ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജിയുടെ ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍. വാഹനത്തിന്റെ പരിഷ്‍കരിച്ച പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2021 ജനുവരിയിൽ എം‌ജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുക്കിയ മോഡലിന്റെ പ്രധാന മാറ്റം ഒരു പുതിയ ഗ്രില്ലായിരിക്കും. അതോടൊപ്പം 18 ഇഞ്ച് വലിയ അലോയ് വീലുകളുടെ സാന്നിധ്യമാണ് മറ്റൊരു പ്രധാന കൂട്ടിച്ചേർക്കൽ. ഇത് ഹെക്ടറിന്റെ വിഷ്വൽ അപ്പീലിനെ വർധിപ്പിക്കും.

അകത്തളത്തിൽ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഡ്യുവൽ-ടോൺ ഇന്റീരിയർ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 3-വരി എം‌ജി ഹെക്ടർ പ്ലസിൽ മാത്രമാണ് ഇത് ലഭ്യമാകുന്നത്. കൂടാതെ ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർ വ്യൂ മിറർ ഉൾപ്പെടെ ചില പുതിയ സവിശേഷതകളും കമ്പനി കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ, 1.5 ലിറ്റർ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് ഓപ്ഷനുകളിൽ മാറ്റമൊന്നും വരുത്താൻ സാധ്യതയില്ല. ഗിയർബോക്സ് ഓപ്ഷനുകളിൽ പെട്രോൾ, ഡീസൽ പതിപ്പുകൾക്കായി 6 സ്പീഡ് മാനുവൽ ഉൾപ്പെടും.

മറുവശത്ത് 1.5 ലിറ്റർ പെട്രോൾ മോഡലിനൊപ്പം 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. 12.18 ലക്ഷം മുതൽ 16.88 ലക്ഷം രൂപയിലാണ് എംജി ഹെക്ടർ അവതരിപ്പിച്ചത്. പിന്നീട് പല ഘട്ടങ്ങളായി എസ്‌യുവിയുടെ വില ഉയർന്ന് നിലവിൽ 12.83 ലക്ഷം രൂപ മുതൽ 18.08 ലക്ഷം രൂപ വരെയായി. എന്നാൽ പുതിയ ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നതോടെ 2021-ൽ ഒരു ചെറിയ വില വർധനവിന് കൂടി സാധ്യതയുണ്ട്.

ചൈനീസ് വാഹന ഭീമനായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി. 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്.

രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ് വാഹനം. ഇന്ത്യന്‍ പ്രവേശനത്തിന് ഒരു വർഷം തികയുമ്പോൾ ആഘോഷം കൊഴുപ്പിക്കാൻ ആനിവേഴ്‍സറി എഡിഷൻ മോഡൽ എംജി മോട്ടോർ ഇന്ത്യ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ഹെക്ടര്‍ ഇറങ്ങുന്നത്.