Asianet News MalayalamAsianet News Malayalam

ആരോഗ്യ സേതുവില്‍ പച്ചകത്തിയാല്‍ ക്വാറന്‍റീന്‍ എന്തിനെന്ന് മന്ത്രി

ആരോഗ്യസേതു ആപ്ലിക്കേഷനില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്ന ആഭ്യന്തര വിമാനയാത്രികര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. 

Minister says do not understand need to quarantine passengers with green status on Aarogya Setu app
Author
Delhi, First Published May 24, 2020, 11:20 AM IST

ആരോഗ്യസേതു ആപ്ലിക്കേഷനില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്ന ആഭ്യന്തര വിമാനയാത്രികര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ആഭ്യന്തര വിമാനയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തത വരുത്താനായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

ആരോഗ്യസേതുവില്‍ സേഫ്/ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്നവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല, അതിന്റെ ആവശ്യമില്ല. എന്നാല്‍ ആരോഗ്യസേതു ആപ്ലിക്കേഷനില്‍ ചുവന്ന സിഗ്നല്‍ കാണിക്കുന്നവരെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വിമാനയാത്രയില്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കില്ലെന്നായിരുന്നു നേരത്തെയുള്ള കേന്ദ്ര നിലപാട്. എന്നാല്‍ ഈ നിലപാടാണ് വ്യോമയാനമന്ത്രി കഴിഞ്ഞദിവസം തിരുത്തിയത്. 

കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ ആഭ്യന്തര വിമാനയാത്രികര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിരുന്നു. വിമാനയാത്രികരുടെ ക്വാറന്റീന്‍ സംബന്ധിച്ച് അനാവശ്യ സംഭ്രമം പലസംസ്ഥാനങ്ങള്‍ക്കും ഉണ്ടെന്ന് കഴിഞ്ഞദിവസവും മന്ത്രി സൂചിപ്പിച്ചിരുന്നു.  പച്ച സിഗ്‌നല്‍ കാണിക്കുന്നവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതിന്റെ ആവശ്യമില്ലെന്ന് കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളുടെ നിലപാടിലുള്ള പ്രതികരണമായി മന്ത്രി ആവര്‍ത്തിച്ചു. മുതിര്‍ന്നപൗരന്മാരുടെ യാത്ര ഒഴിവാക്കണമെന്നായിരുന്നു ആദ്യ നിലപാട്. എന്നാല്‍ അസുഖമില്ലെങ്കില്‍ യാത്രയാകാമെന്ന് ഹര്‍ദീപ് സിംഗ് പുരി പിന്നീട് പറഞ്ഞു. 

സംസ്ഥാനങ്ങളുടെ സമ്മതമുണ്ടെങ്കിലേ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാവൂ എന്ന പ്രതിപക്ഷ നിര്‍ദേശം കേന്ദ്രം തള്ളി. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ സര്‍വീസ് തുടങ്ങാനായിരുന്നു കേന്ദ്രത്തിന്റെ  നീക്കം. എന്നാല്‍ സ്ഥിതി മെച്ചപ്പെട്ടാല്‍ അത്രയും കാത്തിരിക്കേണ്ട ആവശ്യമില്ലെന്നാണ്  ഓണ്‍ലൈന്‍ സംഭാഷണത്തില്‍ ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയത്. എന്തിന് ഓഗസ്റ്റ് സെപ്റ്റംബര്‍ വരെ കാത്തിരിക്കണം. സാഹചര്യം മെച്ചപ്പെട്ടാല്‍ ജൂണ്‍ പകുതിയോടെ അല്ലെങ്കില്‍ അവസാനത്തോടെ സര്‍വീസ് തുടങ്ങാം. അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സാഹചര്യത്തെക്കൂടി പരിഗണിച്ചാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Follow Us:
Download App:
  • android
  • ios