Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസവുമായി യുവാവ്; 'പണി' കൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

കിലോമീറ്ററുകളോളം ദൂരം യുവാവ് ദേശീയപാതയിലൂടെ തലങ്ങും വിലങ്ങും ബൈക്ക് ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബസ് യാത്രക്കാരും ജീവനക്കാരും അടക്കം പല തവണ വിളിച്ച് പറഞ്ഞിട്ടും ബസിന് തടസം സൃഷ്ടിക്കുന്നത് നിര്‍ത്താന്‍ യുവാവ് തയ്യാറായില്ല.

motor vehicle department fines youth who disturbed traffic and drive bike dangerously infront of KSRTC
Author
Karivellur, First Published Sep 30, 2020, 9:29 AM IST

പെരുമ്പ: കിലോമീറ്ററുകള്‍ കെഎസ്ആര്‍ടിസിയുടെ വഴിമുടക്കി റോഡില്‍ അഭ്യാസം കാണിച്ച ബൈക്കുകാരന് മുട്ടന്‍ പണിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സെപ്തംബര്‍ 26ന് ഉച്ചയ്ക്കായിരുന്നു സംഭവം. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ നിന്നാണ് അഭ്യാസം കാണിച്ച ബൈക്കുകാരന്‍റെ വിശദാംശങ്ങള്‍ കിട്ടിയത്. കോത്തായിമുക്കിലെ പ്രവീണ്‍ എന്ന യുവാവിനെതിരെയാണ് നിയമനടപടി സ്വീകരിച്ചത്.

കണ്ണൂരില്‍ നിന്ന് കാസര്‍ഗോടേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലായിരുന്നു യുവാവിന്‍റെ അഭ്യാസം. കിലോമീറ്ററുകളോളം ദൂരം യുവാവ് ദേശീയപാതയിലൂടെ തലങ്ങും വിലങ്ങും ബൈക്ക് ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബസ് യാത്രക്കാരും ജീവനക്കാരും അടക്കം പല തവണ വിളിച്ച് പറഞ്ഞിട്ടും ബസിന് തടസം സൃഷ്ടിക്കുന്നത് നിര്‍ത്താന്‍ യുവാവ് തയ്യാറായില്ല.ഹെല്‍മെറ്റ് പോലും ഉപയോഗിക്കാതെയായിരുന്നു അഭ്യാസം.

ഇതിനിടയില്‍ ബൈക്കുകാരന്‍റെ പരാക്രമം ബസിലിരുന്ന യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്. വൈറല്‍ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ മോട്ടോര്‍ വാഹന വകുപ്പ് നിയമ നടപടി തുടങ്ങി. വിലാസം തപ്പിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് യുവാവിന്‍റെ വീട്ടിലെത്തി പിഴയീടാക്കി. അപകടകരമായി വാഹനം ഓടിച്ച് മാര്‍ഗതടസമുണ്ടാക്കിയതിനാണ് പിഴ. സംഭവത്തേക്കുറിച്ച് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും പരാതി നല്‍കിയിരുന്നു. 10500 രൂപയാണ് പിഴയീടാക്കിയത്. 

Follow Us:
Download App:
  • android
  • ios