ഓട്ടോറിക്ഷാ ഡ്രൈവർമാര്‍ അശ്രദ്ധമായി യൂടേൺ എടുക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെപ്പറ്റി പല ഡ്രൈവര്‍മാരും കാലങ്ങളായി പരാതി പറയാറുണ്ട്. ഇത്തരമൊരു അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ അടുത്തിടെ നടന്നൊരു അപകടം എന്ന പേരിലാണ് ഈ വിഡിയോ വൈറലാകുന്നത്. എന്നാല്‍ ഈ അപകടം നടന്ന ദിവസവും കൃത്യമായി എവിടെയാണെന്നതും വ്യക്തമല്ല. 

അശ്രദ്ധമായി റോഡിൽ യൂടേൺ എടുക്കാൻ ശ്രമിച്ച ഓട്ടോറിക്ഷയിലേക്ക് ഒരു ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റിട്ടുണ്ട്, എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഓട്ടോറിക്ഷാ ഡ്രൈവറുടെ അശ്രദ്ധയാണ് ഈ  അപകടകാരണമെന്ന് ആദ്യകാഴ്‍ചയില്‍ തന്നെ വീഡിയോ വ്യക്തമാക്കുന്നു.

 

ഓട്ടോഡ്രൈവര്‍മാര്‍ ഇതൊന്നു ശ്രദ്ധിക്കൂ


സംസ്ഥാനത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കാന്‍ അടുത്തകാലത്ത് കേരള ട്രാഫിക് പോലീസ് തന്നെ രംഗത്തെത്തിയിരുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് മുന്നോട്ടു വയ്ക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിഞ്ഞിരിക്കാം.

വളരെ പെട്ടെന്ന് Right Turn കളും U-Turn കളും ചെയ്യുക, അമിതവേഗതയില്‍ മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുക എന്നീ സമയങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്.

റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലതുവശത്തുകൂടി മാത്രം അങ്ങനെ ചെയ്യുക. ഇന്‍ഡിക്കേറ്റര്‍ അനാവശ്യമായി ഓണ്‍ ചെയ്‍തിട്ട് വണ്ടി ഓടിക്കരുത്.

പ്രധാന റോഡിലേക്ക് കയറുമ്പോള്‍ ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടും പിന്നീട് വലത്തോട്ടും നോക്കി മെയിന്‍ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് മാത്രം പ്രവേശിക്കുക.

വഴി വക്കില്‍ നില്‍ക്കുന്ന യാത്രക്കാര്‍ കൈ കാണിച്ചാല്‍ വാഹനം നിര്‍ത്തുന്നതിനോ, തിരിക്കുന്നതിനോ മുന്‍പായി പുറകില്‍ നിന്നും എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പ്രതികരിക്കാന്‍ സമയം നല്‍കുന്ന വിധത്തില്‍ സിഗ്‌നല്‍ നല്‍കിയ ശേഷം മാത്രമേ വാഹനം നിര്‍ത്തുകയോ, തിരിക്കുകയോ ചെയ്യാവൂ.

വളവുകളിലും, കവലകളിലും റോഡിന്റെ മുന്‍ഭാഗം കാണുവാന്‍ പാടില്ലാതിരിക്കുമ്പോഴും മറ്റ് വാഹനങ്ങളെ മറികടക്കരുത്.
ഓട്ടോറിക്ഷകളില്‍ ആളെ കുത്തിനിറച്ച് നിയമാനുസൃതമായതില്‍ കൂടുതല്‍ ആളുകളുമായി സവാരി നടത്തരുത്.

ഓട്ടോറിക്ഷാ ഡ്രൈവറുടെ സീറ്റില്‍ മറ്റൊരാളെയും കയറ്റി ഓട്ടോ ഓടിക്കരുത്.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ നിയമാനുസൃതമായ യൂണിഫോം ധരിക്കേണ്ടതാണ്.