Asianet News MalayalamAsianet News Malayalam

നിരത്തിലെത്തി മാസമൊന്ന് തികഞ്ഞില്ല, ഈ ചൈനീസ് വണ്ടി വില കൂടുന്നു!

നിലവിൽ ഹെക്‌ടർ പ്ലസിന് 13.48 ലക്ഷം മുതൽ 18.53 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. എന്നാൽ 50,000 രൂപയുടെ ഉയർച്ചയാണ് മോഡലിന്റെ എല്ലാ വേരിയന്റുകൾക്കും ഉടൻ തന്നെ ലഭിക്കുക. 

MG Hector Plus Price Hike In India
Author
Mumbai, First Published Aug 13, 2020, 2:20 PM IST

ചൈനീസ് വാഹന ഭീമന്‍ എസ്എഐസിയുടെ (SAIC) കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ മൂന്നാമത്തെ മോഡലായ ഹെക്ടര്‍ പ്ലസിനെ 2020 ജൂലൈ 13നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അവതരിപ്പിച്ച് ഒരുമാസം തികയുമ്പോഴേക്കും വാഹനത്തിന്‍റെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോർ ഇന്ത്യ എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ ഹെക്‌ടർ പ്ലസിന് 13.48 ലക്ഷം മുതൽ 18.53 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. എന്നാൽ 50,000 രൂപയുടെ ഉയർച്ചയാണ് മോഡലിന്റെ എല്ലാ വേരിയന്റുകൾക്കും ഉടൻ തന്നെ ലഭിക്കുക. 

ഹെക്ടര്‍ പ്ലസിന്‍റെ ഔദ്യോഗിക ഡെലിവറി രാജ്യവ്യാപകമായി  എംജി മോട്ടോർസ് കഴിഞ്ഞ ജിവസം ആരംഭിച്ചിരുന്നു. റെഗുലര്‍ ഹെക്ടറിന്റെ ആറ് സീറ്റര്‍ പതിപ്പായി സ്‌റ്റൈല്‍, സൂപ്പര്‍, സ്‍മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. 

2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഹെക്ടര്‍ പ്ലസ്, വിപണിയിലുള്ള ഹെക്ടറിന്റെ മൂന്നുവരി പതിപ്പാണ്. ആറ് സീറ്റ്, ഏഴ് സീറ്റ് ലേ ഔട്ടുകളില്‍ ഈ വാഹനം ലഭ്യമാകും. 

മൂന്നാം നിര സീറ്റുകള്‍ എത്തിയതോടെ വാഹനത്തിന്റെ നീളത്തില്‍ 65 എംഎം വളര്‍ച്ച ഉണ്ടായിട്ടുണ്ട്. 4720 എംഎം ആണ് ഹെക്ടര്‍ പ്ലസിന്റെ വലിപ്പം. വീതിയും ഉയരവും റെഗുലര്‍ ഹെക്ടറിന് സമാനമാണ്. മുമ്പുണ്ടായിരുന്ന അഞ്ച് നിറങ്ങള്‍ക്ക് പുറമെ, സ്റ്റാറി ബ്ലു എന്ന പുതിയ നിറത്തിലും ഹെക്ടര്‍ പ്ലസ് നിരത്തുകളില്‍ എത്തും.

മൈല്‍ഡ് ഹൈബ്രിഡ് ഉള്‍പ്പെടെ രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഹെക്ടര്‍ പ്ലസ് എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ഹൈബ്രിഡ് എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍.

റഗുലര്‍ ഹെക്ടറിനെക്കാള്‍ പ്രീമിയം ലുക്കിലുള്ള വാഹനമാണ് ഹെക്ടര്‍ പ്ലസ്. ഗ്രില്ല് റെഗുലര്‍ മോഡലിലേത് നിലനിര്‍ത്തിയെങ്കിലും ബംമ്പറിലേക്ക് മാറ്റിയ ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍ തുടങ്ങിയവയുടെ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റും പ്ലാസ്റ്റിക് ക്ലാഡിങ്ങും നല്‍കിയ വലിയ ബംബറും ഹെക്ടര്‍ പ്ലസിലെ മാറ്റങ്ങളാണ്.

ഹെക്ടറിലെ 17 ഇഞ്ച് അലോയി വീല്‍ തന്നെയാണ് ഹെക്ടര്‍ പ്ലസിലും. സില്‍വര്‍ റൂഫ് റെയില്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, പുതിയ എല്‍ഇഡി ടെയ്ല്‍ലാമ്പ്, ക്രോമിയം ആവരവണമുള്ള റിയര്‍ ഡിഫ്യൂസര്‍, പ്ലാസ്റ്റിക് ക്ലാഡിങ്ങും സില്‍വര്‍ സ്‌കിഡ് പ്ലേറ്റുമുള്ള റിയര്‍ ബംമ്പര്‍ എന്നിവയാണ് ഹെക്ടര്‍ പ്ലസില്‍ നല്‍കിയിട്ടുള്ള മറ്റ് പ്രത്യേകതകള്‍.

കൂടുതല്‍ പ്രീമിയം ടച്ച് ഉള്ളതാണ് ഹെക്ടര്‍ പ്ലസിന്റെ ഇന്റീരിയര്‍. മൂന്ന് നിരയിലും ലെതര്‍ ആവരണമുള്ള ക്യാപ്റ്റന്‍ സീറ്റാണ് നല്‍കിയിട്ടുള്ളത്. സീറ്റിന് ചേരുന്ന ലെതര്‍ ആവരണമാണ് ഡോര്‍ പാഡിലും ഡാഷ്‌ബോര്‍ഡിലും നല്‍കിയിട്ടുള്ളത്. ഹെക്ടറിന്റെ സിഗ്‌നേച്ചറായിരുന്ന ഇന്റര്‍നെറ്റ് കാര്‍ സാങ്കേതികവിദ്യ ഹെക്ടര്‍ പ്ലസിലും ഉണ്ടാകും.

വിപണിയില്‍ മഹീന്ദ്ര XUV500, ടാറ്റ നിരത്തിലെത്തിക്കാനൊരുങ്ങുന്ന ഗ്രാവിറ്റാസ് തുടങ്ങിയ മോഡലുകളാണ് ഹെക്ടര്‍ പ്ലസിന്റെ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios