ചെറു ആഡംബര വാഹന നിര്‍മ്മാതാക്കളായ മിനി ഇന്ത്യ പുതിയ കണ്‍വേര്‍ട്ടബിള്‍ മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് അവതരിപ്പിച്ചു. സൈഡ്‌വോക്ക് എഡിഷന്‍ എന്നാണ് സ്‌പെഷ്യല്‍ എഡിഷന്‍റെ പേര്. 44.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വിലയെന്നും ഈ വാഹനത്തിന്റെ 15 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയിലെത്തുക എന്നും മണികണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ട്വിന്‍ പവര്‍ ടര്‍ബോ എന്‍ജിനാണ് സൈഡ്‌വോക്ക് എഡിഷന്‍റെ ഹൃദയം.  ഈ എഞ്ചിന്‍ 192 ബിഎച്ച്പി പവറും 280 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. പുതുതായി വികസിപ്പിച്ച ഡബിള്‍ ക്ലെച്ച് ഏഴ് സ്പീഡ് സ്റ്റെപ്പ് ട്രോണിക്കാണ് ട്രാന്‍സ്‍മിഷന്‍. 7.1 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും വാഹനത്തിന്. 230 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.

സൈഡ്‌വോക്ക് എഡിഷന്‍ ഡീപ്പ് ലഗൂണ മെറ്റാലിക്ക് എക്സ്റ്റീരിയര്‍ നിറത്തില്‍ മാത്രമാണ് എത്തുന്നത്.പുതുതായി ഡിസൈന്‍ ചെയ്ത 17 ഇഞ്ച് ലൈറ്റ് അലോയി വീലുകളും, സൈഡ് സ്‌കേര്‍ട്ട്, അലുമിനിയം സില്‍ തുടങ്ങിയവയും ഈ വാഹനത്തെ കൂടുതല്‍ ആകർഷകമാക്കുന്നു. 20 സെക്കന്റില്‍ തുറക്കാന്‍ സാധിക്കുന്ന സോഫ്റ്റ് ടോപ്പാണ് ഈ വാഹനത്തില്‍ ഉള്ളത്.

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിച്ചിട്ടുള്ള മോഡലാണ് കണ്‍വേര്‍ട്ടബിള്‍. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ആണ് ഇന്ത്യയിലെത്തിക്കുന്നത്. 2007-ല്‍ ഇന്ത്യയിലെത്തിയ മിനി കണ്‍വേര്‍ട്ടബിളിന്റെ ആദ്യ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പാണ് സൈഡ്‌വോക്ക്. ഈ വാഹനത്തില്‍ റെഗുലര്‍ മോഡലിലുള്ളതിനെക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍.