ഐക്കണിക്ക് വാഹന ബ്രാന്‍ഡായ മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് ഹാച്ചിന്റെ പരിമിത പതിപ്പിനെ ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 46.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡലിന്റെ 15 യൂണിറ്റ് മാത്രമാകും വില്‍പ്പനയ്ക്ക് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പരിമിത പതിപ്പ് മോഡല്‍ മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് GP-യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മോഡലാണ് ഇത്. പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റായിട്ടാണ് (CBU) വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുക. ആകർഷകമായ മെല്‍റ്റിംഗ് സില്‍വര്‍ മെറ്റാലിക് റൂഫ്, ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് റിയര്‍ സ്പോയ്ലര്‍, മിറര്‍ ക്യാപ്‌സ് എന്നിവയ്ക്കൊപ്പം റേസിംഗ് ഗ്രേ മെറ്റാലിക് എക്സ്റ്റീരിയര്‍ കളര്‍ ഈ പതിപ്പിനെ വേറിട്ടതാക്കുന്നു. 

മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സിന് കരുത്ത് നല്‍കുന്നത് 2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 231 bhp കരുത്തും 320 Nm ടോർക്കും സൃഷ്ടിക്കും. 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന്  6.1 സെക്കന്‍ഡുകള്‍ മാത്രം മതി. 

ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്യുവല്‍ ക്യാപ്, ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ഫ്രണ്ട് ഗ്രില്‍ സറൗണ്ട്, മുന്നിലും പിന്നിലും മിനി ചിഹ്നം എന്നിവയിലെല്ലാം പിയാനോ ബ്ലാക്ക് ടച്ച് ലഭിക്കുന്നു. 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും, GP ബാഡ്ജ് വീല്‍ ഹബ് ക്യാപ്പുകളുമായി വാഹനം വിപണിയില്‍ എത്തുക.