ഇന്ത്യയുടെ ശതകോടീശ്വരന്‍ മുകേഷ് അംബാനി അടുത്തിടെയാണ് തന്‍റെ ഗാരേജിലേക്ക് നാലാമത്തെ റോള്‍സ് റോയിസ് കാറിനെ എത്തിച്ചത്. ഏകദേശം ഏഴു കോടിയോളം രൂപ വില വരുന്ന റോള്‍സ് റോയിസ് കള്ളിനനായിരുന്നു കഴിഞ്ഞ മാസം എത്തിയ വമ്പന്‍. ഇപ്പോഴിതാ ഏഴരക്കോടി വിലയുള്ള മറ്റൊരു സൂപ്പര്‍ കാര്‍ കൂടി എത്തിയിരിക്കുകയാണ് അംബാനിയുടെ ഗാരേജില്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  

ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ എസ്എഫ്90 സ്‌ട്രേഡേലാണ് എന്ന സ്‌പോര്‍ട്‌സ് കാറാണ് അംബാനിയുടെ ഗാരേജിലെ പുതിയ താരമെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇന്ത്യയില്‍ ഏകദേശം  7.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫെരാരിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് എസ്എഫ്90 സ്‌ട്രേഡേല്‍. ആകര്‍ഷകമായ റേസിങ്ങ് റെഡ് നിറത്തിലുള്ള മോഡലാണ് അംബാനി സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മുംബൈയിലെ വീടിന് മുന്നില്‍ നിന്നുള്ള ഈ വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കാറ്റിന്റെ വേഗതയാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വെറും 2.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിനു സാധിക്കും. 6.7 സെക്കന്റില്‍ 200 കിലോമീറ്റര്‍ വേഗതയിലെത്തും. മണിക്കൂറില്‍ 340 കിലോമീറ്ററാണ് പരമാവധി വേഗത. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനാണ് ഇതിലെ ഗിയര്‍ബോക്‌സ്. പരമ്പരാഗത ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനെക്കാള്‍ 30 ശതമാനം അധിക വേഗത ഈ ഗിയര്‍ബോക്‌സ് നല്‍കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. 

ഫെരാരിയിലെ ഏറ്റവും പവര്‍ഫുള്‍ മോഡലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെരാരിയില്‍ നിന്നുള്ള ആദ്യ ഹൈബ്രിഡ് വാഹനമെന്ന പ്രത്യേകതയും എസ് എഫ്90 സ്‌ട്രേഡേലിനുണ്ട്. ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് 4.0 ലിറ്റര്‍ വി8 എന്‍ജിനൊപ്പം മൂന്ന് ഇലക്ട്രിക്ക് മോട്ടോറുമാണ് ഈ വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 780 പി.എസ്. പവറും ഇലക്ട്രിക് മോട്ടോറുകള്‍ 220 പി.എസ്. പവറും ഉത്പാദിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് മോട്ടോറും എന്‍ജിനും ചേര്‍ന്ന് 1000 പി.എസ്. പവറാണ് ഉത്പാദിപ്പിക്കുന്നത്. 

അംബാനിക്ക് സുരക്ഷയൊരുക്കുന്നതിനായി വാങ്ങിയ ഏറ്റവും പുതിയ വാഹനങ്ങളും അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മെഴ്‌സിഡസ് ബെന്‍സിന്റെ കരുത്തന്‍ എസ്‍യുവി ജി 63 എ.എം.ജിയാണ് കഴിഞ്ഞ മാസം മുകേഷ് അംബാനിയുടെ അകമ്പടി വാഹനത്തില്‍ പുതുതായി എത്തിയത്. ഒന്നിന് എകദേശം 2.5 കോടി രൂപയോളം വില വരുന്ന പുതിയ നാലു ബെൻസ് ജി 63 എഎംജി എസ്‌യുവികളാണ് സുരക്ഷഭടന്മാർക്കായി അംബാനി വാങ്ങിയത്.