സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് വിശദമായ അന്വേഷണം നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചി: പുരാവസ്‍തുക്കളുടെ മറവിൽ തട്ടിപ്പ് നടത്തിയതിന് കൊച്ചിയിൽ (Kochi) അറസ്റ്റിലായ മോൻസൻ മാവുങ്കലിന്‍റെ (Monson Mavunkal)കാറുകളില്‍ പലതും വ്യാജനെന്ന് റിപ്പോര്‍ട്ട്. വാഹന റജിസ്ട്രഷനിലും മോൻസൺ വലിയ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മോൻസന്റെ വാഹനങ്ങൾ വ്യാജ രജിസ്‌ട്രേഷനിലുള്ളതാണെന്നും പല ആഡംബര കാറുകളും രൂപമാറ്റം വരുത്തിയവയാണെന്നുമാണ് വിവരം. ഇറ്റാലിയന്‍ (Italian) സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാരിയുടെ (Ferrari) കാര്‍ ഇയാളുടെ കൈവശമുണ്ട്. എന്നാല്‍ ഇത് പ്രാദേശിക വർക്ക്‌ഷോപ്പിലൂടെ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മിത്സുബിഷിയുടെ (Mitsubishi) പഴയ കാര്‍ രൂപമാറ്റം വരുത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മോന്‍സന്‍റെ വീട്ടിലെ വാഹനങ്ങളുടെ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ ലഭ്യമല്ലാത്തതാണ് സംശയത്തിനു കാരണമായത്. മോൻസന്‍റെ കലൂരിലെ വീട്ടിൽ ഏഴു വാഹനങ്ങൾ ഉണ്ടെങ്കിലും ഇതിൽ ഒരെണ്ണത്തിന്റെ റജിസ്ട്രേഷൻ മാത്രമാണ് വെബ്സൈറ്റിൽ ലഭ്യമാകുന്നത്. കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വിവരങ്ങൾ ശേഖരിച്ചു. ഇയാൾ ഫെറാരി എന്ന പേരിൽ ഉപയോഗിച്ച വാഹനം രൂപമാറ്റം വരുത്തിയതാണെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതിൽ ഒരു വാഹനം ഒഴികെ ബാക്കിയെല്ലാം വ്യാജ നമ്പറിലുള്ള കാറുകളാണ്. മോൻസന്റെ കൈവശമുള്ള ഫെറാരിറി കാർ പ്രാദേശിക വർക്ക്‌ഷോപ്പിലൂടെ മിത്‌സുബിഷിയുടെ കാർ രൂപമാറ്റം വരുത്തിയതാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് വിശദമായ അന്വേഷണം നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

തട്ടിപ്പുപണം കൊണ്ട് കാറുകൾ വാങ്ങിക്കൂട്ടിയെന്നും മോന്‍സൻ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോർഷെ, ബിഎംഡബ്ല്യു കാറുകൾ നൽകി. മകളുടെ പ്രതിശ്രുത വരന്റെ വീട്ടിലെത്തി പരാതിക്കാർ പണം ആവശ്യപ്പെട്ടുവെന്നും മോന്‍സൻ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. 

അതേസമയം മോൻസൻ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ രണ്ട് വരെയാണ് കസ്റ്റഡി നീട്ടിയത്. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. കസ്റ്റഡി നീട്ടണം എന്ന ക്രൈംബ്രാഞ്ച് ആവശ്യത്തെ പ്രതിഭാഗം എതിർത്തു. മോൻസൻ്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല. ഇല്ലാത്ത പണം കണ്ടെത്താൻ കസ്റ്റഡി നീട്ടരുത്. മോൻസനെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. വീട്ടിൽ കുറച്ച് സാധനങ്ങൾ ഉണ്ടാക്കിവച്ചെന്നല്ലാതെ വിൽപ്പനയ്ക്ക് ശ്രമിച്ചിട്ടില്ല. ഈ ആരോപണത്തിൽ കേസുകൾ രജിസ്റ്റർ ചെയ്‍തിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ക്രൈംബ്ര‍ാഞ്ചിന്റെ വാദങ്ങൾ കോടതി അം​ഗീകരിക്കുകയായിരുന്നു.

പുരാവസ്തു കാണിച്ച് മോൻസൻ ഉന്നതരെയടക്കം കബളിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മോൻസനെതിരെ നിലവിൽ സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതിക്കെതിരെയുള്ള മറ്റു ആരോപണങ്ങളിലും അന്വേഷണം നടക്കുമെന്നും എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചിട്ടുണ്ട്. മോൻസൻ്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതി പരിശോധിക്കും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും എഡിജിപി വ്യക്തമാക്കി.

മോന്‍സന്‍റെ മ്യൂസിയത്തിനകത്ത് അത്യാധുനിക ആഡംബര കാറായ പോര്‍ഷെ അടക്കം 30ഓളം കാറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവയില്‍ പലതും കേടായ വാഹനങ്ങളാണെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തകരാറിലായ ഈ വാഹനങ്ങൾ ചെറിയ തുകയ്ക്ക് വാങ്ങിയ ശേഷം അതൊക്കെ വീട്ടിൽ കൊണ്ടുവന്നിടുകയായിരുന്നു ഇയാളെന്നാണ് കരുതുന്നത്. ആളുകളെ കബളിപ്പിക്കുക എന്നതായിരുന്നു ഇതിലൂടെ ഇയാള്‍ ലക്ഷ്യമിട്ടരുന്നത്. താൻ വലിയ സമ്പന്നനും ആഡംബരം നിറഞ്ഞവനുമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണത്രെ ഇയാൾ ഇതൊക്കെ ചെയ്‍തരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.