Asianet News MalayalamAsianet News Malayalam

വലിപ്പം കൂട്ടിയ വണ്ടിയുടെ ബുക്കിംഗും തുടങ്ങി ചൈനീസ് കമ്പനി

ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ എത്താനൊരുങ്ങുന്ന ഹെക്ടര്‍ പ്ലസിന്‍റെ ബുക്കിങ്ങ് കമ്പനി തുടങ്ങിക്കഴിഞ്ഞു

MG Hector Plus Booking Started
Author
Mumbai, First Published Jul 6, 2020, 5:13 PM IST

ചൈനീസ് വാഹന നിർമാതാക്കളായ എംജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ വാഹനമാണ് ഹെക്ടര്‍ പ്ലസ്.  ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ എത്താനൊരുങ്ങുന്ന ഹെക്ടര്‍ പ്ലസിന്‍റെ ബുക്കിങ്ങ് കമ്പനി തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ വാഹനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് എം ജി മോട്ടോഴ്‍സ്. 

അകത്തളത്തെ കൂടുതല്‍ ആഡംബരമാക്കുന്ന ക്യാപ്റ്റന്‍ സീറ്റുകളാണ് പുതിയ ടീസറിലൂടെ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. മൂന്ന് നിരയിലായി ബ്രൗണ്‍ നിറത്തില്‍ തുകലില്‍ പൊതിഞ്ഞ സീറ്റുകളാണ് ഹെക്ടര്‍  പ്ലസിന്റെ അകത്തളത്തില്‍.  ഇന്റീരിയറിനെ സംബന്ധിച്ചുള്ള ആദ്യ വെളിപ്പെടുത്തലാണ് കമ്പനി ഈ ടീസറിലൂടെ നടത്തിയിരിക്കുന്നത്. മൂന്ന് നിരയിലും ലെതര്‍ ആവരണമുള്ള ക്യാപ്റ്റന്‍ സീറ്റാണ് നല്‍കിയിട്ടുള്ളത്. സീറ്റുകളുടെ എണ്ണം ഉയരുന്നതിനൊപ്പം വാഹനത്തിന്റെ നീളം അല്‍പ്പം ഉയര്‍ത്തിയിട്ടുണ്ട്. ഹെക്ടറിന്റെ സിഗ്‌നേച്ചറായിരുന്ന ഇന്റര്‍നെറ്റ് കാര്‍ സാങ്കേതികവിദ്യ ഹെക്ടര്‍ പ്ലസിലും ഉണ്ടാകും എന്നാണ് വിവരം. 

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്ന ഹെക്ടർ പ്ലസ്, വിപണിയിലുള്ള ഹെക്ടറിന്റെ മൂന്ന്-വരി പതിപ്പാണ്, ആറ് സീറ്റ്, ഏഴ് സീറ്റ് ലേയൗട്ടുകളിൽ ഈ വാഹനം ലഭ്യമാകും.ആറ് സീറ്റ് കോൺഫിഗറേഷനോടുകൂടിയ ഹെക്ടർ പ്ലസ് മൂന്ന് വേരിയന്റുകളിൽ (സൂപ്പർ, സ്മാർട്ട്, ഷാർപ്പ്) വാഗ്ദാനം ചെയ്യും.  

നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗ്രില്ല് റെഗുലര്‍ മോഡലിലേത് നിലനിര്‍ത്തിയെങ്കിലും ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍ തുടങ്ങിയവയുടെ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റും പ്ലാസ്റ്റിക് ക്ലാഡിങ്ങും നല്‍കിയ വലിയ ബംമ്പറും ഹെക്ടര്‍ പ്ലസിലെ മാറ്റങ്ങളാണ്. 

നിലവിലെ ഹെക്ടറിലെ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനവും നിരത്തുകളില്‍ എത്തുക. ഡീസല്‍ എന്‍ജിന്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ഹൈബ്രിഡ് എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ഗിയര്‍ബോക്‌സ് ട്രാന്‍സ്മിഷന്‍.

വിപണിയില്‍ മഹീന്ദ്ര XUV500, ടാറ്റ നിരത്തിലെത്തിക്കാനൊരുങ്ങുന്ന ഗ്രാവിറ്റാസ് മോഡലുകളായിരിക്കും ഹെക്ടര്‍ പ്ലസിന്റെ എതിരാളികള്‍. 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ഹെക്ടര്‍ പ്ലസ് പ്രദര്‍ശനത്തിനെത്തിയത്. ഹെക്ടര്‍ പ്ലസിന്‍റെ നിര്‍മ്മാണം എംജി മോട്ടോഴ്‍സ് തുടങ്ങിയിരുന്നു. എംജിയുടെ ഗുജറാത്തിലെ ഹാലോല്‍ പ്ലാന്റിലാണ് നിര്‍മ്മാണം.
നിലവിലെ ഹെക്ടര്‍ എസ്‌യുവികളെക്കാള്‍ ഒരു ലക്ഷം രൂപ കൂടുതല്‍ ഹെക്ടര്‍ പ്ലസിന് വില പ്രതീക്ഷിക്കാം. 12.73 ലക്ഷം രൂപ മുതല്‍ 17.43 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ എംജി ഹെക്ടര്‍ എസ്‌യുവികളുടെ വില.

Follow Us:
Download App:
  • android
  • ios