Asianet News Malayalam

മേല്‍പ്പാലത്തില്‍ വണ്ടി നിര്‍ത്തി സെല്‍ഫി, ഇനി ലൈസന്‍സ് തെറിക്കും!

ആലപ്പുഴ ബൈപ്പാസ് മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സെല്‍ഫിയെടുക്കാനും കാഴ്‍ച കാണാനും ഇറങ്ങുന്ന യാത്രികര്‍ ഇനി കരുതിയിരിക്കണം

MVD Action Against Vehicle Stopping In Alappuzha Bypass Over Bridge
Author
Alappuzha, First Published Feb 10, 2021, 2:33 PM IST
  • Facebook
  • Twitter
  • Whatsapp

അരനൂറ്റാണ്ടോളം പഴക്കമുള്ള സ്വപ്‍നമായിരുന്നു ആലപ്പുഴ ബൈപാസ്. അടുത്തിടെയാണ് ഈ സ്വപ്‍നം യാതാര്‍ത്ഥ്യമായത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോൾ തുമ്പോളി കഴിഞ്ഞ് കൊമ്മാടി ജംക്ഷൻ മുതൽ കളർകോട് വരെ 6.8 കിലോമീറ്ററോളം നീളുന്നതാണ് ആലപ്പുഴ ബൈപ്പാസ്. ആലപ്പുഴ ബീച്ച്, റെയിൽവെ എന്നിവ വഴി കടന്നുപോകുന്നതിനാൽ 3.2 കിലോമീറ്ററും മേൽപ്പാലമാണ്. സംസ്ഥാനത്ത് തന്നെ ബീച്ചിലൂടെയുളള ഏറ്റവും നീളമേറിയ മേൽപ്പാലം കൂടിയാണ് ആലപ്പുഴ ബൈപ്പാസ്. 

അതുകൊണ്ടു തന്നെ ഉദ്ഘാടനത്തിന് ശേഷം ബൈപ്പാസിൽ വലിയ തിരക്കാണ്. ഇതിനുനുളള പ്രധാന കാരണം വാഹനങ്ങൾ പാലത്തില്‍ നിർത്തി സെൽഫി എടുക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി യാത്രക്കാർ പുറത്ത് ഇറങ്ങുന്നതാണ്. ബീച്ച് വഴിയുളള മേൽപ്പാലമായതിനാലാണ് ഇങ്ങനെ സെല്‍ഫിയെടുക്കാന്‍ പലരും വണ്ടി നിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ രണ്ട് വരി മാത്രമായ മേല്‍പ്പാലത്തില്‍ വമ്പന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. 

നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് കൊമ്മാടിയില്‍നിന്നു കളര്‍കോടുവരെ ചുരുങ്ങിയനേരംകൊണ്ട് കടക്കാമെന്നതാണ് ബൈപ്പാസിന്റെ ഗുണം. എന്നാല്‍, ബൈപ്പാസില്‍നിന്നുള്ള കടല്‍ക്കാഴ്ച കാണാന്‍ വലിയതിരക്കാണ് വൈകുന്നേരങ്ങളില്‍. ഇതു മേല്‍പ്പാലത്തില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ബീച്ചിൽ ആളെത്തുന്ന ഞായറാഴ്ചയും പ്രധാന ആഘോഷ ദിവസങ്ങളിലും മേൽപ്പാലത്തിൽ അസ്‍തമയം പകർത്താനും കാഴ്ച കാണാനുമായി വാഹനം ഒതുക്കുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പന്ത്രണ്ട് മണിക്ക് ശേഷവും മേൽപ്പാലത്തിൽ ബീച്ച് വശത്ത് വാഹനങ്ങൾ ഒതുക്കി കടൽക്കാറ്റ് കൊളളാൻ നിന്നവരെ പൊലീസ് എത്തിയാണ് ഓടിച്ചത്.

എന്തായാലും ആലപ്പുഴ ബൈപ്പാസ് മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സെല്‍ഫിയെടുക്കാനും കാഴ്‍ച കാണാനും ഇറങ്ങുന്ന യാത്രികര്‍ ഇനി കരുതിയിരിക്കണം. കാരണം കര്‍ശന നടപടിയുമായി എത്തുകയാണ് മോട്ടോര്‍വാഹന വകുപ്പും പൊലീസും എന്നാണ് റിപ്പോര്‍ട്ടുകള്‍.  ബൈപ്പാസില്‍ അപകടങ്ങള്‍ കൂടിയതോടെയാണ് ദേശീയപാതാ വിഭാഗവും മോട്ടോര്‍വാഹന വകുപ്പും കര്‍ശന നടപടിക്ക് തയ്യാറെടുക്കുന്നത്. മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ ബുധനാഴ്ച മുതല്‍ പിഴ ചുമത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗതാഗതം തടസ്സപ്പെടുത്തിയതിന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ക്കാണ് നീക്കം.

ആദ്യം 250 രൂപ പിഴ ഈടാക്കും. കൂടാതെ ആറു മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുമാണ് നീക്കം. മാത്രമല്ല കാല്‍നടയാത്രയും ഇവിടെ നിരോധിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പുകള്‍ നല്‍കുന്ന ബോര്‍ഡുകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കും. നോ സ്റ്റാന്‍ഡിങ്, നോ സ്റ്റോപ്പിങ് എന്നെഴുതിയ ബോര്‍ഡുകളാണ് സ്ഥാപിക്കുക. എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തിലും അവസാനവുമായി കാല്‍നടയാത്ര നിരോധിക്കുമെന്ന ബോര്‍ഡും സ്ഥാപിക്കും. 

ബൈപ്പാസിലെ പരിശോധനയും മോട്ടോര്‍ വാഹനവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ബീച്ചിനു സമാന്തരമായെത്തുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തി സെല്‍ഫിയെടുക്കാനാണ് തിരക്ക്. ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അമിതവേഗത്തിലാണ് ഇതുവഴി പോകുന്നത്. ഇതിനിടെ കൊമ്മാടിഭാഗത്തുനിന്ന് വരുന്ന വാഹന യാത്രക്കാര്‍ ഇറങ്ങി എതിര്‍വശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ അപകടമുണ്ടാകും. ഇതു തടയുന്നതിന് പ്രത്യേക സംഘങ്ങളായാണ് പരിശോധനയ്ക്ക് ഇറങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാഹനയാത്രക്കാരുടെ ആശയക്കുഴപ്പവും അപകടവും ഒഴിവാക്കാന്‍ കളര്‍കോട്, കൊമ്മാടി ജങ്ഷനുകളില്‍ മീഡിയന്‍ നീട്ടിയിരുന്നു. കൊമ്മാടിയില്‍ പ്ലാസ്റ്റിക് സേഫ്റ്റികോണ്‍ ഉപയോഗിച്ച് താത്കാലിക മീഡിയന്‍ സ്ഥാപിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്.

Follow Us:
Download App:
  • android
  • ios