തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ വാഹനങ്ങളിൽ മൊബൈൽ ഡാറ്റാ ടെർമിനൽ (എംഡിടി) സിസ‌്റ്റവും ഇആർഎസ‌്എസും (എമർജൻസി റസ‌്പോൺസ‌് സപ്പോർട്ട‌് സിസ‌്റ്റം) ഘടിപ്പിച്ചുതുടങ്ങി. സംസ്ഥാന പൊലീസ് കൺട്രോൾ റൂം ഡിജിറ്റലൈസേഷന്‍റെ ഭാഗമായിട്ടാണ് നടപടി. വിദേശ രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന സംവിധാനമാണ് സംസ്ഥാനത്തും നടപ്പിലാക്കുന്നത‌്.  കുറ്റകൃത്യങ്ങളും മറ്റും പൊതുജനങ്ങൾക്ക‌് പൊലീസിനെ ഉടൻ അറിയിക്കാനും അതിവേഗം നടപടിയെടുക്കലുമാണ‌് മൊബൈൽ ഡാറ്റ ടെർമിനലിന്റെ ലക്ഷ്യം. 

പൊലീസിന്റെ മൂന്നക്ക നമ്പറായ 112ൽ വിളിച്ചാൽ അതു തിരുവനന്തപുരത്തെ സംസ്ഥാന കൺട്രോൾ റൂമിൽ എത്തും. ഉടൻ  ജില്ലാ കോ ഓർഡിനേറ്റർ കേന്ദ്രത്തിനു ഈ കോള്‍ കൈമാറും. ജിപിഎസ് സംവിധാനത്തിലൂടെ എവിടെ നിന്നാണ് കോൾ വന്നതെന്നു തിരിച്ചറിയുന്ന ജില്ലാ കോ ഓർഡിനേറ്റർ കേന്ദ്രം കോൾ വന്ന ഭാഗത്തെ ഏറ്റവും അടുത്തുള്ള പൊലീസ‌് പട്രോളിങ്ങ് സംഘത്തിന‌് അടിയന്തിരമായി വിവരം കൈമാറും.

ഈ പട്രോളിങ്ങ് വാഹനങ്ങളിലെ ഇന്‍റെർനെറ്റ് കണക്‌ഷനുള്ള ടാബ്‌ലെറ്റുകളിലേക്കാണ് വിവരങ്ങൾ എത്തുക. സംസ്ഥാനത്ത് എവിടെനിന്നും വിവരങ്ങൾ പൊലീസിനെ അറിയിക്കാനും സഹായം തേടാനും ഈ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നതാണ് പ്രത്യേകത. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എത്രയും വേഗം കൈയോടെ പിടികൂടാമെന്നാണ‌് കരുതുന്നത‌്. 

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് റൂറൽ എന്നീ അഞ്ച് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലെയും കൺട്രോൾ റൂമുകളിലെയും വാഹനങ്ങളിലാണ് എംഡിടി, ഇആർഎസ‌്എസ് സംവിധാനങ്ങള്‍ ഘടിപ്പിക്കുന്നത്. ആദ്യം പൊലീസില്‍ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് ആംബുലന്‍സുകളിലും തുടർന്ന് അഗ്നിരക്ഷാസേനയിലേക്കും വ്യാപിപ്പിക്കും. വൈകാതെ മറ്റു ജില്ലകളിലും ഈ സംവിധാനം ഏർപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.