Asianet News MalayalamAsianet News Malayalam

ജനം ക്യൂ, കച്ചവടം പൊടിപൊടിക്കുന്നു, വില്‍പ്പന ഇരട്ടിയാക്കാന്‍ ചൈനീസ് വണ്ടിക്കമ്പനി!

വില്‍പ്പന ഇരട്ടിയോളം വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോഴ്‌സ് ഇന്ത്യ മേധാവി

MG Motor India hopes to double sales this year
Author
Mumbai, First Published Sep 18, 2021, 6:03 PM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ ശ്രദ്ധേയരായ വാഹന നിര്‍മ്മാതാക്കളാണ്. ഇപ്പോഴിതാ രാജ്യത്ത് വില്‍പ്പനയില്‍ മുന്നേറാനുള്ള പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2021-22 സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പന ഇരട്ടിയോളം വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോഴ്‌സ് ഇന്ത്യ തലവന്‍ വ്യക്തമാക്കിയതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞദിവസം മിഡ് കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ആസ്റ്റര്‍ മോഡല്‍ വിപണിയിലെത്തുന്നതോടെ വില്‍പ്പന ഇരട്ടിയിലധികം വര്‍ധിക്കുമെന്നാണ് കമ്പനി കരുതുന്നത്.

കൂടാതെ, ആഗോളതലത്തിലെ സെമികണ്ടക്ടര്‍ ക്ഷാമം കാരണം വെട്ടിക്കുറച്ച ഉല്‍പ്പാദനം, 2021-22 ജനുവരി-മാര്‍ച്ച് പാദത്തോടെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. നിലവില്‍, സെമികണ്ടക്ടര്‍ ക്ഷാമം കാരണം ഉല്‍പ്പാദനശേഷിയുടെ 60-70 ശതമാനം മാത്രമാണ് എംജി മോട്ടോഴ്‌സ് പ്രവര്‍ത്തിക്കുന്നത്. 2022 ന്റെ ആദ്യ പാദത്തില്‍ ചിപ്പുകളുടെ വിതരണം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, സാഹചര്യം പൂര്‍ണമായും സാധാരണ നിലയിലാകാന്‍ ഒരു വര്‍ഷം വരെ എടുത്തേക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യയുടെ പ്രസിഡന്റ് രാജീവ് ചാബ പറഞ്ഞു.

ഗുജറാത്തിലെ ഹാലോള്‍ പ്ലാന്‍റിലെ ശേഷി വര്‍ധിപ്പിക്കുന്നതിനായി എംജി മോട്ടോഴ്‌സ് നിക്ഷേപം വിപുലീകരിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്‍തിട്ടുണ്ട്. 2022 ല്‍ 80,000-100,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിക്കുന്നതിനായിട്ടാണ് ഈ നീക്കം. കൂടാതെ, ഉത്സവ സീസണ്‍ അടുക്കുമ്പോള്‍ ആവശ്യകത വര്‍ധിക്കുകയാണെന്നും കമ്പനി അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ശക്തമായ ഡിമാന്റ് കാണുന്നുണ്ടെന്നും ചാബ പറഞ്ഞു. ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ 1.2 ശതമാനം പങ്കാളിത്തമുള്ള എംജി മോട്ടോഴ്‌സ് 2020 ല്‍ ഇത് 28,162 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതേസമയം പുതിയ മോഡലായ ആസ്റ്ററിനെക്കൂടി ഉൾക്കൊള്ളുന്നതിനായി ഗുജറാത്തിലെ ഹാലോൾ പ്ലാൻറി​ന്‍റെ ശേഷി വർധിപ്പിക്കാനും എം.ജി തീരുമാനിച്ചിട്ടുണ്ട്​. പ്രതിവർഷം 80,000 യൂണിറ്റാണ് നിലവിൽ പ്ലാൻറിന്‍റെ ശേഷി​. ഇത്​ 1,00,000 യൂനിറ്റായി ഉയർത്താനാണ്​ എം.ജി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയില്‍ പുതുതായി നിക്ഷേപം നടത്താനും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് എംജി എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി 2022 അവസാനത്തോടെ 2,500 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങുകയാണ് കമ്പനി എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലെ ഹാലോളിലെ പ്ലാന്റിലെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനാണ് പുതുതായി നിക്ഷേപം നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകം 3,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അടുത്ത വര്‍ഷം അവസാനത്തോടെ 2500 കോടി രൂപ കൂടി നിക്ഷേപിക്കും എന്നും കമ്പനി പ്രതിനിധി നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

Follow Us:
Download App:
  • android
  • ios