ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം‌ജി മോട്ടോഴ്‍സിന്‍റെ ഹെക്​ടർ പ്ലസിന്റെ ഏഴ് സീറ്റ് പതിപ്പും ഇന്ത്യയിലേക്കു വരുന്നു. വാഹനം 2021 ജനുവരിയിൽ വിപണിയിലെത്തുമെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ പുറത്തിറങ്ങിയ ആറ്​ സീറ്റ്​ വാഹനത്തെകൂടാതെയാണ്​ പുതിയ പതിപ്പും വിപണിയിലെത്തുന്നത്​. വലിയ കുടുംബങ്ങൾക്ക് കൂടുതൽ ഓപ്ഷനുകൾ വാഗ്​ദാനം ചെയ്യുന്നതി​ന്‍റെ ഭാഗമായാണ്​ പൂർണ ശേഷിയുള്ള ഹെക്​ടർ പ്ലസുകൾ വിപണിയിൽ എത്തിക്കുന്നത്​. ആറ് സീറ്റ് ലേ ഔട്ടിലാണ് ഹെക്ടർ പ്ലസ് ഈ വര്‍ഷം ആദ്യം പുറത്തിറക്കിയത്. ക്യാപ്റ്റൻ സീറ്റുകളായിരുന്നു വാഹനത്തിന്​ നൽകിയിരുന്നത്​.

ചൈനീസ് വാഹന ഭീമന്‍ എസ്എഐസിയുടെ (SAIC) കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ മൂന്നാമത്തെ മോഡലായ ഹെക്ടര്‍ പ്ലസിനെ 2020 ജൂലൈയിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. റെഗുലര്‍ ഹെക്ടറിന്റെ ആറ് സീറ്റര്‍ പതിപ്പായി സ്‌റ്റൈല്‍, സൂപ്പര്‍ സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളില്‍ ആയിരുന്നു വാഹനത്തിന്‍റെ വരവ്. 

2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഹെക്ടര്‍ പ്ലസ്, വിപണിയിലുള്ള ഹെക്ടറിന്റെ മൂന്ന്‌വരി പതിപ്പാണ്. ആറ് സീറ്റ്, ഏഴ് സീറ്റ് ലേ ഔട്ടുകളില്‍ ആണ് നിലവില്‍ ഈ വാഹനം ലഭ്യമാകുന്നത്. ആറ് സീറ്റ് കോണ്‍ഫിഗറേഷനോടുകൂടിയ ഹെക്ടര്‍ പ്ലസ് മൂന്ന് വേരിയന്റുകളില്‍ (സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്) വാഗ്ദാനം ചെയ്യും.  

മൂന്നാം നിര സീറ്റുകള്‍ എത്തിയതോടെ വാഹനത്തിന്റെ നീളത്തില്‍ 65 എംഎം വളര്‍ച്ച ഉണ്ടായിട്ടുണ്ട്. 4720 എംഎം ആണ് ഹെക്ടര്‍ പ്ലസിന്റെ വലിപ്പം. വീതിയും ഉയരവും റെഗുലര്‍ ഹെക്ടറിന് സമാനമാണ്. മുമ്പുണ്ടായിരുന്ന അഞ്ച് നിറങ്ങള്‍ക്ക് പുറമെ, സ്റ്റാറി ബ്ലു എന്ന പുതിയ നിറത്തിലും ഹെക്ടര്‍ പ്ലസ് നിരത്തുകളില്‍ എത്തും.

മൈല്‍ഡ് ഹൈബ്രിഡ് ഉള്‍പ്പെടെ രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഹെക്ടര്‍ പ്ലസ് എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ഹൈബ്രിഡ് എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍.

റഗുലര്‍ ഹെക്ടറിനെക്കാള്‍ പ്രീമിയം ലുക്കിലുള്ള വാഹനമാണ് ഹെക്ടര്‍ പ്ലസ്. ഗ്രില്ല് റെഗുലര്‍ മോഡലിലേത് നിലനിര്‍ത്തിയെങ്കിലും ബംമ്പറിലേക്ക് മാറ്റിയ ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍ തുടങ്ങിയവയുടെ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റും പ്ലാസ്റ്റിക് ക്ലാഡിങ്ങും നല്‍കിയ വലിയ ബംബറും ഹെക്ടര്‍ പ്ലസിലെ മാറ്റങ്ങളാണ്.

ഹെക്ടറിലെ 17 ഇഞ്ച് അലോയി വീല്‍ തന്നെയാണ് ഹെക്ടര്‍ പ്ലസിലും. സില്‍വര്‍ റൂഫ് റെയില്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, പുതിയ എല്‍ഇഡി ടെയ്ല്‍ലാമ്പ്, ക്രോമിയം ആവരവണമുള്ള റിയര്‍ ഡിഫ്യൂസര്‍, പ്ലാസ്റ്റിക് ക്ലാഡിങ്ങും സില്‍വര്‍ സ്‌കിഡ് പ്ലേറ്റുമുള്ള റിയര്‍ ബംമ്പര്‍ എന്നിവയാണ് ഹെക്ടര്‍ പ്ലസില്‍ നല്‍കിയിട്ടുള്ള മറ്റ് പ്രത്യേകതകള്‍.

കൂടുതല്‍ പ്രീമിയം ടച്ച് ഉള്ളതാണ് ഹെക്ടര്‍ പ്ലസിന്റെ ഇന്റീരിയര്‍. മൂന്ന് നിരയിലും ലെതര്‍ ആവരണമുള്ള ക്യാപ്റ്റന്‍ സീറ്റാണ് നല്‍കിയിട്ടുള്ളത്. സീറ്റിന് ചേരുന്ന ലെതര്‍ ആവരണമാണ് ഡോര്‍ പാഡിലും ഡാഷ്‌ബോര്‍ഡിലും നല്‍കിയിട്ടുള്ളത്. ഹെക്ടറിന്റെ സിഗ്‌നേച്ചറായിരുന്ന ഇന്റര്‍നെറ്റ് കാര്‍ സാങ്കേതികവിദ്യ ഹെക്ടര്‍ പ്ലസിലും ഉണ്ടാകും.

വിപണിയില്‍ മഹീന്ദ്ര XUV500, ടാറ്റ നിരത്തിലെത്തിക്കാനൊരുങ്ങുന്ന ഗ്രാവിറ്റാസ് തുടങ്ങിയ മോഡലുകളായിരിക്കും ഹെക്ടര്‍ പ്ലസിന്റെ എതിരാളികള്‍. 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. വിപണിയില്‍ മികച്ച പ്രതികരണമാണ് ഈ വാഹനത്തിന്. 

ഈ ജനപ്രീതി കണ്ടുതന്നെയാണ് വലിപ്പം കൂട്ടിയ മോഡലുമായി 2020 ജൂലൈയില്‍ കമ്പനി എത്തിയതും. ഇതേ വാഹനത്തില്‍ ഒരു സീറ്റു കൂടി വര്‍ദ്ധിക്കുന്നതോടെ ആവശ്യക്കാരുടെ എണ്ണവും കൂടുമെന്നു തന്നെയാണ് കമ്പനിയുടെ കണക്കുകൂട്ടലും.

അതേസമയം രാജ്യത്തെ മറ്റ് നിരവധി കാർ നിർമാതാക്കളെപ്പോലെ 2021 ജനുവരിയിൽ എം‌ജിയും മോഡലുകളുടെ വില പരിഷ്​കരണം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമ്പനിയുടെ വാഹനനിരയിലുടനീളം വിലവർധനവ്​ ബാധകമായിരിക്കുമെന്നും മോഡലിനെ ആശ്രയിച്ച് ഏകദേശം മൂന്നു ശതമാനത്തോളമായിരിക്കും വില വർധനവെന്നും കമ്പനി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.