മിനി കൺട്രിമാൻ ഇലക്ട്രിക് ജെസിഡബ്ല്യു പതിപ്പ് ഇന്ത്യയിൽ പുറത്തിറങ്ങി. 204 എച്ച്പി മോട്ടോറും 66.45 kWh ബാറ്ററിയുമായി വരുന്ന ഈ വാഹനത്തിന് 462 കിലോമീറ്റർ റേഞ്ച് ലഭിക്കും. ലിമിറ്റഡ് എഡിഷനായ ഈ കാർ മിനി ഓൺലൈൻ ഷോപ്പ് വഴി മാത്രമേ ലഭ്യമാകൂ.

മിനി ഇന്ത്യ കൺട്രിമാൻ ഇ ജോൺ കൂപ്പർ വർക്ക്സ് (ജെസിഡബ്ല്യു) പായ്ക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 62 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ആണ് വാഹനം പുറത്തിറക്കിയത്. ഈ മോഡലിന്റെ 20 യൂണിറ്റുകൾ മാത്രമേ ഇന്ത്യൻ വിപണിയിൽ വിൽക്കുകയുള്ളൂ. പുതിയ ഇലക്ട്രിക് വാഹനം മിനി ഓൺലൈൻ ഷോപ്പ് വഴി മാത്രമായി ലഭ്യമാകും. 2025 ജൂൺ 10 ന് ഇവിയുടെ ഡെലിവറികൾ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നു. ജോൺ കൂപ്പർ വർക്ക്സിന്റെ പ്രകടന സ്റ്റൈലിംഗ് കാരണം ഈ പതിപ്പ് വേറിട്ടുനിൽക്കുന്നു.

204 എച്ച്പി മോട്ടോറാണ് മിനി കൺട്രിമാൻ ഇ ജോൺ കൂപ്പർ വർക്ക്സ് പായ്ക്കിന്‍റെ ഹൃദയം. ഈ എഞ്ചിൻ പരമാവധി 250 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ഇത് കാറിന് 8.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്‍തമാക്കുന്നു. ഒറ്റ ചാർജിൽ 462 കിലോമീറ്റർ വരെ WLTP- സാക്ഷ്യപ്പെടുത്തിയ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന 66.45 kWh ലിഥിയം-അയൺ ബാറ്ററിയും ഈ കാറിൽ ഉണ്ട്.

വാഹനത്തിന്‍റെ സുരക്ഷാ സവിശേഷതകളിൽ ഫ്രണ്ട് പാസഞ്ചർ, സൈഡ് കർട്ടൻ എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, റിയർ വ്യൂ ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ, 360 ഡിഗ്രി ക്യാമറ ശേഷികൾ വാഗ്ദാനം ചെയ്യുന്ന ക്രൂയിസ് കൺട്രോൾ, പാർക്കിംഗ് അസിസ്റ്റന്റ് പ്ലസ് എന്നിവ നൂതന സഹായ സംവിധാനങ്ങളിൽ ഉൾപ്പെടുന്നു.

മിനി കൺട്രിമാൻ ഇ ജോൺ കൂപ്പർ വർക്ക്സ് പായ്ക്ക് വാഹനത്തിൽ സൗന്ദര്യാത്മക നവീകരണങ്ങൾ കൊണ്ടുവരുന്നു. ഇത് ഈ ഇലക്ട്രിക് വാഹനത്തിന് സ്പോർട്ടി ആകർഷണം നൽകുന്നു. അതേസമയം കാറിന്റെ യഥാർത്ഥ സ്റ്റൈലിംഗ് അതേപടി നിലനിർത്തുന്നു. ലെജൻഡ് ഗ്രേ അല്ലെങ്കിൽ മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫും മിറർ ക്യാപ്പുകളും കറുത്ത നിറത്തിലുള്ള സ്‌പോർട് സ്ട്രൈപ്പുകളും ഇതിന് അനുബന്ധമായി നൽകിയിരിക്കുന്നു. ജെസിഡബ്ല്യു പാക്കിന്റെ ഭാഗമായി, ഗ്രിൽ, ബമ്പറുകൾ, സൈഡ് സ്കർട്ടുകൾ, റിയർ സ്‌പോയിലർ, ഡോർ എൻട്രി സിൽസ് എന്നിവയ്‌ക്കായി കാറിന് വ്യത്യസ്തമായ ഒരു ഡിസൈൻ ലഭിക്കുന്നു. ഇതെല്ലാം 19 ഇഞ്ച് സ്‌പോക്ക് ബ്ലാക്ക് അലോയ് വീലുകളും ലഭിക്കുന്നു.

ജെസിഡബ്ല്യു സ്‌പോർട്‌സ് സീറ്റുകൾ, വെസ്‌സിൻ, കോർഡ് കോമ്പിനേഷൻ ബ്ലാക്ക് അപ്ഹോൾസ്റ്ററി, തീം-പ്രസക്തമായ ഡാഷ്‌ബോർഡ് ട്രിം എന്നിവയാൽ കാറിന്റെ ആകർഷണീയത നിലനിർത്തുന്നു. പാഡിൽ ഷിഫ്റ്ററുകളുള്ള ഒരു ജെസിഡബ്ല്യു സ്റ്റിയറിംഗ് വീലും ഉണ്ട്. മിനി ഓപ്പറേറ്റിംഗ് സിസ്റ്റം 9-ൽ പ്രവർത്തിക്കുന്ന 240mm വൃത്താകൃതിയിലുള്ള ഒഎൽഇഡി ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് മറ്റൊരു ഹൈലൈറ്റ്. മറ്റ് സവിശേഷതകളുടെ പട്ടികയിൽ എച്ച്‍യുഡി, ഇന്റീരിയറിനായി ഒരു ഫിഷ്‌ഐ ക്യാമറ ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം, നാവിഗേഷൻ, റിമോട്ട് സർവീസസ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കമ്പാറ്റിബിലിറ്റി തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്നു.

ഗോ-കാർട്ട് മോഡ്, ഗ്രീൻ മോഡ്, വിവിഡ് മോഡ് തുടങ്ങിയ വിവിധ മിനി എക്സ്പീരിയൻസ് മോഡുകൾ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു, ഇവ ഓരോന്നും ലൈറ്റ്, സൗണ്ട്, ഗ്രാഫിക്സ് എന്നിവയ്ക്കുള്ള ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നു. സ്റ്റാർട്ട്/സ്റ്റോപ്പ്, ഗിയർ സെലക്ഷൻ, പാർക്കിംഗ് ബ്രേക്ക്, എക്സ്പീരിയൻസ് മോഡുകൾ, വോളിയം ക്രമീകരണം എന്നിവയുൾപ്പെടെയുള്ള പ്രധാന ഡ്രൈവിംഗ് ഫംഗ്ഷനുകളിലേക്ക് ടോഗിൾ ബാർ ഐലൻഡ് ആക്‌സസ് നൽകുന്നു.