Asianet News MalayalamAsianet News Malayalam

ജനപ്രിയ മോഡലിന് പുത്തന്‍ എഞ്ചിനുമായി ചൈനീസ് കമ്പനി

എംജി ഹെക്ടറിന്‍റെ ബിഎസ് 6 പാലിക്കുന്ന പെട്രോള്‍ വേരിയന്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

MG Hector Petrol BS6 Launched In India
Author
Mumbai, First Published Feb 5, 2020, 10:13 AM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ എംജി ഹെക്ടറിന്‍റെ ബിഎസ് 6 പാലിക്കുന്ന പെട്രോള്‍ വേരിയന്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 12.74 ലക്ഷം മുതല്‍ 17.44 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എല്ലാ വേരിയന്റുകള്‍ക്കും 26,000 രൂപ കൂടി. ബിഎസ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്ന ഏപ്രില്‍ ഒന്നിന് മുമ്പായി ബിഎസ് 4 ഡീസല്‍ എന്‍ജിനും കമ്പനി പരിഷ്‌കരിക്കും.

ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചപ്പോഴും 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കരുത്തിലും ടോര്‍ക്കിലും മാറ്റമില്ല. മുമ്പത്തെ അതേ ആര്‍പിഎമ്മുകളില്‍ തുടര്‍ന്നും 143 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് മാന്വല്‍, ഡിസിടി എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. അതേസമയം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റില്‍ 6 സ്പീഡ് മാന്വല്‍ മാത്രമായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

ഇതോടെ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ബിഎസ് 6 പാലിക്കുന്ന രണ്ടാമത്തെ മോഡലായി എംജി ഹെക്ടര്‍ പെട്രോള്‍ മാറി. ബിഎസ് 6 പാലിക്കുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുമായി കിയ സെല്‍റ്റോസ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇടംപിടിച്ചിരുന്നു. ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയര്‍, നിസാന്‍ കിക്‌സ്, റെനോ കാപ്ചര്‍ എന്നിവയാണ് സെഗ്‌മെന്റിലെ മറ്റ് എതിരാളികള്‍.

വേരിയന്റ് ബിഎസ് 6 വില

സ്‌റ്റൈല്‍ 12.74 ലക്ഷം

സൂപ്പര്‍ 13.54 ലക്ഷം

സൂപ്പര്‍ ഹൈബ്രിഡ് 14.14 ലക്ഷം

സ്മാര്‍ട്ട് ഹൈബ്രിഡ് 15.24 ലക്ഷം

സ്മാര്‍ട്ട് ഡിസിടി 15.94 ലക്ഷം

ഷാര്‍പ്പ് ഹൈബ്രിഡ് 16.54 ലക്ഷം

ഷാര്‍പ്പ് ഡിസിടി 17.44 ലക്ഷം

2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.

അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്.   വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് വാഹനം എത്തുന്നത്.  ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവരാണ് ഹെക്ടറിന്‍റെ മുഖ്യ എതിരാളികള്‍.

ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്‌യുവിയായാണ് ഹെക്ടര്‍.  4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്.  2,750 mm ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട്. ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്.

പ്രാരംഭ മോഡലാണ് സ്‌റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും. പെട്രോള്‍ പതിപ്പുകളില്‍ ഹൈബ്രിഡ് ടെക്‌നോളജി പിന്തുണയുമുണ്ടാകും. മുന്‍ വീല്‍ ഡ്രൈവായാണ് ഹെക്ടര്‍ മോഡലുകള്‍ വിപണിയിലെത്തുക.

എഫ്‌സിഎയില്‍ നിന്നും കമ്പനി കടമെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 14.1 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ ഹെക്ടര്‍ പെട്രോള്‍ മാനുവല്‍ മോഡല്‍ കാഴ്ച്ചവെച്ചത്.  പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ 13.9 കിലോമീറ്ററും ഡീസല്‍ മാനുവല്‍ മോഡല്‍ 17.4 കിലോമീറ്ററുമാവും ഇന്ധനക്ഷമത. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങള്‍ എംജി ഹെക്ടറില്‍ ഒരുങ്ങും.

നിലവില്‍ ലഭിച്ചിരിക്കുന്ന ബുക്കിങ്ങുകളില്‍  കൂടുതല്‍ ആവശ്യക്കാരും ഉയര്‍ന്ന വകഭേദങ്ങളായ സ്‍മാര്‍ട്ട്, ഷാര്‍പ്പ് മോഡലുകള്‍ക്കാണ്. ഇതില്‍ 50 ശതമാനം ആളുകളും പെട്രോള്‍ മോഡലാണ് തിരഞ്ഞെടുത്തതെന്നും എംജി വ്യക്തമാക്കുന്നു.

നിലവില്‍ അഞ്ച് സീറ്ററാണ് ഈ വാഹനം. ഏഴ് സീറ്റര്‍ പതിപ്പ് നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് എംജി. എംജി ഗ്ലോസ്റ്റര്‍ എന്ന പേരിലായിരിക്കും ഈ വാഹനം ഇന്ത്യന്‍ വിപണിയിലെത്തുന്നത്. 

Follow Us:
Download App:
  • android
  • ios