കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ വീണ്ടും പിന്തുണയുമായി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സ് ഇന്ത്യ. രാജ്യത്ത് കൊറോണ പ്രതിരോധത്തിനായി ശക്തമായ പിന്തുണയാണ് എംജി മോട്ടോഴ്‌സ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ രണ്ടുകോടി രൂപയുടെ ധനസഹായവും കമ്പനി പ്രഖ്യാപിച്ചിരുന്നു. കൂടാതെ വെന്റിലേറ്ററിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒപ്പം സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ്, ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവയും എംജി നല്‍കുന്നുണ്ട്.

100 ഹെക്ടര്‍ എസ്‌യുവികളാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കുക. മേയ് മാസം അവസാനം വരെ ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് തുടങ്ങിയവര്‍ക്ക് ഉപയോഗിക്കാനാണ്  ഇപ്പോള്‍ കമ്പനി ഹെക്ടര്‍ എസ്‍യുവി വിട്ടുനല്‍കുന്നത്.  ഈ വാഹനത്തിന് ആവശ്യമായ ഇന്ധനവും ഡ്രൈവര്‍മാരേയും എംജി തന്നെ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡീലര്‍ഷിപ്പുകളില്‍ നിന്നാണ് വാഹനങ്ങള്‍ അനുവദിക്കുക. ഈ സാഹചര്യത്തില്‍ ആരോഗ്യരംഗത്തും മറ്റും പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബ്രിട്ടണില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് എംജിയുടെ 100 ഇലക്ട്രിക് എസ്‌യുവിയാണ് യുകെയിലുടനീളമുള്ള എന്‍എച്ച്എസ് ഏജന്‍സിക്ക് നല്‍കിയിരുന്നു. ഇതേ മാതൃക പിന്തുടര്‍ന്നാണ് എംജി ഇന്ത്യയിലെ കൊറോണ പ്രതിരോധനത്തിനായി ഹെക്ടര്‍ എസ്‌യുവി നല്‍കുന്നത്. 

ചികിത്സാലയങ്ങൾക്കു രണ്ടു കോടി രൂപയുടെ സഹായമാണ് എംജി മോട്ടോർ ഇന്ത്യയുടെ വാഗ്‍ദാനം. കമ്പനിയുടെ നിർമാണശാല സ്ഥിതി ചെയ്യുന്ന, ഗുജറാത്തിലെ വഡോദരയ്ക്കടുത്ത് ഹാലോളിലെയും ഓഫിസ് പ്രവർത്തിക്കുന്ന ഗുരുഗ്രാമിലെയും സർക്കാർ ആശുപത്രികൾക്കും ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾക്കുമാണ് കമ്പനി ധനസഹായം ലഭ്യമാക്കുക.  ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനും സമൂഹത്തിന്റെ താഴെത്തട്ടിൽ നിന്നുള്ള രോഗികളുടെ ചികിത്സാർഥവുമാണ് സഹായം അനുവദിക്കുന്നതെന്നു കമ്പനി വിശദീകരിച്ചു. മാരകമായ വൈറസിനെതിരെ പോരാടുന്നതിന് ഇന്ത്യൻ ഗവൺമെന്റിന് വലിയ സഹായങ്ങൾ ആവശ്യമാണ് എന്ന് തങ്ങൾ തിരിച്ചറിഞ്ഞതായി എംജി മോട്ടോർ ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

ഒരു കോടി രൂപ എം ജി മോട്ടോർ ഇന്ത്യയുടെ വിഹിതവും ബാക്കിയുള്ള ഒരു കോടി കമ്പനി ജീവനക്കാരുടെ സംഭാവനയുമാണ്. ഗുരുഗ്രാമിലെയും ഹാലോളിലെയും ചികിത്സാ കേന്ദ്രങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ചാവും കമ്പനി സഹായം ലഭ്യമാക്കുക. പണത്തിനു പകരം കയ്യുറകൾ, മാസ്കുകൾ, വെന്റിലേറ്റർ, മരുന്നുകൾ, കിടക്കകൾ  തുടങ്ങി അതത് സ്ഥലത്ത് ആവശ്യമുള്ള ചികിത്സാ സാമഗ്രികൾ എത്തിക്കാനാണു കമ്പനിയുടെ പദ്ധതി. ഈ പണം ആശുപത്രികൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങൾ സ്വരുക്കൂട്ടാൻ അനുവദിക്കും. ഇതിൽ മാസ്കുകൾ, കയ്യുറകൾ, മരുന്നുകൾ, കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവ ഉൾപ്പെടും. ഇതിനോടൊപ്പം മറ്റേതെങ്കിലും വൈദ്യസഹായം ആവശ്യമെങ്കിൽ അതും ലഭ്യമാക്കുമെന്നും കമ്പനി നേരത്തെ പറഞ്ഞിരുന്നു.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവിയുമായി 2019 ജൂണ്‍ 27നാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.