ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതിയും ചേര്‍ന്ന് ഗ്ലാന്‍സ എന്ന മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്. മാരുതിയുടെ ജനപ്രിയ മോഡലായ ബലേനോയാണ് ഗ്ലാന്‍സയായി പരിണമിച്ചത്.

പരസ്‍പരം സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റ ഭാഗമായിട്ടാണ് മാരുതിയും ടൊയോട്ടയും കൈകോര്‍ക്കുന്നത്. ഈ കൂട്ടുകെട്ടിന്‍റെ അടുത്ത ലക്ഷ്യങ്ങളിലൊന്ന് ഒരു പുത്തന്‍ എംപിവി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സി സെഗ്മെന്‍റിലേക്ക് അവതരിപ്പിക്കുന്ന ഈ വാഹനം ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവയുടെ കുഞ്ഞന്‍ പതിപ്പായിരിക്കുമെന്നാണ് സൂചനകള്‍.

എംപിവി സെഗ്മെന്‍റിലെ മുടിചൂടാ മന്നന്മാരാണ് ടൊയോട്ട ഇന്നോവയും മാരുതി സുസുക്കിയുടെ എര്‍ടിഗയും. എന്നാല്‍ അടുത്തിടെ മഹീന്ദ്ര അവതരിപ്പിച്ച മരാസോ ഇരുമോഡലുകള്‍ക്കും കനത്ത വെല്ലുവിളിയാണ് സൃഷ്‍ടിക്കുന്നത്. ഈ സാഹചര്യത്തില്‍ മരാസോയെ ഒതുക്കാനാണ് മിനി ഇന്നോവയെ അവതരിപ്പിക്കാന്‍ മാരുതിയും ടൊയോട്ടയും ചേര്‍ന്ന് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ നിരത്തുകളുടെ സ്‍പന്ദനം മനസിലാക്കാനുള്ള മാരുതിയുടെയും സുസുക്കിയുടെയും കഴിവും എംപിവി സെഗ്മെന്‍റില്‍ ഉള്‍പ്പെടെ വാഹനനിര്‍മ്മാണത്തിലെ ടൊയോട്ടയുടെ മികവും ഒത്തുചേര്‍ന്നാല്‍ മഹീന്ദ്രയെയും മരാസോയെ തളര്‍ത്താമെന്നാണ് ഇരു കമ്പനികളുടെയും കണക്കുകൂട്ടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരു കമ്പനികളും ചേര്‍ന്ന് മാരുതി എര്‍ടിഗയുടെ പ്ലാറ്റ് ഫോമില്‍ നിര്‍മ്മിക്കുന്ന പുതിയ വാഹനം ഇന്നോവയുടെ ഒരു ചെറുപതിപ്പായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച ഇന്ധന ക്ഷമതയും ഫീച്ചറുകളും വാഹനത്തിനുണ്ടായിരിക്കും. വാഹനത്തിന്‍റെ ഹൈബ്രിഡ്, ഇലക്ട്രിക്ക് പതിപ്പുകളും വിപണിയിലെത്തിയേക്കും. 2022 ഓട്ടോ എക്സ്പോയില്‍ വാഹനം അവതരിപ്പിക്കപ്പെട്ടേക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ എംപിവി സെഗ്മന്‍റില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള മോഡലായ എര്‍ടിഗയുടെ പുതിയ പതിപ്പ് അടുത്തിടെയാണ് വിപണിയിലെത്തുന്നത്. ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ വിപണിയിലെത്തിക്കുന്നത്. എംപിവി സെഗ്‍മെന്‍റിലേക്ക് കഴിഞ്ഞ വര്‍ഷമാണ് മരാസോയെ മഹീന്ദ്ര അവതരിപ്പിക്കുന്നത്.  സ്രാവ്‌ എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo' യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ജനപ്രിയവാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച മരാസോയെ വീഴ്‍ത്താന്‍ മാരുതിയുടെയും ടൊയോട്ടയുടെയും പുത്തന്‍ സംരംഭത്തിനു കഴിയുമോ എന്ന് കാത്തിരുന്ന് കാണണം.