അടുത്തമാസം ഇന്ത്യന്‍ വിപണിയില്‍ എത്താനൊരുങ്ങുന്ന വാഹനമായ ഹെക്ടര്‍ പ്ലസിനെ ചൈനീസ് വാഹന നിർമാതാക്കളായ എം ജി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്ന ഹെക്ടർ പ്ലസ്, വിപണിയിലുള്ള ഹെക്ടറിന്റെ മൂന്ന്-വരി പതിപ്പാണ്, ആറ് സീറ്റ്, ഏഴ് സീറ്റ് ലേയൗട്ടുകളിൽ ഈ വാഹനം ലഭ്യമാകും.

ആറ് സീറ്റ് കോൺഫിഗറേഷനോടുകൂടിയ ഹെക്ടർ പ്ലസ് മൂന്ന് വേരിയന്റുകളിൽ (സൂപ്പർ, സ്മാർട്ട്, ഷാർപ്പ്) വാഗ്ദാനം ചെയ്യും.  നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അടുത്ത മാസം വിപണിയിൽ അവതരിപ്പിക്കുമ്പോൾ സ്റ്റാൻഡേർഡ് ഹെക്ടറിൽ നിന്നുള്ള എഞ്ചിനുകൾ, ഗിയർബോക്‌സുകൾ, ഫീച്ചർ ലിസ്റ്റ് എന്നിവ ഹെക്ടർ പ്ലസിനും നൽകുമെന്നാണ് കരുതുന്നത്.  രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ ഹെക്ടർ പ്ലസ് എത്തിത്തുടങ്ങിയിട്ടുണ്ട്.

2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ഹെക്ടര്‍ പ്ലസ് പ്രദര്‍ശനത്തിനെത്തിയത്. ഏഴ് സീറ്റര്‍ പതിപ്പായ ഹെക്ടര്‍ പ്ലസിന്‍റെ നിര്‍മ്മാണം എംജി മോട്ടോഴ്‍സ് തുടങ്ങിയതായും വാഹനത്തിന്റെ അനൗദ്യോഗിക ഡീലര്‍ഷിപ്പുതല ബുക്കിങ്ങ് ആരംഭിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എംജിയുടെ ഗുജറാത്തിലെ ഹാലോല്‍ പ്ലാന്റില്‍ നിന്നാണ് എംജിയുടെ ആദ്യ ഹെക്ടര്‍ പ്ലസ് പുറത്തിറങ്ങിയത്. ജൂലായ് രണ്ടാമത്തെ ആഴ്ചയോടെ ഹെക്ടര്‍ പ്ലസ് അവതരിപ്പിക്കുമെന്നാണ് സൂചന. 

നിലവിലെ ഹെക്ടറിലെ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനവും നിരത്തുകളില്‍ എത്തുക. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ഗിയര്‍ബോക്‌സ്. 

നിലവിലെ ഹെക്ടര്‍ എസ്‌യുവികളെക്കാള്‍ ഒരു ലക്ഷം രൂപ കൂടുതല്‍ ഹെക്ടര്‍ പ്ലസിന് വില പ്രതീക്ഷിക്കാം. 12.73 ലക്ഷം രൂപ മുതല്‍ 17.43 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ എംജി ഹെക്ടര്‍ എസ്‌യുവികളുടെ വില. വിപണിയില്‍ മഹീന്ദ്ര XUV500, ടാറ്റ നിരത്തിലെത്തിക്കാനൊരുങ്ങുന്ന ഗ്രാവിറ്റാസ് മോഡലുകളായിരിക്കും ഹെക്ടര്‍ പ്ലസിന്റെ എതിരാളികള്‍.