ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മിത്‍സുബിഷി മോട്ടോർസ് ഐക്കണിക്ക് മോഡല്‍ പജെറോ സ്‌പോർട്ടിന്‍റെ പുതിയ പതിപ്പിനെ അവതരിപ്പിച്ചു. ഇന്തോനേഷ്യൻ വിപണിയിലാണ് വാഹനത്തിന്‍റെ അവതരണം എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. തായ്‌ലൻഡിൽ അരങ്ങേറി ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് മിത്സുബിഷി മോട്ടോർസ് പജെറോ സ്‌പോർട്ടിനെ ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ചത്.

മിത്സുബിഷിയുടെ ഡൈനാമിക് ഷീൽഡ് ഡിസൈൻ ശൈലി ആണ് 2021 പജെറോ സ്പോർട്ട് പിന്തുടരുന്നത്. മുൻവശത്ത്, ഒരു ജോഡി ഷാർപ്പ് ഹെഡ്‌ലാമ്പുകളും, രണ്ട് ഭാഗങ്ങളുള്ള ഒരു വലിയ ഗ്രില്ലും കാണാം. എൽഇഡി കോർണറിംഗ് ലൈറ്റുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ എന്നിവ ലഭിക്കുന്നു. മുൻവശത്തെ ബമ്പറിന് ചുവടെ ഒരു ബാഷ് പ്ലേറ്റും ഉണ്ട്. മുകളിലെ ഗ്രില്ലിന്റെ മധ്യഭാഗത്ത് മൂന്ന് ഡയമണ്ട് ലോഗോ സ്ഥാപിച്ചിരിക്കുന്നു. 2.4 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 181 bhp കരുത്തും 430 Nm ടോർക്കും ഉല്‍പ്പാദിപ്പിക്കും . RWD, 4WD സിസ്റ്റം എന്നിവ ഉപയോഗിച്ച് എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്‍മിഷന്‍.

പുതിയ 18 ഇഞ്ച് അലോയി വീലുകളാണ് പ്രധാന പ്രത്യേകത. എസ്‌യുവിക്ക് 218 mm ഗ്രൗണ്ട് ക്ലിയറൻസുണ്ട്. ഇത് ഓഫ്-റോഡ് ഭൂപ്രദേശത്തെ നേരിടാൻ സഹായിക്കും. എസ്‌യുവിക്ക് പുതിയ ഒരു ജോഡി ടെയിൽ ‌ലൈറ്റുകൾ പിൻഭാഗത്ത് ലഭിക്കുന്നു, അത് വളരെ രസകരവും അതുല്യവുമാണ്. ഒരു പുതിയ ഷാർക്ക് ഫിൻ ആന്റിനയും റൂഫിൽ ഘടിപ്പിച്ച സ്‌പോയ്‌ലറും പജെറോ സ്‌പോർട്ടിന് ലഭിക്കുന്നു. 8.0 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും (റേഡിയോ, ബ്ലൂടൂത്ത്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയോടൊപ്പം) ഒരു ജെസ്റ്റർ ഓപ്പറേറ്റഡ് ടെയിൽഗേറ്റും വാഹനത്തിന് ലഭിക്കും.

ബ്ലൈൻഡ്-സ്പോട്ട് മോണിറ്റർ, ഫോർവേഡ് കൊളീഷൻ മിറ്റിഗേഷൻ, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ലെയിൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ സുരക്ഷാ സവിശേഷതകളാണ്.