ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡാണ് എംജി (മോറിസ് ഗാരേജസ്).  2019 ജൂണ്‍ 27നാണ് ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവിയുമായി കമ്പനിയുടെ വരവ്. പിന്നാലെ മൂന്നു മോഡലുകള്‍ കൂടി അവതരിപ്പിച്ചാണ് കമ്പനി വാഹനലോകത്തെ അമ്പരപ്പിച്ചത്. 

വാഹന മോഡലുകളുടെ നിര വികസിക്കുന്നതിനൊപ്പം എം ജിയുടെ സ്വാധീനവും ഇന്ത്യന്‍ നിരത്തുകളില്‍ കൂടുതല്‍  ശക്തമാകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പുറത്തുവന്ന 2020 ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. 4010 യൂണിറ്റുകളാണ് ഡിസംബറില്‍ മാത്രം എം ജി മോട്ടോഴ്‌സ് ഇന്ത്യയില്‍ വിറ്റതെന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 3430 യൂണിറ്റുകളും ഹെക്ടറുകളാണ്. 2019 ഡിസംബറിനെ അപേക്ഷിച്ച് 33 ശതമാനത്തിന്റെ വളര്‍ച്ചയും 2020-ലെ മൊത്ത വില്‍പ്പനയില്‍ 77 ശതമാനത്തിന്റെ നേട്ടവും എം ജി മോട്ടോഴ്‍സിന് ലഭിച്ചു എന്നാണ് കണക്കുകള്‍. 

ഡിസംബര്‍ മാസം മാത്രം ഹെക്ടറിന് 5000 ബുക്കിംഗ് ലഭിച്ചു. എംജിയുടെ ഇലക്ട്രിക് എസ്‍യു‍വിയായ ZS EV-ക്ക് 200 ബുക്കിങ്ങും ലഭിച്ചു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച പ്രീമിയം എസ്.യു.വി. മോഡലായ ഗ്ലോസ്റ്ററിന് ഇതിനോടകം 3000 ബുക്കിംഗ് ലഭിക്കുകയും 1085 യൂണിറ്റ് നിരത്തുകളില്‍ എത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം 2020 നവംബറിലും റെക്കോഡ് വില്‍പ്പനയായിരുന്നു കമ്പനിക്ക്. 2019 നവംബറിലെ വില്‍പ്പനയെ അപേക്ഷിച്ച് 28.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് 2020 നവംബറിലും കമ്പനി സ്വന്തമാക്കിയത്.  

ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്. നാല് വാഹനങ്ങളാണ് നിലവില്‍ എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഗ്ലോസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS എന്നിവയാണ് എം.ജിയുടെ വാഹനനിര. ഹെക്ടറിന്റെ ആറ് സീറ്റര്‍ പതിപ്പായി എത്തിയ ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റ് പതിപ്പും ഈ മാസം വിപണിയില്‍ എത്തിയേക്കും. 

ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ഹെക്ടര്‍ ഇറങ്ങുന്നത്. ഒരു വര്‍ഷം പിന്നിടുന്നതോടെ ഹെക്ടറിന്റെ 25,000 യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്.  കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനം ഇസഡ്എസ് ഇലക്ട്രിക്ക് 2020 ജനുവരിയിലാണ് വിപണിയില്‍ എത്തിയത്. ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‍യുവിയായ ഇസഡ്എസ് എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റില്‍ തന്നെയാണ് അസംബിള്‍ ചെയ്യുന്നത്. രണ്ടാമനായി എത്തിയ ZS ഇലക്ട്രിക്കിന്റെ 1243 യൂണിറ്റ് ഇതിനോടകം വിറ്റഴിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.