ചൈനീസ് വാഹന ഭീമനായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി. 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്.

ഇപ്പോഴിതാ ഹെക്ടറിന്റെ ഡ്യുവല്‍ ടോണ്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഹെക്ടര്‍ ഡ്യുവല്‍ ഡിലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പതിപ്പ് ഉയര്‍ന്ന വേരിയന്റായ ഷാര്‍പ്പിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്. മൂന്ന് ഓപ്ഷനുകളിലെത്തുന്ന ഡ്യുവല്‍ ഡിലൈറ്റ് വേരിയന്റിന് 16.85 ലക്ഷം രൂപ മുതല്‍ 18.08 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.

ക്യാന്‍ഡ് വൈറ്റ് വിത്ത് സ്റ്റാറി ബ്ലാക്ക്, ഗ്ലേസ് റെഡ് വിത്ത് സ്റ്റാറി ബ്ലാക്ക് എന്നീ ഇരട്ട നിറങ്ങളിലാണ് ഡ്യുവല്‍ ഡിലൈറ്റ് വേരിയന്റ് എത്തുന്നത്. റൂഫിന് പുറമെ, റിയര്‍വ്യൂ മിററിലേക്കും എ പില്ലറിലേക്കും ബ്ലാക്ക് നിറം നീളുന്നുണ്ട്. ഹെക്ടര്‍ മോണോ-ടോണ്‍ ഷാര്‍പ്പ് വേരിയന്റിനെക്കാള്‍ 20,000 രൂപ അധികമാണ് ഡ്യുവല്‍ ടോണ്‍ ഡിലൈറ്റ് വേരിയന്റിന്റെ എക്‌സ്‌ഷോറും വില.

26.4 സെന്റിമീറ്റര്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനൊപ്പം ഐ സ്മാര്‍ട്ട് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാകുന്ന അന്‍പതിലേറെ കണക്റ്റഡ് ഫീച്ചറുകളോടെയാണ് ഡ്യുവല്‍ ഡിലൈറ്റ് വേരിയന്റ് എത്തുന്നത്. ഇതിനൊപ്പം 25-ല്‍ അധികം സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. പനോരമിക് സണ്‍റൂഫ് ഈ വേരിയന്റിലും നല്‍കുന്നുണ്ട്.

1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് ഹെക്ടറിനുള്ളത്. പെട്രോളില്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ലഭിക്കും. ഡീസലില്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും. പെട്രോള്‍ ഹൈബ്രിഡും ഡീസലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. പെട്രോളില്‍ 6 സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ്. 

രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ് വാഹനം. ഇന്ത്യന്‍ പ്രവേശനത്തിന് ഒരു വർഷം തികയുമ്പോൾ ആഘോഷം കൊഴുപ്പിക്കാൻ ആനിവേഴ്‍സറി എഡിഷൻ മോഡൽ എംജി മോട്ടോർ ഇന്ത്യ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ഹെക്ടര്‍ ഇറങ്ങുന്നത്. ഹെക്ടറിനു പിന്നാലെ  ZS ഇവി, ഹെക്ടർ പ്ലസ് എന്നീ വാഹനങ്ങളും കമ്പനി വിപണയിലെത്തിച്ചിരുന്നു. രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ 2020 ജനുവരിയിലാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇസഡ് എക്‌സ് എസ്‍യുവിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്‍യുവിയാണ് ഇസഡ്എസ് ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‍യുവിയാണ്. മൂന്നാമനായ ഹെക്ടർ പ്ലസ്, വിപണിയിലുള്ള ഹെക്ടറിന്റെ മൂന്ന്-വരി പതിപ്പാണ്. ഇപ്പോള്‍ നാലാമനായ ഗ്ലോസ്റ്ററിന്‍റെ വിപണി പ്രവേശനത്തിന്‍റെ അവസാനവട്ട ഒരുക്കത്തിലാണ് കമ്പനി.