീച്ചറുകളും കുറഞ്ഞ വിലയുമാണ് ഹെക്ടറിനെ ജനപ്രിയമാക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകളിലെത്തുന്ന ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറിന്‍റെ വില. അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്.   

ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്‌യുവിയായാണ് ഹെക്ടര്‍.  4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്.  2,750 mm ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട്. ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്. 

പ്രാരംഭ മോഡലാണ് സ്‌റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും. പെട്രോള്‍ പതിപ്പുകളില്‍ ഹൈബ്രിഡ് ടെക്‌നോളജി പിന്തുണയുമുണ്ടാകും. മുന്‍ വീല്‍ ഡ്രൈവായാണ് ഹെക്ടര്‍ മോഡലുകള്‍ വിപണിയിലെത്തുക.

എഫ്‌സിഎയില്‍ നിന്നും കമ്പനി കടമെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 14.1 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ ഹെക്ടര്‍ പെട്രോള്‍ മാനുവല്‍ മോഡല്‍ കാഴ്ച്ചവെച്ചത്.  പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ 13.9 കിലോമീറ്ററും ഡീസല്‍ മാനുവല്‍ മോഡല്‍ 17.4 കിലോമീറ്ററുമാവും ഇന്ധനക്ഷമത. പെട്രോള്‍ ഹൈബ്രിഡ് മോഡലിന്റെ ഇന്ധനക്ഷമത കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങള്‍ എംജി ഹെക്ടറില്‍ ഒരുങ്ങും. 

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്. 

Follow Us:
Download App:
  • android
  • ios