ഒറ്റദിവസം 700 ഹെക്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യന്‍ വാഹന വിപണിയിലെ തുടക്കക്കാരായ എംജി മോട്ടോഴ്‌സ്. ദീപാവലി ആഘോഷങ്ങളുടെ ആദ്യദിനമായ ധനത്രയോദശി ദിവസമാണ് ഒറ്റയടിക്ക് ഇത്രയും വാഹനങ്ങള്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് കൈമാറിയത്. 

ദില്ലിയില്‍ മാത്രം 200 യൂണിറ്റുകള്‍ കൈമാറിയെന്നും  മറ്റ് 500 വാഹനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ധനത്രയോദശിയോടനുബന്ധിച്ച് ആഘോഷങ്ങളുടെ അകമ്പടിയോടെയാണ് എംജി വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറിയത്. 

എംജി മോട്ടോഴ്‌സിനെ സംബന്ധിച്ച് ഉപഭോക്താക്കളാണ് പ്രധാനമെന്നും 700-ഓളം ഹെക്ടര്‍ ഒരു ദിവസം കൈമാറിയതിലൂടെ ഇത് വീണ്ടും അടിവരയിടുകയാണെന്നും എംജി ഗ്രൂപ്പ് സെയില്‍സ് മേധാവി രാഗേഷ് സിദ്ധാന വ്യക്തമാക്കി. 

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി.  കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്.  

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.  

ഇന്ത്യയില്‍ മികച്ച പ്രതികരണം നേടിയ ഹെക്ടറിന്റെ ഉല്‍പ്പാദനം ഇപ്പോൾ 10,000 കടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഉത്പാദനശേഷിയെക്കാൾ കൂടുതൽ ബുക്കിങ് ലഭിച്ചതിനെ തുടർന്ന് ജൂലൈ അവസാനം താൽക്കാലികമായി നിർത്തിവെച്ച‌ിരുന്ന ഹെക്ടറിന്റെ ബുക്കിംഗ് ഒക്ടോബർ ഒന്നുമുതൽ കമ്പനി വീണ്ടും സ്വീകരിച്ചു തുടങ്ങിയിരുന്നു.

അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്.   വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് വാഹനം എത്തുന്നത്.  12.48 ലക്ഷം മുതൽ 17.28 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവരാണ് ഹെക്ടറിന്‍റെ മുഖ്യ എതിരാളികള്‍.