2020 മെയ് മാസത്തിൽ 710 യൂണിറ്റ് വിൽപ്പന നടത്തിയതായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം‌ജി മോട്ടോഴ്‍സ് ഇന്ത്യ  അറിയിച്ചു. അതേസമയം 2020 മാർച്ചിൽ എം‌ജി 1,518 യൂണിറ്റ് വിൽ‌പനയും രേഖപ്പെടുത്തി. ഏപ്രിലിൽ മറ്റ് കാർ‌ നിർമാതാക്കളെപ്പോലെ വിൽ‌പന പൂജ്യമായിരുന്നു.

ഹാലോൽ നിർമാണ പ്ലാന്റിൽ ഉത്‌പാദനം പുനരാരംഭിച്ചെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ ഏകദേശം 30 ശതമാനം ശേഷി വിനിയോഗമാണ് ഇവിടെ ഇപ്പോൾ എംജി നടത്തുന്നത്. ഇന്ത്യയിലെ സെയിൽസ്, ആഫ്റ്റർസെയിൽസ് ശൃംഖലയുടെ കാര്യത്തിൽ രാജ്യത്താകമാനം 65 ശതമാനം ഷോറൂമുകളും സർവീസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

സപ്ലൈ ചെയിൻ തകരാറും കർശനമായ ക്രെഡിറ്റ് ഫിനാൻസിംഗും ലോക്ക്ഡൗണും കാരണം ചില ഡീലർഷിപ്പുകൾ പ്രവർത്തിക്കാത്തതും മെയ് മാസത്തെ വിൽപ്പനയെ ബാധിച്ചവെന്ന് വിൽപ്പന പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട എം‌ജി മോട്ടോർ ഇന്ത്യ സെയിൽസ് ഡയറക്ടർ രാകേഷ് സിദാന പറഞ്ഞു.

കൂടാതെ 2020 ജൂലൈയിൽ വിപണിയുടെ സാധാരണ നില പുനസ്ഥാപിക്കാനാകുമെന്നും ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തങ്ങളുടെ ജനപ്രിയ ഹെക്‌ടർ എസ്‌യുവിയെ പരിഷ്‌ക്കരിച്ചുണ്ടെന്നും രാകേഷ് സിദാന കൂട്ടിച്ചേർത്തു.

മെയ് മാസത്തിൽ നടന്ന 710 യൂണിറ്റ് വിൽപ്പനയിൽ ഹെക്ടർ എസ്‌യുവിയും EZ ഇലക്ട്രിക് എസ്‌യുവിയും ഉൾപ്പെടുന്നു. വരും ആഴ്ചകളിൽ എംജിയുടെ രണ്ടാം ഘട്ട വിപുലീകരണ വേളയിൽ പൂനെ, സൂററ്റ്, കൊച്ചി, ചണ്ഡിഗഡ്, ജയ്പൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് പുതിയ EZ ഇവിയുടെ വിൽപ്പന വ്യാപിപ്പിക്കാൻ എംജി മോട്ടോർസ് പദ്ധതിയിടുന്നു.

2020 ജനുവരിയിൽ 20.88 ലക്ഷം രൂപയ്ക്കാണ് എംജി EZ ഇവി അവതരിപ്പിച്ചതെങ്കിലും തുടക്കത്തിൽ മുംബൈ, ഡൽഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളിൽ മാത്രമാണ് കമ്പനി വിൽപ്പന നടത്തിയത്.

കൊറോണ വൈറസ് വ്യാപനത്തിനെതിരായ മുൻകരുതലായി എം‌ജി മോട്ടോർസ് ഷീൽഡ് പ്ലസ് പ്രോഗ്രാമും അടുത്തിടെ അവതരിപ്പിച്ചിരുന്നു. വാഹനത്തിന്റെ ക്യാബിനിലെ വൈറസിനെ നശിപ്പിക്കാനായി മെഡ്‌ക്ലിൻ സെറാഫ്യൂഷൻ സ്റ്റൈറിലൈസേഷൻ കോൺടാക്റ്റ് ഫ്രീ സാങ്കേതികവിദ്യയാണിത്. ഇത് ഉപഭോക്താവും ഡീലർഷിപ്പുകളും ജീവനക്കാരും തമ്മിലുള്ള സമ്പർക്കം കഴിയുന്നിടത്തോളം നിലനിർത്തുന്നതിന് സഹായിക്കുന്നു.

അടുത്തിടെ കമ്പനി തങ്ങളുടെ വാഹന ഉടമകൾക്കായി "മൈ എം‌ജി" എന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. കോൺ‌ടാക്റ്റ്ലെസ് വിൽ‌പനയും സേവനങ്ങളും നൽകുന്നതിനായിട്ടാണ് പുതിയ ആപ്പിന്‍റെ അവതരണം. സർവീസ് റിമൈൻഡർ , വെഹിക്കിൾ വെൽനസ് അപ്‌ഡേറ്റുകൾ എന്നിവ പോലുള്ള നിരവധി സവിശേഷതകൾ ഈ ആപ്ലിക്കേഷൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പറും ഒടിപിയും ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാൻ കഴിയും. 

ആപ്ലിക്കേഷൻ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് ഒരു പുതിയ എം‌ജി വാഹനം ബുക്ക് ചെയ്യാനും പുതിയ കാർ ബുക്കിംഗ് ട്രാക്കുചെയ്യാനും  കഴിയും. ഉൽ‌പാദനം മുതൽ ഡെലിവറി  (ഇസഡ് എസ് - ഇവി മാത്രം) വരെ, വാറന്റി, ഡിജിറ്റൽ മാനുവൽ ആക്സസ്, പരിരക്ഷണ പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള കാറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ മനസ്സിലാക്കുവാൻ സാധിക്കും. അടുത്തുള്ള ഡീലർമാരുടെ സ്ഥലവും അവിടേക്കുള്ള വഴിയും,  ആർ‌എസ്‌എ, ഡിജിറ്റൽ വാലറ്റ് എന്നിവയും മറ്റ് ചില പ്രധാന സവിശേഷതകളാണ്.

സർവീസിനായി ഉടമകൾക്ക് സർവീസ് എസ്റ്റിമേറ്റ് , മൊത്തം ചെലവുകൾക്കൊപ്പം സർവീസ് ഹിസ്റ്ററി,  അടുത്ത സർവീസ് റിമൈൻഡർ, സർവീസ് അപ്പോയിന്റ്മെന്റ് ബുക്കിംഗ് (പിക്ക്-അപ്പ് ഡ്രോപ്പ് ഓപ്ഷൻ ), വാഹന സർവീസ് തത്സമയ ട്രാക്കിംഗ്, ആപ്ലിക്കേഷൻ വഴി ഓൺലൈൻ പേയ്‌മെന്റ് തുടങ്ങിയവയും ഇതിലൂടെ അറിയാം. 

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി. രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ് വാഹനം. 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്.

ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്. കമ്പനിയുടെ രണ്ടാമത്തെ വാഹനം ഇസഡ്എസ് ഇലക്ട്രിക്കും അടുത്തിടെ വിപണിയില്‍ എത്തിയിരുന്നു. ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‍യുവിയായ ഇസഡ്എസ് എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റില്‍ തന്നെയാണ് അസംബിള്‍ ചെയ്യുന്നത്.