ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ്.

നിലവില്‍ അഞ്ച് സീറ്ററായ ഈ വാഹനത്തിന്‍റെ ഏഴ് സീറ്റര്‍ പതിപ്പായ ഹെക്ടര്‍ പ്ലസിനെ 2020 ഓട്ടോ എക്സ്പോയിലാണ് കമ്പനി അവതരിപ്പിച്ചത്. ജൂണ്‍ മാസത്തോടെ വാഹനത്തിന്റെ അരങ്ങറ്റം വിപണിയില്‍ ഉണ്ടാകുമെന്ന സൂചന  നൽകിയിരിക്കുകയാണ് എം ജി മോട്ടോഴ്‌സ്. ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വിത്ത് ഓട്ടോകാര്‍ സെഷനിലാണ് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ചബ ഇക്കാര്യം വ്യക്തമാക്കിയത്. വിഷുവിനോട് അനുബന്ധിച്ച് വാഹനം വിപണിയിലെത്തിക്കാനായിരുന്നു നേരത്തെയുള്ള പദ്ധതിയെങ്കിലും വൈറസ് കാരണം ജൂണിൽ വാഹനത്തെ എത്തിക്കാനാണ് ഇപ്പോഴത്തെ പദ്ധതി.

നിലവില്‍ വിപണിയിലുള്ള ഹെക്ടറിനെ അടിസ്ഥാനമാക്കിയാണ് ഹെക്ടര്‍ പ്ലസ് ഒരുങ്ങുന്നത്. വാഹനത്തിന് മൂന്നാം നിര കിട്ടിയതൊഴിച്ചാല്‍ രൂപത്തിലും ഭാവത്തിലും നിലവിലെ ഹെക്ടര്‍ തന്നെയാണ് പുതിയ മോഡലും. വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി പൂര്‍ത്തിയാക്കി കഴിഞ്ഞു.

പുറമെ ചെറിയ ഡിസൈൻ പരിഷ്‌കാരങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. മൂന്നാം നിര വന്നതിനൊപ്പം വാഹനത്തിന്റെ അളവുകളിലും ചെറിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നീളം 40 mm ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വിപണിയില്‍ ഉള്ള ഹെക്ടറിനേക്കാള്‍ 1,835 mm വീതിയും 1,760 mm ഉയരവും 2,750 mm വീല്‍ബേസുമാണ് ഹെക്ടര്‍ പ്ലസിനുള്ളത്. പുറത്തെ മാറ്റങ്ങളിൽ എല്‍ഇഡി ഡെയ്ടൈം റണ്ണിങ് ലാമ്പുകള്‍ക്ക് വലുപ്പം കൂടി, പുനഃക്രമീകരിച്ച ഹെഡ്‌ലാമ്പുകളുടെയും ഗ്രില്ലിന്റെയും ഘടന പിറകില്‍ ടെയില്‍ ലാമ്പുകളിലും ബമ്പറിലും ചെറിയ മാറ്റങ്ങൾ എന്നിങ്ങനെ പോവുന്നു മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും മൂന്നാം നിരയില്‍ സീറ്റുകളുമാണ് അകതലത്തിലെ മാറ്റങ്ങൾ.

സാധാരണ ഹെക്ടറിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഹെക്ടര്‍ പ്ലസിനും കമ്പനി നല്‍കിയിട്ടുണ്ട്. 10.4 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാന, eSIM മുഖേനയുള്ള കണക്ടഡ് കാര്‍ ടെക്നോളജി, പാനരോമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്. മൂന്നാം നിരയില്‍ എസി വെന്റുകളും യുഎസ്ബി ചാര്‍ജ് പോര്‍ട്ടും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഹെക്ടറില്‍ കണ്ടിരിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനവും നിരത്തുകളില്‍ എത്തുക. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ഗിയര്‍ബോക്‌സ്. വിപണിയില്‍ മഹീന്ദ്ര XUV500, ടാറ്റ നിരത്തിലെത്തിക്കാനൊരുങ്ങുന്ന ഗ്രാവിറ്റാസ് മോഡലുകളായിരിക്കും ഹെക്ടര്‍ പ്ലസിന്റെ എതിരാളികള്‍.

നിലവിലെ ഹെക്ടര്‍ എസ്‌യുവികളെക്കാള്‍ ഒരു ലക്ഷം രൂപ കൂടുതല്‍ ഹെക്ടര്‍ പ്ലസിന് വില പ്രതീക്ഷിക്കാം. 12.73 ലക്ഷം രൂപ മുതല്‍ 17.43 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ എംജി ഹെക്ടര്‍ എസ്‌യുവികളുടെ വില. വിപണിയില്‍ മഹീന്ദ്ര XUV500, ടാറ്റ നിരത്തിലെത്തിക്കാനൊരുങ്ങുന്ന ഗ്രാവിറ്റാസ് മോഡലുകളായിരിക്കും ഹെക്ടര്‍ പ്ലസിന്റെ എതിരാളികള്‍.

2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.