Asianet News MalayalamAsianet News Malayalam

ഇന്ത്യയ്ക്ക് വേണ്ടി ഓക്‌സിജന്‍ ഉണ്ടാക്കാൻ ചൈനീസ് വണ്ടിക്കമ്പനി!

ഇന്ത്യയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി ചൈനീസ് വണ്ടിക്കമ്പനി

MG Motors and Devnanad Gases collaborate to increase medical oxygen production
Author
Mumbai, First Published Apr 29, 2021, 12:01 PM IST

രാജ്യത്ത് കൊറോണ മഹാമാരി രൂക്ഷമായി വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ രാജ്യത്ത് ദുരിതം അനുഭവിക്കുന്ന രോഗികളെ സഹായിക്കാന്‍ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോഴ്‌സ്. കൊവിഡ് രോഗികള്‍ക്കാവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേവ്‌നന്ദന്‍ ഗ്യാസസുമായി സഹകരിച്ചാണ് എം ജി ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതെന്ന് ഓട്ടോ എക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിനാണ് ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

ഓക്‌സിജന്‍ ഉത്പാദിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തിനായി ഞങ്ങളോട് സഹകരിക്കുന്ന എം.ജി. മോട്ടോഴ്‌സിന് നന്ദി അറിയിക്കുന്നതായും ഇതിലൂടെ ഓക്‌സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവ്‌നന്ദന്‍ ഗ്യാസസ് മേധാവി അഭിപ്രായപ്പെട്ടു. പ്രത്യേകം മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നത്. റിപ്പോർട്ട് അനുസരിച്ചു ദേവ്‌നന്ദന്‍ ഗ്യാസസുമായുള്ള എം.ജിയുടെ സഹകരണത്തിലൂടെ ഓക്‌സിജന്‍ ഉത്പാദനം 25 ശതമാനം കൂടി ഉയര്‍ത്താനുള്ള സൗകര്യങ്ങള്‍ ചെയ്യും.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020ല്‍ മാക്‌സ് വെന്റിലേറ്റേഴ്‌സ് എന്ന കമ്പനിയുമായി സഹകരിച്ച് എം ജി മോട്ടോഴ്‌സ് വെന്റിലേറ്ററുകള്‍ വികസിപ്പിച്ച് ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു. എംജിയുടെ ഹാലോല്‍ പ്ലാന്റിലായിരുന്നു വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചത്. ആരോഗ്യപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനായി രണ്ടുകോടി രൂപയുടെ ധനസഹായവും 2020ല്‍ എംജി മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു.  ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയ്ക്കുമായി 100 ഹെക്ടര്‍ എസ്‌യുവികളും  ഇന്ധനവും ഡ്രൈവര്‍മാരേയും കമ്പനി വിട്ടുനല്‍കിയിരുന്നു.   

ഒപ്പം ആംബുലൻസ് നിർമ്മിച്ച് വഡോദരയിലെ  ആരോഗ്യ അധികൃതർക്കും കഴിഞ്ഞ വര്‍ഷം എംജി നൽകിയിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നടരാജ് മോട്ടോർ ബോഡി ബിൽഡേഴ്സുമായി സഹകരിച്ചാണ് എംജി മോട്ടോഴ്സ് ഹെക്ടർ ആംബുലൻസ് നിർമ്മിച്ചത്. ഓട്ടോ ലോഡിങ് സ്ട്രക്ചർ, ഓക്സിജൻ സിലിണ്ടർ, അറ്റൻഡന്റിനു   ജമ്പർ സീറ്റ്, ഫയർ എക്സ്റ്റിംഗ്യൂഷർ, 5 പരാമീറ്റർ മോണിറ്ററോട് കൂടിയ മെഡിസിൻ കാബിനറ്റ്, ഇന്റെര്ണൽ ലൈറ്റുകൾ, മുകളിൽ ടോപ്പ് ബാർ ലൈറ്റ്, സൈറൺ, ആംപ്ലിഫയർ,  ഇൻവെർട്ടർ,  ബാറ്ററി മറ്റു അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഈ വാഹനത്തിൽ തന്നെ സജ്ജീകരിച്ചിരുന്നു.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി. രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ് വാഹനം. 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയില്‍ എത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios