Asianet News MalayalamAsianet News Malayalam

ഇസഡ്എസ് പെട്രോള്‍ വേര്‍ഷനുമായി എംജി

എംജി ഇസഡ്എസ് പെട്രോള്‍ വേര്‍ഷന്‍ ഇന്ത്യയിലെത്തും

MG to launch ZS petrol in India
Author
Mumbai, First Published Feb 4, 2020, 12:06 PM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജിന്‍റെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കിനെ ജനുവരി 23 നാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനത്തിന്റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2021 തുടക്കത്തിലായിരിക്കും എംജി ഇസഡ്എസ് പെട്രോള്‍ വേര്‍ഷന്‍ ഇന്ത്യയിലെത്തുന്നത്. അങ്ങനെയെങ്കില്‍ മോഡലിന്റെ ചെറുതായി പരിഷ്‌കരിച്ച വേര്‍ഷനായിരിക്കാം പെട്രോള്‍ എന്‍ജിന്‍ പതിപ്പായി പുറത്തിറക്കുന്നത്.

ആഗോള വിപണികളില്‍ വില്‍ക്കുന്നതുപോലെ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ മിഡ്‌സൈസ് എസ്‌യുവിക്ക് കരുത്തേകും. ഈ മോട്ടോര്‍ 111 എച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 12.4 സെക്കന്‍ഡ് മതി.

ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയുമായി താരതമ്യം ചെയ്യുമ്പോള്‍ കാബിന്‍ നിലവാരം കുറേക്കൂടി ഉയര്‍ന്നതായിരിക്കും. കൂടുതല്‍ സ്‌പോര്‍ട്ടിയായ ഉള്‍ഭാഗം നല്‍കിയേക്കും. 16 ലക്ഷം രൂപ മുതല്‍ വില പ്രതീക്ഷിക്കാം.

1.0 ലിറ്റര്‍ പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയ്ന്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ എന്നീ ഓപ്ഷനുകളോടെ എംജി ഇസഡ്എസ് പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 1.5 ലിറ്റര്‍ എന്‍ജിന്‍ 106 എച്ച്പി കരുത്തും 141 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്.

ഇസഡ്എസ് ഇലക്ട്രിക്കിനെ ജനുവരി 23നാണ് കമ്പനി അവതരിപ്പിക്കുന്നത്. എക്‌സൈറ്റ്, എക്‌സ്‌ക്ല്യുസീവ് എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. 19.88 ലക്ഷം മുതല്‍ 22.58 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില. നിലവില്‍ ഈ വാഹനം ബുക്കു ചെയ്‍തവര്‍ക്ക് മാത്രമാണ് ഈ വിലയില്‍ വാഹനം ലഭിക്കുക. പുതിയ ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ കൂടി അധികമായി നല്‍കണം.

വാഹനത്തിന്‍റെ ബുക്കിംഗ് ഡിസംബര്‍ 21 മുതലാണ് കമ്പനി സ്വീകരിച്ചു തുടങ്ങിയത്. ബുക്കിംഗ് 2,300 യൂണിറ്റ് റെക്കോർഡ് മറികടന്നിരുന്നു. ഇത് 2019 -ലെ ഇന്ത്യൻ വിപണിയിലെ മുഴുവന്‍ ഇലക്ട്രിക് കാർ വിൽപ്പനയേക്കാൾ കൂടുതലാണ്. ഇതോടെ വാഹനത്തിനുള്ള ബുക്കിംഗ് കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണ്. ദില്ലി, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ പ്രമുഖ നഗരങ്ങളിലാണ് എംജി വാഹനം ആദ്യം വില്‍പ്പനയ്‌ക്കെത്തുന്നത്. ഹെക്ടറിന് പിന്നാലെ എംജി മോട്ടാർ പുറത്തിറക്കുന്ന ഇലക്ട്രിക് എസ്‍യുവിയിൽ എംജിയുടെ കണക്റ്റിവിറ്റി ഫീച്ചറുകളെല്ലാമുണ്ട്.  രാജ്യത്ത് കമ്പനിയുടെ രണ്ടാമത്തെ വാഹനമാണ് എം‌ജി ZS ഇവി. മറ്റ് നിർമ്മാതാക്കളിൽ നിന്ന് വ്യത്യസ്തമായി, ഈ വിഭാഗത്തിൽ ഒരു വലിയ വിപണി വിഹിതം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാമത്തെ ഉൽപ്പന്നമായി ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ എം‌ജി മോട്ടോർ തീരുമാനിച്ചത്.

എം‌ജി ZS ഇലക്ട്രിക് വാഹനത്തിൽ ബ്രാൻഡിന്റെ സിഗ്‌നേച്ചർ ഒമേഗ ആകൃതിയിലുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, ക്രോം ഘടകങ്ങൾ പതിപ്പിച്ച കോൺകേവ് ഗ്രില്ല്, ചാർജിംഗ് പോർട്ടുകൾ വെളിപ്പെടുത്തുന്നതിന് മുകളിലേക്ക് സ്ലൈഡുചെയ്യുന്ന കമ്പനി ലോഗോ, 17 ഇഞ്ച് മെഷീൻ കട്ട് അലോയി വീലുകൾ എന്നിവ ഉൾപ്പെടുന്നു.

ഇസഡ് എക്‌സ് എസ്‍യുവിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്‍യുവിയാണ് ഇസഡ്എസ്. ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‍യുവിയായ ഇസഡ്എസ് എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് അസംബിള്‍ ചെയ്യുന്നത്.  കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയില്‍ വാഹനം അവതരിപ്പിച്ചിരുന്നു. ബ്രിട്ടണില്‍ ഇ ഇസഡ്എസ് വില്‍പ്പനയിലുണ്ട്.

സ്റ്റൈലിന് ഏറെ പ്രധാന്യം നല്‍കുന്ന ഇന്റീരിയറാണ് വാഹനത്തില്‍. കറുപ്പാണ് ഇന്റീരിയറിന്റെ നിറം. സ്വിച്ചുകളുടെ ആധിക്യമില്ലാത്ത കോക്പിറ്റ് സെന്റര്‍ കണ്‍സോളാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഗിയര്‍ ചെയ്ഞ്ചിങ്ങ് നോബ് എന്നിവയാണ് എന്നിവ സെന്റര്‍ കണ്‍സോളിന്റെ ഭാഗമാകും.

44.5 കിലോവാട്ട്  ലിക്വിഡ് കൂള്‍ ബാറ്ററിയാണ് വാഹനത്തിന്‍റെ ഹൃദയം. 143 എച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുക. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.2 സെക്കന്റുകള്‍ മാത്രം മതി. ഒറ്റ ചാര്‍ജില്‍ 340 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കും എന്നാണ് കമ്പനി പറയുന്നത്. 155 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത.. 

4314 എംഎം നീളവും 1809 എംഎം വീതിയും 1620 എംഎം ഉയരവും 2579 എംഎം വീല്‍ബേസുമുള്ള ഈ വാഹനം കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് എത്തുക. ക്രോം സ്റ്റഡുകളുള്ള ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്.

അരമണിക്കൂറിനകം 80 ശതമാനം വരെ ചാര്‍ജാകുന്ന ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയും വാഹനത്തിലുണ്ടാകും. അതിവേഗ ബാറ്ററി ചാര്‍ജിങ് സാധ്യമാക്കുന്ന റാപിഡ് ചാര്‍ജിങ് സാങ്കേതികവിദ്യയ്‌ക്കൊപ്പം അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, ലെയ്ന്‍ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയവ ഉള്‍പ്പെട്ട എംജി പൈലറ്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സ്യൂട്ടും വാഹനത്തെ വേറിട്ടതാക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററി നിര്‍മാതാക്കളായ സിഎടിഎല്‍ ആയിരിക്കും ഈ വാഹനത്തിനുള്ള ബാറ്ററികള്‍ നിര്‍മിക്കുക. ഇന്ത്യന്‍ നിരത്തുകളില്‍ നിലവില്‍ ഹ്യുണ്ടായിയുടെ കോന മാത്രമാണ് ഈ വാഹനത്തിന് എതിരാളി.

സുരക്ഷയുടെ കാര്യത്തിലും വാഹനം മികച്ചതാണ്. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇസിഎസ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, റിവേഴ്‌സ് ക്യമാറ വിത്ത് ഡൈനാമിക് ലൈന്‍സ്, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഈ വാഹനത്തിന് സുരക്ഷയൊരുക്കും.

Follow Us:
Download App:
  • android
  • ios