ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ബൈക്ക് യാത്രികന്‍റെ സമീപത്തേക്ക് ചെരിഞ്ഞു വീഴുന്ന പടുകൂറ്റന്‍ കണ്ടെയിനര്‍ ലോറി. തലനാരിഴയ്ക്ക് ആ ലോറിയുടെ കീഴില്‍ നിന്നും രക്ഷപ്പെടുകയാണ് ബൈക്കുകാരന്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. 

തായിലന്‍റിലെ ഒരു ദേശീയപാതയില്‍ അടുത്തിടെ നടന്ന ഒരു അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിന്‍റെ ഡാഷ് ക്യാമറയിലാണ് പതിഞ്ഞത്. 40 അടിയോളം നീളമുള്ള കണ്ടെയിനര്‍ ലോറി ഫ്ലൈ ഓവറിലെ ചെറിയ വളവ് വളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. 

ലോറി ദേഹത്തേക്ക് വീഴുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പ് ബൈക്ക് യാത്രികന്‍ ബ്രേക്കിടുന്നതും റോഡില്‍ വീണ ലോറി നിരങ്ങി നീങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.