Asianet News MalayalamAsianet News Malayalam

ഇനി കളി മാറും, 500 കിമീ മൈലേജുള്ള കാറുമായി ചൈനീസ് കമ്പനി ഇന്ത്യയിലേക്ക്!

ഇന്ത്യയ്ക്കായി പുതിയ വാഹനത്തിന്‍റെ പണിപ്പുരയില്‍ ചൈനീസ് കമ്പനി

MG Motors Plans to Introduce An Electric Vehicle With A 500 Km Range In India
Author
Mumbai, First Published Feb 15, 2021, 11:06 AM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സായിക്കിന്‍റെ കീഴിലുള്ള എം ജി മോട്ടോഴ്‌സ് ഇന്ത്യന്‍ വാഹന വിപണിയില്‍ വമ്പന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിന്‍റെ പണിപ്പുരയിലാണ് കമ്പനിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എം ജി മോട്ടോഴ്‌സ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ രാജീവ് ചാബാ ഓണ്‍ലൈന്‍ മാധ്യമമായ കാര്‍ ആന്‍ഡ് ബൈക്കിനോട് ഇക്കാര്യം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍, ഈ വാഹനത്തില്‍ ഉപയോഗിക്കുന്ന ബാറ്ററി എതായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. നിലിവലെ എം ജിയുടെ ഇലക്ട്രിക്ക് കാറായ ZS ഇലക്ട്രിക്കില്‍ നല്‍കിയിട്ടുള്ള ബാറ്ററിയുടെ ശേഷി ഉയര്‍ത്തിയായിരിക്കും പുതിയ വാഹനത്തില്‍ നല്‍കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. 

റേഞ്ചില്‍ ഉള്‍പ്പെടെ കാര്യമായ മാറ്റം വരുത്തി എം.ജി. ZS ഇലക്ട്രിക് കഴിഞ്ഞ ദിവസമാണ് മുഖം മിനുക്കിയെത്തിയത്. 44.5 കിലോവാട്ട് 'ഹൈടെക്' ബാറ്ററി പായ്ക്കാണ് 2021 എംജി ZS ഇവിയുടെ മുഖ്യ ആകർഷണം . ഈ ബാറ്ററി പാക്ക് 2021 മോഡലിന്റെ റേഞ്ച് 419 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട് എന്നും എംജി മോട്ടോർ അവകാശപ്പെടുന്നു.എന്നാൽ, 44.5 കിലോവാട്ട് തന്നെ കപ്പാസിറ്റിയുള്ള ഇതുവരെ വില്പനയിലുണ്ടായിരുന്ന എംജി ZS ഇവിയുടെ റേഞ്ച് 340 കിലോമീറ്റർ ആയിരുന്നു. മിക്ക സാഹചര്യങ്ങളിലും ഒരു ചാർജിൽ 300-400 കിലോമീറ്റർ സഞ്ചരിക്കാനുള്ള പ്രായോഗിക പരിധിയാണ് പുത്തൻ ബാറ്ററി പാക്ക് നൽകുന്നത്.

2021 എംജി ZS ഇവിയുടെ വിലയും കൂടിയിട്ടുണ്ട്. എക്‌സൈറ്റ് പതിപ്പിന് 11,000 രൂപ കൂടി 20.99 ലക്ഷവും, എക്‌സ്‌ക്‌ളൂസീവ് പതിപ്പിന് 60,000 രൂപ കൂടി 24.18 ലക്ഷം രൂപയുമാണ് പുതിയ എക്‌സ്-ഷോറൂം വില എന്നാണ് റിപ്പോർട്ട്. 177 എംഎം ആയിരുന്ന ഗ്രൗണ്ട് ക്ലിയറൻസ് പുത്തൻ മോഡലിൽ 16 എംഎം വർദ്ധിപ്പിച്ച് ഇപ്പോൾ 205 എംഎം ആണ്. ആറ് എയർബാഗുകൾ, എബി‌എസ്, ഇ‌എസ്‌സി, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ-ഡിസന്റ് കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ, സെൻസറുകൾ എന്നിവയാണ് സുരക്ഷാ ഫീച്ചറുകൾ. എംജി ZS ഇവിയ്ക്ക് പൂജ്യത്തിൽ നിന്ന്‌ 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ 8.5 സെക്കന്റ് മതി.

ഇസഡ് എക്‌സ് എസ്‍യുവിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്‍യുവിയാണ് ഇസഡ്എസ്. ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‍യുവിയായ ഇസഡ്എസ് എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് അസംബിള്‍ ചെയ്യുന്നത്.  കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയില്‍ വാഹനം അവതരിപ്പിച്ചിരുന്നു. ബ്രിട്ടണില്‍ ഇ ഇസഡ്എസ് വില്‍പ്പനയിലുണ്ട്.

അടുത്തിടെ ഇസെഡ് എസ് പ്രതിമാസ വാടക നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിയും കമ്പനി അവതരിപ്പിച്ചിരുന്നു. സൂംകാറുമായും ഒറിക്സുമായും സഹകരിച്ചാണ് എം ജി ഈ സബ്സ്ക്രൈബ് പദ്ധതി അവതരിപ്പിച്ചത്. മുംബൈയിൽ പ്രതിമാസം 49,999 രൂപയാണു ഈ കാറിന്‍റെ വാടക. എം ജി സബ്സ്ക്രൈബിന്റെ കീഴിലുള്ള ഈ സേവനത്തിന് പ്രാരംഭകാല ആനുകൂല്യമെന്ന നിലയിലാണ് ഈ നിരക്കെന്നും കമ്പനി വ്യക്തമാക്കുന്നു; അതുകൊണ്ടുതന്നെ, വൈകാതെ സെഡ് എസിന്റെ മാസവാടക നിരക്കുകൾ ഉയരുമെന്നാണു സൂചന. 

മൂന്നു വർഷ കാലാവധിയുള്ള സബ്സ്ക്രൈബ് പദ്ധതി പ്രകാരമാണ് സെഡ് എസ് 49,999 രൂപ പ്രതിമാസ വാടകയ്ക്ക് മുംബൈയിൽ ലഭിക്കുകയെന്നും എം ജി വ്യക്തമാക്കുന്നു. ഇതിനു പുറമെ 12, 24, 18, 30 മാസത്തവണകൾ വീതം അടച്ചും സെഡ് എസ് സ്വന്തമാക്കാൻ അവസരമുണ്ട്. ആദ്യ ഘട്ടത്തിൽ മുംബൈയ്ക്കു പുറമെ പുണെ, ഡൽഹി രാജ്യതലസ്ഥാന മേഖല(എൻ സി ആർ), ബെംഗളൂരു എന്നിവിടങ്ങളിലും സബ്സ്ക്രൈബ് പദ്ധതി ലഭ്യമാണ്.

അവതരിപ്പിച്ച ഇതിനോടകം ZS ഇലക്ട്രിക്കിന്റെ 1300 യൂണിറ്റാണ് എം.ജി. മോട്ടോഴ്‌സ് വിറ്റഴിച്ചിട്ടുള്ളത്. 500 കിലോമീറ്റര്‍ റേഞ്ചുള്ള വാഹനം എത്തുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണി കൈപ്പിടിയില്‍ ഒതുക്കാമെന്നാണ് എം.ജി.മോട്ടോഴ്‌സിന്റെ പ്രതീക്ഷ. നിലവില്‍ ടാറ്റ മോട്ടോഴ്‌സാണ് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നത്. എന്നാല്‍, കുറഞ്ഞ വിലയിലുള്ള വാഹനം എത്തുന്നതോടെ ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാന്‍ എം.ജിക്ക് സാധിക്കുമെന്നും കമ്പനി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios