ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ്. കമ്പനിയുടെ രണ്ടാമത്തെ വാഹനവും ഇന്ത്യയിലെത്തിക്കഴിഞ്ഞു. രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‍യുവിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇസഡ്എസ്  ഇവിയായിരുന്നു ഈ രണ്ടാമന്‍. 

ഇപ്പോഴിതാ മൂന്നാമതൊരു മോഡലിനെക്കൂടി ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  ആ വാഹനം മാക്‌സസ് D90 എസ്‍യുവി ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം ഇന്ത്യയിൽ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ചൈനീസ് ബ്രാൻഡിന്റെ ഫ്ളാഗ്ഷിപ്പ് മോഡലാണ് മാക്‌സസ് D90. പരുക്കൻ എസ്‌യുവിയെ ഇന്ത്യക്ക് വേണ്ടി എം‌ജി പൂർണ്ണ വലുപ്പത്തിലുള്ള ഏഴ് സീറ്ററായി കോസ്മെറ്റിക് പരിഷ്‍കാരങ്ങൾ നൽകി പുനർനിർമ്മിച്ചേക്കാം. 5005 എംഎം നീളവും, 1932 എംഎം വീതിയും, 1875 എംഎം ഉയരവും, 2950 എംഎം വീൽബേസുമുണ്ട് മാക്‌സസ് D90ന്. അതായത് ഫോർച്യൂണറിനേക്കാളും എൻഡവറിനേക്കാളും നീളുമുണ്ട്.

കറുപ്പിൽ പൊതിഞ്ഞ വലിപ്പമേറിയ ഗ്രിൽ, നീളം കൂടിയ റാപ്പ്-എറൗണ്ട്‌ ഹെഡ് ലാംപ്, കറുപ്പ് ഘടകങ്ങൾ ചേർന്ന സ്പോർടിയായ മുന്നിലെയും പിന്നിലെയും ബമ്പറുകൾ, ബോഡി ക്ലാഡിങ് എന്നിവ മാക്‌സസ് D90-യുടെ എസ്‌യുവി ഭാവം ഊട്ടിയുറപ്പിക്കുന്നു. കറുപ്പിൽ പൊതിഞ്ഞ ബി,സി പില്ലറുകൾ, റൂഫ് റെയിലുകൾ, റിയർ വ്യൂ മിറർ കവർ, അലോയ് വീൽ എന്നിവ മാക്‌സസ് D90ന്‍റെ സ്പോര്‍ട്ടി ഭാവം ഉറപ്പിക്കും.

ചൈനീസ് വിപണിയിൽ 224 പിഎസ് പവറും 360 എൻഎം ടോർക്കും സൃഷ്‍ടിക്കുന്ന 2.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് മാക്‌സസ് D90യുിടെ ഹൃദയം. പക്ഷേ വാഹനം ഇന്ത്യയിലെത്തുമ്പോള്‍ ഹെക്ടറിലുള്ള 2.0-ലിറ്റർ ഡീസൽ എൻജിൻ തന്നെയാകാനാണ് സാധ്യത. 6-സ്പീഡ് മാന്വൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ടാകും. ഓട്ടോമാറ്റിക്, ഇക്കോണമി, മോഷൻ, സ്നോ, സാൻഡി, മഡ്, റോക്ക് എന്നിങ്ങനെ ഏഴോളം ഡ്രൈവിംഗ് മോഡുകളും ഫോർ-വീൽ ഡ്രൈവ് സംവിധാനവും ഇന്ത്യയ്ക്കായുള്ള മോഡലിലുണ്ടാകും.

ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഓട്ടോമാറ്റിക് എമർജൻസി ബ്രെക്ക് സിസ്റ്റം, പനോരാമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360-ഡിഗ്രി കാമറ, 12.3-ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഇലക്ട്രിക്ക് ടൈൽഗേറ്റ് എന്നിവയാണ് മാക്‌സസ് D90-യിലെ പ്രധാന ഫീച്ചറുകൾ. ഏകദേശം 30 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കുന്ന ടൊയോട്ട ഫോർച്യൂണറിനോടും ഫോർഡ് എൻഡവറിനോടുമാണ് മത്സരിക്കുക.  2020ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറുന്ന വാഹനം 2020 ന്റെ അവസാനത്തിൽ വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനും ഒരുങ്ങുകയുമാണ് എംജി.  3000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 2000 കോടിയുടെ നിക്ഷേപമാണ് എംജി ഇന്ത്യയില്‍ നടത്തിയിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ നിരത്തില്‍ വന്‍ വിജയം കൊയ്യുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പണമിറക്കാനുള്ള കമ്പനിയുടെ ഈ തീരുമാനം.  

2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമുള്ള വാഹനത്തിന്‍റെ ഇതുവരെയുള്ള വില്‍പ്പന 13,000 കടന്നു. ഇലക്ട്രിക് ഹെക്ടറും ഉടന്‍ നിരത്തിലെത്താനാരുങ്ങുകയാണ്.  2021-ഓടെ എംജിയുടെ നാല് മോഡലുകള്‍ കൂടി ഇന്ത്യയില്‍ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് എംജിക്ക് ഇന്ത്യയില്‍ ഉള്ളതെന്നും അതിനായാണ് 3000 കോടിയുടെ നിക്ഷേപം കൂടി നടത്തുന്നതെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.  ആഗോളതലത്തില്‍ തന്നെ എസ്‌യുവി വാഹനങ്ങള്‍ക്ക് അനുകൂല സാഹചര്യമായതിനാല്‍ ഈ ശ്രേണിയിലുള്ള വാഹനങ്ങള്‍ക്കായിരിക്കും എംജി പ്രാധാന്യം നല്‍കുകയെന്നും എംജി കൊമേഷ്യല്‍  ഓഫീസര്‍ ഗൗരവ് ഗുപ്‍ത അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.  ഈ പ്ലാന്റും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനാണ് 2000 കോടിയുടെ നിക്ഷേപം എംജി നേരത്തെ നടത്തിയിട്ടുള്ളത്.

എന്തായാലും എംജിയുടെ സാന്നിധ്യം കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനായും സര്‍വീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും 2020 മാര്‍ച്ച് മാസത്തോടെ വര്‍ക്ക് ഷോപ്പ് ഉള്‍പ്പെടെയുള്ള 250 ഷോറൂമുകള്‍ തുറക്കാനുള്ള നീക്കങ്ങളും എംജി നടത്തുന്നുണ്ട്.