Asianet News MalayalamAsianet News Malayalam

പൊളിച്ചടുക്കാൻ കേന്ദ്രം, ഒമ്പതുലക്ഷം വാഹനങ്ങളുടെ ആയുസ് ഇനി വെറും രണ്ടുമാസം മാത്രം!

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള, ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ബസുകൾ ഉൾപ്പെടെ, 15 വർഷത്തിലേറെ പഴക്കമുള്ള എല്ലാ വാഹനങ്ങളും ഏപ്രിൽ 1 മുതൽ റജിസ്‌ട്രേഷൻ റദ്ദാക്കുകയും സ്‌ക്രാപ്പ് ചെയ്യുകയും ചെയ്യും. 

More than nine lakh Govt vehicles to be scrapped from April 1
Author
First Published Feb 1, 2023, 9:12 AM IST

15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികം പഴക്കമുള്ള ഒമ്പത് ലക്ഷത്തിലധികം വാഹനങ്ങൾ ഈ ഏപ്രിൽ ഒന്നു മുതൽ നിരത്തുകളില്‍ നിന്ന് ഒഴിവാകുമെന്നും അവയ്ക്ക് പകരം പുതിയ വാഹനങ്ങൾ പുറത്തിറക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കി. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (എഫ്.ഐ.സി.സി.ഐ) ഫ്യൂച്ചര്‍ മൊബിലിറ്റിയെ സംബന്ധിച്ച് നടത്തിയ സെമിനാറില്‍ വ്യവസായ സംഘടനയായ ഫിക്കി സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്‍ത് സംസാരിക്കുന്നതിനിടെയാണ് നിതിൻ ഗഡ്‍കരി ഇക്കാര്യം പങ്കുവെച്ചത്.  

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങള്‍ പൊളിച്ച് നീക്കം ചെയ്യാനാണ് തീരുമാനം. ഇതനുസരിച്ച് രാജ്യത്ത് ഏകദേശം ഒമ്പത് ലക്ഷത്തിലധികം വാഹനങ്ങളാണ് പൊളിക്കാനുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഏപ്രില്‍ ഒന്നാം തീയതി മുതല്‍ പഴയ വാഹനങ്ങള്‍ പൊളിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനഞ്ച് കൊല്ലത്തിലധികം പഴക്കമുള്ള ഒന്‍പത് ലക്ഷത്തിലേറെ വാഹനങ്ങള്‍ പൊളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 

ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള, ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ബസുകൾ ഉൾപ്പെടെ, 15 വർഷത്തിലേറെ പഴക്കമുള്ള എല്ലാ വാഹനങ്ങളും ഏപ്രിൽ 1 മുതൽ റജിസ്‌ട്രേഷൻ റദ്ദാക്കുകയും സ്‌ക്രാപ്പ് ചെയ്യുകയും ചെയ്യും. പൊളിച്ച് നീക്കുന്ന വാഹനങ്ങള്‍ക്ക് പകരം മറ്റ് ഇന്ധനസ്രോതസ്സുകളെ ആശ്രയിക്കുന്ന പുതിയ വാഹനങ്ങള്‍ നിരത്തുകളിലെത്തിക്കും. ഇതുവഴി വായുമലിനീകരണം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

15 വർഷത്തിലേറെ പഴക്കമുള്ള ഒമ്പത് ലക്ഷത്തിലധികം സർക്കാർ വാഹനങ്ങൾ ഒഴിവാക്കാൻ സര്‍ക്കാര്‍ ഇപ്പോൾ അംഗീകാരം നൽകിയിട്ടുണ്ടെന്നും മലിനീകരണം ഉണ്ടാക്കുന്ന ബസുകളും കാറുകള്‍ക്കും പകരം ബദൽ ഇന്ധനങ്ങളുള്ള പുതിയ വാഹനങ്ങൾ വരുമെന്നും ഗഡ്‍കരി വ്യക്തമാക്കി. അതേസമയം രാജ്യത്തിന്റെ പ്രതിരോധത്തിനും ക്രമസമാധാനപാലനത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രവർത്തന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്രത്യേക പർപ്പസ് വെഹിക്കിളുകൾക്ക് (കവചിത വാഹനങ്ങൾക്കും മറ്റ് പ്രത്യേക വാഹനങ്ങൾക്കും) നിയമം ബാധകമല്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

എഥനോള്‍, മെഥനോള്‍, ബയോ-സി.എന്‍.ജി., ബയോ-എല്‍.എന്‍.ജി., ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പല ചുവടുവെപ്പുകളും നടത്തുന്നുണ്ടെന്നും ഗഡ്‍കരി പറഞ്ഞു. 2021-22 വര്‍ഷത്തെ കേന്ദ്ര ബജറ്റിലാണ് പഴയ വാഹനങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുന്നത്. 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും പൊളിക്കണമെന്നായിരുന്നു ബജറ്റിലെ നിര്‍ദേശം.

ഇലക്ട്രിക്, സി.എന്‍.ജി. തുടങ്ങി പ്രകൃതി സൗഹാര്‍ദ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. മലിനീകരണമില്ലാത്ത വാഹനങ്ങളുടെ ഉപയോഗം സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ആരംഭിക്കുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മുമ്പും വ്യക്തമാക്കിയിരുന്നത്. 

പൊളിയുമോ സെക്കന്‍ഡ് ഹാന്‍ഡ് വണ്ടിക്കച്ചവടം? ഇല്ലാതാകുമോ യൂസ്‍ഡ് കാര്‍ വിപണി?

ദക്ഷിണേഷ്യൻ മേഖലയിലെ മുഴുവൻ വാഹന സ്‌ക്രാപ്പിംഗ് ഹബ്ബായി മാറാൻ രാജ്യത്തിന് കഴിയുമെന്ന് ഉറപ്പിച്ച് ഓരോ നഗര കേന്ദ്രത്തിൽ നിന്നും 150 കിലോമീറ്ററിനുള്ളിൽ ഒരു ഓട്ടോമൊബൈൽ സ്‌ക്രാപ്പിംഗ് സൗകര്യമെങ്കിലും വികസിപ്പിക്കാൻ ശ്രമിക്കുന്നതായി കഴിഞ്ഞ വർഷം ഗഡ്കരി പറഞ്ഞിരുന്നു. 

2021-ൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ വാഹന സ്‌ക്രാപ്പേജ് പോളിസി പുറത്തിറക്കിയത്. ഇത് അയോഗ്യവും മലിനീകരണവുമുള്ള വാഹനങ്ങളെ ഘട്ടംഘട്ടമായി നിർത്താൻ സഹായിക്കുമെന്നും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. 

Follow Us:
Download App:
  • android
  • ios