2021 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍  ഇരട്ടിയിലധികം വളര്‍ച്ച നേടിയതായി കമ്പനി

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‍സിന് ഇന്ത്യന്‍ കാര്‍ വിപണിയില്‍ മികച്ച നേട്ടം. 2021 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ ഇരട്ടിയിലധികം വളര്‍ച്ച നേടിയതായി കമ്പനി വ്യക്തമാക്കി.

കഴിഞ്ഞമാസം 4,225 യൂണിറ്റുകളാണ് എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ വിറ്റഴിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ല്‍ ആകെ 2,105 യൂണിറ്റുകള്‍ മാത്രമായിരുന്നു കമ്പനിയുടെ വില്‍പ്പന എന്നാണ് കണക്കുകള്‍. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 101 ശതമാനമാണ് വളര്‍ച്ചയെന്ന് ഇന്ത്യ ടുഡേ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ കഴിഞ്ഞമാസം തങ്ങളുടെ ഇലക്ട്രിക് പതിപ്പായ ZS EV യുടെ ഏറ്റവും ഉയര്‍ന്ന ബുക്കിംഗും റീട്ടെയില്‍ വില്‍പ്പനയും കാര്‍ നിര്‍മ്മാതാക്കള്‍ രേഖപ്പെടുത്തി. ഈ വിഭാഗത്തില്‍ 600 ലധികം ബുക്കിംഗാണ് കമ്പനി നേടിയത്.

ഈ മാസത്തില്‍ ഹെക്ടറും ZS EVയും കൂടുതല്‍ വിറ്റഴിഞ്ഞതായി ജൂലൈയിലെ മൊത്തത്തിലുള്ള വില്‍പ്പനയെക്കുറിച്ച് എംജി മോട്ടോര്‍ ഇന്ത്യ ഡയറക്ടര്‍ (സെയില്‍സ്) രാകേഷ് സിദാന പറഞ്ഞു. എങ്കിലും ചിപ്പുകളുടെ കടുത്ത ക്ഷാമം കുറച്ചുകാലം തുടരുമെന്നു കരുതുന്നതായും ഇത് വിതരണ നിയന്ത്രണങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യതയെ കുറിച്ച് ധാരാളം പേര്‍ ചോദിക്കുന്നുണ്ടെന്നും ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ തയാറാണെന്നാണ് കമ്പനിയുടെ ഉത്തരം എന്നും എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ ട്വീറ്റില്‍ പറഞ്ഞു. ജൂലൈയില്‍ മാത്രം കമ്പനിയുടെ ZS EV ക്ക് , 600 ലധികം ബുക്കിംഗുകളാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എക്കാലത്തെയും ഉയര്‍ന്ന ബുക്കിംഗാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡല്‍ ഹെക്ടര്‍ എസ്‍യുവി ആണ്. രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ് വാഹനം. 2019 ജൂണ്‍ 27നാണ് ഹെക്ടറുമായി എംജി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. 

ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ 2020 ജനുവരിയിലാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് വിപണിയില്‍ അവതരിപ്പിച്ചത്. 44.5 കിലോവാട്ട് 'ഹൈടെക്' ബാറ്ററി പായ്ക്കാണ് 2021 എംജി ZS ഇവിയുടെ മുഖ്യ ആകർഷണം . 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona