കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ലംഘിച്ചതിനെതിരെ കര്‍ശന നടപടിയാണ് മുംബൈ പൊലീസ് സ്വീകരിച്ചത്. നിരവധി വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. നിയമലംഘനത്തെ തുടർന്ന് വെറും നാല് ദിവസത്തിനുള്ളിൽ 34,000 വാഹനങ്ങൾ  മുംബൈ പൊലീസ് പിടിച്ചെടുത്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

എന്നാൽ ദിവസങ്ങള്‍ക്കകം തന്നെ ഈ വാഹനങ്ങളെല്ലാം ഉടമകള്‍ക്ക് തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് പൊലീസ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആഡംബര വാഹനങ്ങൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യതയും പാർക്കിംഗ് സ്ഥലത്തിന്റെ അഭാവവും ഒക്കെയാണ് പൊലീസിന്റെ പ്രധാന തലവേദന.

നഗരത്തിന്‍റെ കിഴക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നുള്ളവയാണ് പിടിച്ചെടുത്ത വാഹനങ്ങളിൽ ഭൂരിഭാഗവും. ആഡംബര വാഹനങ്ങളായ മേഴ്‍സിഡസ് ബെന്‍സ്, ഔഡി, ബി‌എം‌ഡബ്ല്യു തുടങ്ങിയവയൊക്കെ പിടിച്ചെടുത്ത വാഹനങ്ങളില്‍ ഉള്‍പ്പെടും. സ്ഥലം ഇല്ലാത്തതിനാല്‍ ഈ വാഹനങ്ങളില്‍ ഭൂരിഭാഗവും ഫ്ലൈ ഓവറുകള്‍ക്ക് കീഴിലും മറ്റും ഇട്ടിരിക്കുകയാണെന്നും ഇവ മോഷണം പോയാലുള്ള നാണക്കേടും പൊലീസ് ഭയക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കസ്റ്റഡിയില്‍ എടുക്കപ്പെട്ട വാഹനങ്ങൾ കൂടുതൽ കാലം സൂക്ഷിക്കുന്നത് പ്രായോഗികമല്ലെന്നും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനോ തുരുമ്പെടുക്കുന്നതിനോ സാധ്യതയുണ്ടെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. കേടുപാടുകൾ സംബന്ധിച്ച പരാതിയുമായി ഒരു വാഹന ഉടമ പോലും തങ്ങളുടെയടുത്ത് വരാൻ തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് മുംബൈയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.