ആലപ്പുഴ: ബാറിനു മുന്നിലെ സംഘർഷത്തെ തുടര്‍ന്ന് കായംകുളത്ത് യുവാവിനെ ഒരു സംഘം കാര്‍ കയറ്റി കൊന്നത് നാട് ഞെട്ടലോടെയാണ് കേട്ടത്. കരീലകുളങ്ങര സ്വദേശി ഷമീർ ഖാനാണ് കൊല്ലപ്പെട്ടത്. 

സംഭവത്തിൽ മണിക്കൂറുകൾക്കകം പ്രതികളെ കണ്ടെത്താനും ഒരാളെ കസ്റ്റഡിയിലെടുക്കാനും പൊലീസിനു സാധിച്ചിരുന്നു. ഇതിനു സഹായിച്ചത് ഇടിയുടെ ആഘാതത്തിൽ കൊല നടന്ന സ്ഥലത്ത് ഇളികിവീണ കാറിന്റെ നമ്പർ പ്ലേറ്റായിരുന്നു. ഒപ്പം കാറിലെ ജിപിഎസ് ട്രാക്കിങ് സംവിധാനവും പൊലീസിനെ തുണച്ചു. 

നമ്പർപ്ലേറ്റ് ഉപയോഗിച്ച് എരുവ സ്വദേശിനിയുടെ പേരിലുള്ള റെന്റ് എ കാറാണിതെന്നും  ഇവരുടെ ഭർത്താവാണ് വാഹനം വാടകയ്ക്കു കൊടുത്തതെന്നും പൊലീസ് തിരിച്ചറിഞ്ഞു. വാടകയ്ക്കെടുത്തയാളിൽനിന്നു രണ്ട് തവണ കൈമാറിയാണ് കൊലയാളികളുടെ പക്കൽ കാറെത്തുന്നതെന്നും പൊലീസ് കണ്ടെത്തി. 

തുടര്‍ന്ന് കാർ കിളിമാനൂരിന് സമീപത്തെ വണ്ടന്നൂരിലുണ്ടെന്ന് പൊലീസ് കണ്ടെത്തി.  കാറിലെ തന്നെ ജിപിഎസ് ട്രാക്കിങ് സംവിധാനമാണ് ഇതിന് സഹായകമായത്. അങ്ങനെ വണ്ടന്നൂരിൽ പാതയോരത്തു പാർക്ക് ചെയ്‍തിരുന്ന കാറിനെയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെയും പൊലീസ് പിടകൂടുകയും ചെയ്‍തു.