Asianet News MalayalamAsianet News Malayalam

വൈറലാകാന്‍ വണ്ടി കൊണ്ടഭ്യാസം വേണ്ട; ഇനി പൊതുജനം പണിതരും!

ഇത്തരക്കാരെ കുടുക്കാന്‍ എട്ടിന്‍റെ പണിയുമായി മോട്ടോര്‍വാഹന വകുപ്പ്

MVD Action against traffic violations for tik tok video
Author
Trivandrum, First Published Dec 2, 2019, 12:17 PM IST

ടിക്ക് ടോക്ക് ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ അടുത്തകാലത്തായി പലതരം അഭ്യാസങ്ങളുമായി ഇറങ്ങുന്നവരുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും ഡ്രൈവര്‍മാര്‍ ഇറങ്ങി ഡാന്‍സ് ചെയ്യുക, ഇരുചക്രവാഹനങ്ങള്‍ നടക്കല്ലുകള്‍ വഴി ഇറക്കുക, ഇരു കൈയ്യും വിട്ട് ബൈക്കോടിക്കുക തുടങ്ങി അഭ്യാസങ്ങളുടെ പട്ടിക നീളുന്നു. 

ട്രാഫിക് നിയമലംഘനം ചിത്രീകരിച്ച് വീഡിയോകള്‍ ടിക് ടോക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഇത്തരക്കാരെ കുടുക്കാന്‍ എട്ടിന്‍റെ പണിയുമായി ഇറങ്ങിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. പൊതുജനങ്ങളുടെ സഹായത്തോടെ ഇത്തരക്കാരെ കുടുക്കാനാണ് നീക്കം.  ഇത്തരം വീഡിയോകല്‍ അപ്പ് ലോഡ് ചെയ്യുന്നവരെയും നിയമം ലംഘിക്കുന്നവരേയും കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹകരണം തേടുകയാണ് അധികൃതര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൂറിസ്റ്റ് ബസ്, ടോറസ് ലോറി, മിനി വാന്‍ തുടങ്ങിയ വാഹനങ്ങളില്‍നിന്ന് ഡ്രൈവര്‍ ഇറങ്ങി പാട്ടിനൊപ്പം നൃത്തം ചെയ്യുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, വാഹനങ്ങള്‍ രൂപം മാറ്റുന്ന വിധം തുടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപടിയുണ്ടാകുക. 

ഇത്തരം വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്ന പ്രൊഫൈലുകള്‍ പലതും വ്യാജമാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഈ പ്രൊഫൈലുകളുടെ ഉടമയെ കണ്ടെത്തി നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നീക്കം. 

ഇത്തരം ഗതാഗതനിയമലംഘനങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയോ ടിക് ടോക്കിലോ മറ്റ് സാമൂഹിക മാധ്യമങ്ങളിലോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരുടെ വിവരങ്ങള്‍ അറിയാവുന്നവര്‍ മോട്ടോര്‍ വാഹനവകുപ്പിലോ പോലീസിലോ അറിയിക്കണമെന്ന് അധികൃതര്‍ അറിയിക്കുന്നു. പരാതികള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഫെയ്‍സ് ബുക്കിലൂടെ അറിയിച്ചാലും നടപടിയുണ്ടാകും.

താഴപ്പറയുന്ന നമ്പറുകളില്‍ പരാതികള്‍ അറിയിക്കാം:-

കംപ്ലെയിന്റ് സെല്‍- 9446033314

വാട്‌സ് ആപ് നമ്പര്‍- 9946100100
 

Follow Us:
Download App:
  • android
  • ios