ബസ് പുറപ്പെടുന്നതു വരെ വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിര്‍ത്തിയ ബസ് ജീവനക്കാര്‍ക്ക് മുട്ടന്‍ പണി നല്‍കി സോഷ്യല്‍ മീഡിയ.

പാലക്കാട്: ബസ് പുറപ്പെടുന്നതു വരെ വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിര്‍ത്തിയ ബസ് ജീവനക്കാര്‍ക്ക് മുട്ടന്‍ പണി നല്‍കി സോഷ്യല്‍ മീഡിയ. വിദ്യാര്‍ത്ഥികള്‍ പൊരിവെയിലത്ത് നല്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലായതിനെ തുടര്‍ന്ന് അധികൃതര്‍ ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി. 

നെന്മാറ ബസ്സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.55-ഓടെയായിരുന്നു സംഭവം. പാലക്കാട്-നെന്മാറ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറുടെ ലൈസന്‍സാണ് റദ്ദാക്കിയത്. 

വിദ്യാര്‍ഥികളെ പൊരിവെയിലത്ത് നിര്‍ത്തിയതു കണ്ട ഒരു യാത്രക്കാരന്‍ ഈ ചിത്രമെടുത്ത് ഫേസ് ബുക്കില്‍ ഇടുകയായിരുന്നു. ഈ കാഴ്ച അധികൃതരിലേക്ക് എത്തുംവരെ പ്രചരിപ്പിക്കണമെന്ന അപേക്ഷയോടെ പങ്കുവച്ച ചിത്രം വൈറലായി. ബസെടുക്കുന്നതിന് അഞ്ചുമിനിറ്റ് മുമ്പാണ് പൊരിവെയിലത്ത് നിന്നും കുട്ടികളെ ബസില്‍ കയറാന്‍ അനുവദിച്ചതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഒടുവില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ അരികിലും വിവരമെത്തി. 

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്നും തെളിഞ്ഞതോടെ ഈ ബസിലെ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന്, പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്‍ഡില്‍ ഈ ബസെത്തിയപ്പോള്‍ കണ്ടക്ടറുടെ ലൈസന്‍സ് അധികൃതരെത്തി കണ്ടുകെട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.