കൊവിഡ് 19 മഹാമാരി ഭീഷണിയിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോർ ഇന്ത്യ തങ്ങളുടെ ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ വാക്സീൻ സൗജന്യമായി നൽകാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാലോളിലെ നിർമാണശാല, ഗുരുഗ്രാമിലെ കോർപറേറ്റ് ഓഫിസുകളിലെയും വിവിധ മേഖലാ ഓഫിസുകളിലെയും ജീവനക്കാരുടെ വാക്സീനേഷന് എം ജി മോട്ടോർ ഇന്ത്യ നടപടി തുടങ്ങിയതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രാദേശികതലത്തിലെ ആശുപത്രികളുമായി സഹകരിച്ചാണ് ജീവനക്കാർക്ക് എം ജി മോട്ടോർ ഇന്ത്യ കോവിഡ് 19 വാക്സീൻ ലഭ്യമാക്കുന്നത്. സാമൂഹിക സേവന വിഭാഗമായ എം ജി സേവന മുഖേന താൽപര്യമുള്ള ജീവനക്കാർക്ക്, പ്രായഭേദമന്യെ വാക്സീൻ സ്വീകരിക്കാനുള്ള അവസരമാണു കമ്പനി ഒരുക്കിയിരിക്കുന്നത്. സ്ഥിരം ജീവനക്കാർക്കു മാത്രമല്ല കമ്പനിയിലെ കരാർ ജീവനക്കാർക്കും വാക്സീൻ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാനൂറിലേറെ ജീവനക്കാർക്ക് വാക്സീനേഷന്റെ ആദ്യ നാളിൽ തന്നെ വാക്സീൻ വിതരണം ചെയ്‍ത് കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

രാജ്യത്തെ കൊവിഡ് രോഗികള്‍ക്കാവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതി എംജി ഇന്ത്യ അടുത്തിടെ ആരംഭിച്ചിരുന്നു.  വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേവ്‌നന്ദന്‍ ഗ്യാസസുമായി സഹകരിച്ചാണ് എം ജി ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതെന്ന് ഓട്ടോ എക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിനാണ് ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. പ്രത്യേകം മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നത്. ദേവ്‌നന്ദന്‍ ഗ്യാസസുമായുള്ള എം.ജിയുടെ സഹകരണത്തിലൂടെ ഓക്‌സിജന്‍ ഉത്പാദനം 25 ശതമാനം കൂടി ഉയര്‍ത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും എംജി തയ്യാറെടുക്കുന്നുണ്ട്. 

2020ല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ മാക്‌സ് വെന്റിലേറ്റേഴ്‌സ് എന്ന കമ്പനിയുമായി സഹകരിച്ച് എം ജി മോട്ടോഴ്‌സ് വെന്റിലേറ്ററുകള്‍ വികസിപ്പിച്ച് ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു. എംജിയുടെ ഹാലോല്‍ പ്ലാന്റിലായിരുന്നു വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചത്. ആരോഗ്യപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനായി രണ്ടുകോടി രൂപയുടെ ധനസഹായവും 2020ല്‍ എംജി മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു.  ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയ്ക്കുമായി 100 ഹെക്ടര്‍ എസ്‌യുവികളും  ഇന്ധനവും ഡ്രൈവര്‍മാരേയും കമ്പനി വിട്ടുനല്‍കിയിരുന്നു.   ഒപ്പം ആംബുലൻസ് നിർമ്മിച്ച് വഡോദരയിലെ  ആരോഗ്യ അധികൃതർക്കും കഴിഞ്ഞ വര്‍ഷം എംജി നൽകിയിരുന്നു. 

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡാണ് എംജി  (മോറിസ് ഗാരേജസ്).  2019 ജൂണ്‍ 27നാണ് കമ്പനി തങ്ങളുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവിയുമായി അരങ്ങേറുന്നത്.  കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചായിരുന്നു ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയില്‍ എത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona