Asianet News MalayalamAsianet News Malayalam

റോഡില്‍ ഷോ കാണിച്ചാല്‍ ഇനി കീശ കീറും, പിഴത്തുക പത്തിരട്ടി!

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ലോക് സഭ പാസാക്കി

Motor vehicles amendment bill passed by Lok Sabha
Author
Delhi, First Published Jul 24, 2019, 10:13 AM IST

ദില്ലി: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ലോക് സഭ പാസാക്കി. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും ഉള്‍പ്പെടെയുള്ള വന്‍ ഭേദഗതികളാണ് പുതിയ നിയമം വരുന്നത്. 

പിഴശിക്ഷയില്‍ പത്തിരട്ടിയോളം വര്‍ദ്ധനയാണ് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നത്.  ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലും ആംബുലന്‍സുകളുടെ വഴി തടസപ്പെടുത്തിയാലും മദ്യപിച്ച് വാഹനം ഓടിച്ചാലും 10000 രൂപ വീതമാണ് ഇനി പിഴ. വാഹനാപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേൽക്കുന്നവർക്ക് രണ്ടര ലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കും. 

പുതിയ ബില്‍ ഓല, ഊബർ തുടങ്ങിയ ഓൺലൈൻ ടാക്സി സർവ്വീസുകളെയും മോട്ടോർ വാഹന നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്നു. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.  അതേസമയം ഡ്രൈവർമാർക്ക് വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. 

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കുമ്പോള്‍ രക്ഷിതാക്കളെ ശിക്ഷിക്കുന്ന വ്യവസ്ഥയ്‍ക്കെതിരെ എൻ കെ പ്രേമചന്ദ്രൻ എം പി രംഗത്തുവന്നെങ്കിലും ഭേദഗതി അംഗീകരിച്ചില്ല. രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനത്തിന്‍റെ താക്കോൽ നൽകരുതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി സഭയിൽ പറഞ്ഞു. പുതിയ ഭേദഗതികൾ സംസ്ഥാന സർക്കാരുകളുടെ അവകാശം കവരില്ലെന്നും ഗഡ്‍കരി വ്യക്തമാക്കി.  

എന്‍ കെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച 17 ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. ബില്ലിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കുമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. എന്നാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ചാണ് ബില്ലിന്റെ രൂപകല്പനയെന്ന് ഗഡ്‌കരി പറഞ്ഞു. ഇനി രാജ്യസഭ കൂടി പാസാക്കിയാല്‍ ബില്‍ നിയമമാകും.

ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:

പിഴകള്‍​

  • ഹെല്‍മറ്റ് ഇല്ലെങ്കില്‍ - 1000 (നിലവില്‍ 100)
  • അപകടകരമായി വണ്ടിയോടിച്ചാല്‍  - 5000
  • ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാല്‍ - 5000  (നിലവില്‍ 500)
  • അമിത വേഗം - 1000-2000 (നിലവില്‍ 500)
  • സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ - 1000 (നിലവില്‍ 100)
  • മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ - 5000  (നിലവില്‍ 1000)
  • മദ്യപിച്ച് വാഹനം ഓടിച്ചാല്‍  - 10000  (നിലവില്‍ 2000)
  • ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ - 2000
  • അമിതഭാരം കയറ്റിയാല്‍ 20,000 രൂപ (നിലവില്‍ 2000)

മറ്റ് മുഖ്യ വ്യവസ്ഥകൾ

  • ബസ്, ചരക്ക് ലോറി അടക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് 5 വർഷത്തിലൊരിക്കൽ പുതുക്കണം. നിലവിൽ ഇത് 3 വർഷം
  • ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി 10 വര്‍ഷം (നിലവില്‍ 20)
  • കാലാവധി പൂർത്തിയാകുന്ന ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സമയപരിധി ഒരു മാസത്തിൽ നിന്ന് ഒരു വർഷമാക്കും
  • അപകടത്തില്‍പ്പെടുന്നയാളെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം.
  • പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും
  • വാഹനം ഇടിച്ചിട്ട് ഓടിച്ചു പോകുന്ന കേസുകളില്‍ മരിക്കുന്നവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്‌ടപരിഹാരം (നിലവില്‍ 25,000 രൂപ), ഗുരുതര പരിക്കിന് 50,000 രൂപ (നിലവില്‍ 12,500 രൂപ)
  • ഇരകൾക്കു നഷ്‍ടപരിഹാരം നൽകേണ്ടത് അപകടമുണ്ടാക്കുന്ന വാഹനത്തിന്റെ ഉടമ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനി
  • നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആറ് മാസം.
  • കുട്ടികള്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിന് 25,000 രൂപ പിഴയും 3 വര്‍ഷം തടവും ലൈസന്‍സ് റദ്ദാക്കലും
  • വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധം 
  • പ്രത്യേക സാഹചര്യങ്ങളിലുള്ള അപകടങ്ങള്‍ക്കായി മോട്ടോര്‍ വാഹന ഫണ്ടില്‍നിന്ന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പരിരക്ഷ
  • അംഗവൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍ വാഹനത്തിന്റെ രൂപം മാറ്റാം.
  • അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍ ഉത്തരവാദികളാകും.
  • ലേണേഴ്സ് ലൈസന്‍സ് അപേക്ഷ, അപേക്ഷാ ഫീ എന്നിവ ഓണ്‍ലൈനില്‍.
  • ലൈസന്‍സ് അപേക്ഷകര്‍ക്ക് വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമല്ല.
  • ഡ്രൈവിംഗ് ലൈസന്‍സില്‍ കൂടുതല്‍ വിഭാഗങ്ങള്‍ ചേര്‍ക്കാനുള്ള അപേക്ഷ (ടൂവീലര്‍, ഫോര്‍വീലര്‍) രാജ്യത്ത് എവിടെയും നല്‍കാം
  • രാജ്യത്ത് വിതരണം ചെയ്യുന്ന ലൈസന്‍സുകളുടെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ദേശീയ രജിസ്‌റ്റര്‍
  • പുതിയ വാഹനങ്ങള്‍ ഡീലര്‍മാര്‍ ഉടമകള്‍ക്ക് കൈമാറേണ്ടത് രജിസ്ട്രേഷനു ശേഷം. വാഹനം എവിടെ രജിസ്‌റ്റര്‍ ചെയ്യണമെന്ന് ഉടമയ്‌ക്ക് തീരുമാനിക്കാം
  • തകരാറുള്ള വാഹനങ്ങള്‍ കമ്പനി തിരികെ വാങ്ങി ഉപഭോക്താവിന് മുഴുവന്‍ പണവും മടക്കി നല്‍കണം
     
Follow Us:
Download App:
  • android
  • ios