കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ പിന്തുണ പ്രഖ്യാപിച്ച് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോർ ഇന്ത്യ.  രാജ്യത്ത്  കൊറോണ വൈറസ് ബാധ പടരുന്നതിനിടെ ചികിത്സാലയങ്ങൾക്കു രണ്ടു കോടി രൂപയുടെ സഹായമാണ് ഹെക്ടർ എസ്‍യുവിയുടെ നിർമാതാക്കളായ എംജി മോട്ടോർ ഇന്ത്യയുടെ വാഗ്‍ദാനം.

കമ്പനിയുടെ നിർമാണശാല സ്ഥിതി ചെയ്യുന്ന, ഗുജറാത്തിലെ വഡോദരയ്ക്കടുത്ത് ഹാലോളിലെയും ഓഫിസ് പ്രവർത്തിക്കുന്ന ഗുരുഗ്രാമിലെയും സർക്കാർ ആശുപത്രികൾക്കും ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾക്കുമാണ് കമ്പനി ധനസഹായം ലഭ്യമാക്കുക.  ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനും സമൂഹത്തിന്റെ താഴെത്തട്ടിൽ നിന്നുള്ള രോഗികളുടെ ചികിത്സാർഥവുമാണ് സഹായം അനുവദിക്കുന്നതെന്നു കമ്പനി വിശദീകരിച്ചു. മാരകമായ വൈറസിനെതിരെ പോരാടുന്നതിന് ഇന്ത്യൻ ഗവൺമെന്റിന് വലിയ സഹായങ്ങൾ ആവശ്യമാണ് എന്ന് തങ്ങൾ തിരിച്ചറിഞ്ഞതായി എംജി മോട്ടോർ ഇന്ത്യ വ്യക്തമാക്കി. 

ഒരു കോടി രൂപ എം ജി മോട്ടോർ ഇന്ത്യയുടെ വിഹിതവും ബാക്കിയുള്ള ഒരു കോടി കമ്പനി ജീവനക്കാരുടെ സംഭാവനയുമാണ്. ഗുരുഗ്രാമിലെയും ഹാലോളിലെയും ചികിത്സാ കേന്ദ്രങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ചാവും കമ്പനി സഹായം ലഭ്യമാക്കുക. പണത്തിനു പകരം കയ്യുറകൾ, മാസ്കുകൾ, വെന്റിലേറ്റർ, മരുന്നുകൾ, കിടക്കകൾ  തുടങ്ങി അതത് സ്ഥലത്ത് ആവശ്യമുള്ള ചികിത്സാ സാമഗ്രികൾ എത്തിക്കാനാണു കമ്പനിയുടെ പദ്ധതി. ഈ പണം ആശുപത്രികൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങൾ സ്വരുക്കൂട്ടാൻ അനുവദിക്കും. ഇതിൽ മാസ്കുകൾ, കയ്യുറകൾ, മരുന്നുകൾ, കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവ ഉൾപ്പെടും. ഇതിനോടൊപ്പം മറ്റേതെങ്കിലും വൈദ്യസഹായം ആവശ്യമെങ്കിൽ അതും കമ്പനി ലഭ്യമാക്കും. 

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എം ജി മോട്ടോർ ഇന്ത്യ ഡീലർഷിപ്പുകളിലായുള്ള 5000 ജീവനക്കാർക്ക് മെച്ചപ്പെട്ട ഇൻഷുറൻസ് പരിരക്ഷകൾ നൽകാനും കമ്പനി ഡീലർമാരോട് ആവശ്യപ്പെട്ടു. ഇതിനു പുറമെ കമ്പനി ഡീലർഷിപ്പുകളിലും സർവീസ് സെന്ററുകളിലും ഡിസിൻഫക്ട് ആൻഡ് ഡെലിവർ പദ്ധതി നടപ്പാക്കിയതായും എം ജി മോട്ടോർ ഇന്ത്യ അറിയിച്ചു. ഈ പദ്ധതി അനുസരിച്ച് പുത്തൻ കാറുകൾ പൂർണമായും അണുവിമുക്തമാക്കിയ ശേഷം ഉപയോക്താവിന്റെ വീട്ടിലെത്തിച്ചു നൽകും. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവിയുമായി 2019 ജൂണ്‍ 27നാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. 

കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് വാഹന ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തി, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് ലോകത്തെ വിവിധ വാഹന നിര്‍മാതാക്കള്‍. മഹീന്ദ്ര ഗ്രൂപ്പിലെ ഉത്പാദനം നിര്‍ത്തിവെച്ച പ്ലാന്റുകളില്‍ വെന്റിലേറ്ററിന്‍റെ മാതൃക നിര്‍മ്മിച്ചത് ഇന്നാണ്.  മഹീന്ദ്ര ഹോളിഡേയിലെ തങ്ങളുടെ റിസോർട്ടുകൾ താൽക്കാലിക പരിചരണ സൗകര്യങ്ങളാക്കി മാറ്റാനും തയ്യാറാണെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

അമേരിക്കയില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊറോണ സ്ഥിരികരിച്ചതിനെ തുടര്‍ന്ന് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്, ജിഎം മോട്ടോഴ്‌സ് എന്നിവര്‍ക്ക് വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയിരുന്നു. ഇരു കമ്പനികളും വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റാലിയന്‍-അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍  ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി മാസ്‌കുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ത്രീഡി വൈസറുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോ. അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമന്‍ ടെസ്‍ല തങ്ങളുടെ പ്ലാന്‍റുകള്‍ വെന്‍റിലേറ്റര്‍ നിര്‍മ്മാണത്തിനായി വീണ്ടും തുറന്നിരിക്കുകയാണ്.